മുംബൈ: അതിരുകൾ മായ്ച്ച് ദശലക്ഷക്കണക്കിന് ഹൃദയങ്ങളിൽ പ്രണയവും വിരഹവും ഉന്മാദവും ചാലിച്ച ശബ്ദം ബാക്കിവെച്ചാണ് രാജ്യത്തെ ഇതിഹാസ ഗായിക ആശ ഭോസ്ലെ വിടവാങ്ങുന്നത്. ജ്യേഷ്ഠ സഹോദരി ലത മങ്കേഷ്കർക്കു പിന്നാലെ ആശയും വിടവാങ്ങുമ്പോൾ ഹിന്ദി സിനിമ രംഗത്ത് എട്ട് പതിറ്റാണ്ട് നീണ്ട സുവർണകാലത്തിന് തിരിശ്ശീല വീഴുന്നു. ലത(2022ൽ)യെപ്പോലെ 92ാം വയസ്സിലാണ് ആശയും വിടവാങ്ങുന്നത്.
‘ദീദി’യുടെ നിഴലായി പിന്നണി ഗാനരംഗത്തെത്തിയ ആശ ആ നിഴലിൽനിന്ന് പുറത്തുകടന്ന് സ്വയം അടയാളപ്പെടുത്തി. ഒരേ സ്വരമായിരുന്നു ഇരുവർക്കും. ലതയുടെ പാട്ട് കേട്ട് അത് തന്റേതാണെന്ന് ഒരു ആരാധകൻ തെറ്റിദ്ധരിച്ചതോടെ ആശ തന്റെതായ ശൈലിക്കായി ശ്രമം തുടങ്ങി. ലതക്ക് സമാനമായ ശബ്ദവുമായി അവരുടെ നിഴലായി തുടർന്നാൽ തിരിച്ചറിയപ്പെടില്ലെന്ന് ആശ ഭയന്നു.
അതോടെ ഇംഗ്ലീഷ് സിനിമകളും ആൽബങ്ങളും കണ്ട് അവരുടെ സ്വര വൈവിധ്യമാർന്ന ശൈലി സൂക്ഷ്മമായി നിരീക്ഷിച്ചുതുടങ്ങി. വിവിധ ശൈലികളിലുള്ള ആലാപനത്തിന് ശബ്ദ മോഡുലേഷനുകൾ സ്വായത്തമാക്കി. ആ സ്വയം പരിശീലനം കാലങ്ങളെ അതിജയിച്ച സംഗീത പരീക്ഷണങ്ങളിൽ തുണയായി. പോപ്, കാബറെ, റോക്ക്, ഡിസ്കൊ, ഗസൽ, ക്ലാസിക്കൽ തുടങ്ങി ഏതും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു.
നായികമാർ അന്നത്തെ കുടുംബ സങ്കൽപങ്ങൾക്കൊത്താകണമെന്ന് കരുതിയ കാലത്ത് നേരെയുള്ള പാട്ടുകൾക്ക് ലതയെ ഉപയോഗിച്ച സംഗീത സംവിധായകർ വൈകാരികതയടങ്ങിയ ശബ്ദ മോഡുലേഷനുകളുള്ള ഗാനങ്ങൾക്ക് ആശയെ വിളിച്ചു. ലതയേയും ആശയേയും വേർപെടുത്തുക എളുപ്പമല്ലെങ്കിലും ഇരുവർക്കുമിടയിൽ ശക്തമായ മത്സരമുണ്ടായിരുന്നു, പിണക്കങ്ങളും. ഒന്നും അതിരുവിട്ടില്ലെന്ന് ഒരിക്കൽ ആശ അഭിമുഖത്തിൽ പറഞ്ഞു. 16ാം വയസ്സിൽ ഗൺപത്റാവു ഭോസ്ലെക്കൊപ്പം പോയതോടെ വർഷങ്ങളോളം ഇരുവരും പരസ്പരം കണ്ടും മിണ്ടിയുമില്ല. ആശയുടെ ഒമ്പതാം വയസ്സിലാണ് അച്ഛൻ മരിച്ചത്.
അന്നുമുതൽ നിഴലായി ചേർത്തുനിർത്തിയ ‘ദീദി’ 2022ൽ വിടവാങ്ങിയതോടെ ആശയും പിൻവലിഞ്ഞുതുടങ്ങി. സംഗീതമാണ് തന്റെ ശ്വാസമെന്നു പറഞ്ഞ ആശ ഇന്ന് ശ്വാസം നിലച്ച് നിശ്ചലയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.