തിരുവനന്തപുരം: കോളജ് ഡേയിൽ പങ്കെടുക്കാത്ത വിദ്യാർഥികൾക്ക് പിഴ ചുമത്തി സ്വാശ്രയ കോളജ് പ്രിൻസിപ്പലിന്റെ വിചിത്ര ഉത്തരവ്. തിരുവനന്തപുരം മൈലം ചെറിയകൊണ്ണിയിലെ ഐ.എം.ഡി.ആർ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പലാണ് കഴിഞ്ഞ 30ന് നടന്ന കോളജ് ഡേയിൽ പങ്കെടുക്കാത്ത വിദ്യാർഥികൾക്ക് 250 രൂപ വീതം പിഴയിട്ട് ഉത്തരവിറക്കിയത്.
പരിപാടിക്ക് സംഭാവന നൽകാത്തവർക്ക് 500 രൂപ പിഴ ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നു. കോളജ് ഡേയിൽ പങ്കെടുക്കാതിരിക്കുകയും സംഭാവന നൽകാതിരിക്കുകയും ചെയ്തവർക്ക് 750 രൂപയാണ് പിഴ. പിഴ നൽകാൻ വിസമ്മതിക്കുന്ന വിദ്യാർഥികളുടെ പരീക്ഷ ഹാൾ ടിക്കറ്റ് തടഞ്ഞുവെക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു. ചട്ടവിരുദ്ധ സർക്കുലർ രക്ഷാകർത്താക്കൾ സർവകലാശാലയുടെ ശ്രദ്ധയിൽപെടുത്തിയതിന്റെ അടിസ്ഥാനത്തിൽ കേരള സർവകലാശാല വൈസ്ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പ്രിൻസിപ്പലിൽ നിന്ന് അടിയന്തിര വിശദീകരണം തേടി. ഏത് നിയമത്തിന്റെ പിൻബലത്തിലാണ് സർക്കുലർ ഇറക്കിയതെന്ന് വ്യക്തമാക്കാൻ കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.