തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകൾക്ക് കോൺഗ്രസ് ഹൈകമാൻഡ് വാ മൂടുമ്പോഴും ഒളിഞ്ഞും തെളിഞ്ഞുമുള്ള നീക്കങ്ങളും പരാമർശങ്ങളും തുടരുന്നു. ചർച്ചകളിൽ വി.ഡി സതീശന്റെ പേരുയർന്നതിന് പിന്നാലെ മറുവിഭാഗങ്ങൾ ബദൽനീക്കം തുടങ്ങിയതിന്റെ മുറുമുറുപ്പുകളാണ് പാർട്ടി കേന്ദ്രങ്ങളിൽനിന്ന് ഉയരുന്നത്.
അതേസമയം, എറണാകുളത്തുനിന്നാകും മുഖ്യമന്ത്രിയെന്ന പരാമർശം എറണാകുളം ഡി.സി.സി പ്രസിഡന്റ് ഷിയാസ് തിരുത്തിയിരുന്നു. എക്കാലത്തും കോൺഗ്രസ് സ്വീകരിച്ച പ്രായോഗിക പ്രക്രിയ ഉണ്ടെന്നും അതിലൂടെതന്നെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്നായിരുന്നു ഷിയാസിന്റെ ഞായറാഴ്ചയിലെ പ്രതികരണം. ഈ തിരുത്തോടെ കസേരച്ചർച്ചക്ക് താത്കാലിക വിരാമം പ്രതീക്ഷിച്ചെങ്കിലും അവിടെയും നിന്നില്ല. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പരാമർശങ്ങളാണ് പുതിയ ചർച്ചക്ക് വഴിമരുന്നിട്ടത്. കെ.സി വേണുഗോപാലിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നതിനെ കുറിച്ചുള്ള ചാനൽ അഭിമുഖത്തിലെ ചോദ്യത്തിന് സാധ്യത തള്ളാതെയായിരുന്നു പ്രസിഡന്റിന്റെ പ്രതികരണം.
‘‘സ്വാഭാവികമായും പേരുകൾ പലതും വരാം. എ.ഐ.സി.സിക്ക് അതിന്റെ നടപടിക്രമങ്ങളുണ്ട്. അതനുസരിച്ച് പല പേരുകളും വരും. എം.എൽ.എമാരുടെ അഭിപ്രായം പരിഗണിച്ച് ഹൈകമാൻഡിന്റെ അഭിപ്രായത്തിലാണ് വരുകയോ വരാതിരിക്കുകയോ ചെയ്യുന്നത്’’ എന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. നിലവിലെ എം.എൽ.എമാരിൽ നിന്നായിരിക്കുമല്ലോ മുഖ്യമന്ത്രി എന്ന മറ്റൊരു ചാനൽ അഭിമുഖത്തിലെ ചോദ്യത്തിന് ‘അതൊന്നും ഞാൻ പ്രഖ്യാപിക്കേണ്ടത് അല്ലല്ലോ’ എന്നായിരുന്നു പ്രതികരണം. ഹൈകമാൻഡ് തീരുമാനിച്ചാൽ കെ.സി വേണുഗോപാൽ വന്നാലും അസ്വാഭാവികതയില്ലെന്നാണ് സണ്ണി ജോസഫ് പറയാതെ പറയുന്നത്.
കെ.സി വേണുഗോപാലിന്റെ പേര് നേരത്തെ കേട്ടെങ്കിലും എം.പിമാർ ആരും മത്സരിക്കേണ്ടെന്ന നിലപാടിൽ ആ വഴയടഞ്ഞിരുന്നു. കെ.സുധാകരന്റെ സ്ഥാനാർഥിത്വ നീക്കങ്ങൾ സൃഷ്ടിച്ച അനിശ്ചിതത്വം അവസാനിപ്പിച്ചായിരുന്നു ഹൈകമാൻഡിന്റെ ഈ പൊതുസമീപനം.
തെരഞ്ഞെടുപ്പിന് ശേഷം വി.ഡി സതീശനെയും രമേശ് ചെന്നിത്തലയെയും കേന്ദ്രീകരിച്ചുള്ള ചർച്ചകൾ അണിയറയിൽ നടക്കുമ്പോഴാണ് സംസ്ഥാന പ്രസിഡന്റ് തന്നെ ഒരു പേര് കൂടി ഇതിലേക്ക് വലിച്ചിട്ടത്. ഇത് ബോധപൂർവമോ അല്ലാതെയോ എന്നതിൽ പാർട്ടിക്കുള്ളിൽ ചർച്ചയുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ, എന്നാൽ മുന്നണിക്ക് ഭൂരിപക്ഷം കിട്ടുന്ന സാഹചര്യമുണ്ടായാൽ കെ.സി വേണുഗോപാൽ എത്തുമെന്ന അടക്കിപ്പിടിച്ച സംസാരം നേരത്തെ തന്നെ പാർട്ടിയിലുണ്ട്. വടക്കൻ ജില്ലയിലെ കോൺഗ്രസിന്റെ ഒരു ഉറച്ച സീറ്റിലാകും ജനവിധി തേടുകയെന്നും പറഞ്ഞുകേട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സാഹചര്യം. എന്നാൽ, ഇത്തരം ചർച്ചകൾ അനവസരത്തിലെന്നാണ് കെ.മുരളീധരൻ, വി.എം സുധീരൻ എന്നിവർക്ക് പുറമേ മുസ്ലിം ലീഗ് അടക്കം ഘടകകക്ഷികളുടെയും അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.