തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാംവർഷ ബി.ഡി.എസ് വിദ്യാർഥി തിരുവനന്തപുരം നെടുമങ്ങാട്ടെ നിതിൻ രാജ് കെട്ടിടത്തിൽനിന്ന് വീണു മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി സഹോദരി. നിതിനെ പുഴുത്ത പട്ടിയെന്ന് വളിച്ചെന്നും വായിക്കാനും എഴുതാനും അറിയില്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ചെന്നും സഹോദരി നിഖിത ആരോപിക്കുന്നു.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലെത്തിച്ചപ്പോൾ നെഞ്ചുലക്കുന്ന കാഴ്ചക്കാണ് സാക്ഷിയായത്. മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു. കണ്ടുനിന്നവരുടെയെല്ലാം കണ്ണുകൾ നിറഞ്ഞു. കോളജിലെ അധ്യാപകരിൽനിന്ന് നിതിന് ഗുരുതരമായ മാനസിക പീഡനം നേരിടേണ്ടി വന്നിരുന്നതായി നിഖിത വെളിപ്പെടുത്തി. അവർ അവനെ തെരുവ് പട്ടി എന്നാണ് വിളിച്ചിരുന്നത്. എഴുത്തും വായനയും അറിയില്ലെന്നും നീ എവിടെയാണ് പഠിച്ചതെന്നും ചോദിച്ച് അധിക്ഷേപിച്ചു.
മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന് മുകളിൽനിന്നാണ് നിതിൻ താഴേക്ക് വീണത്. എന്നാൽ അവന് അവിടെ പോകേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ല. പലരിൽ നിന്നും പലതരത്തിലുള്ള അധിക്ഷേപങ്ങൾ അവന് നേരിടേണ്ടി വന്നിട്ടുണ്ടെന്നും നിഖിത പറയുന്നു.
നിറത്തിന്റെ പേരിൽ പോലും അധ്യാപകൻ അധിക്ഷേപിച്ചിരുന്നു. പല കുട്ടികൾക്കും സമാന അനുഭവം നേരിടേണ്ടു വന്നിട്ടുണ്ട്. ‘പുഴുത്ത പട്ടി, പേപ്പട്ടി’ എന്നിങ്ങനെ വിളിച്ചായിരുന്നു അധിക്ഷേപം. ക്ലാസിൽ വെച്ച് നിതിന്റെ ഉത്തരക്കടലാസുകൾ മറ്റ് വിദ്യാർഥികൾക്ക് കൈമാറി അധ്യാപകൻ പരസ്യമായി പരിഹസിച്ചു. ഈ സമയത്ത് നിതിനെ നോക്കി ചിരിക്കാൻ മറ്റ് വിദ്യാർഥികളെ ഇയാൾ നിർബന്ധിച്ചിരുന്നു. കളിയാക്കുമ്പോൾ ചിരിക്കാത്ത കുട്ടികളെ അധ്യാപകൻ മർദിച്ചിരുന്നതായും സഹോദരി ആരോപിക്കുന്നു. കൂടാതെ, ഹോസ്റ്റലിലും കടുത്ത വിവേചനമാണ് നേരിടേണ്ടി വന്നത്. പനി വന്ന സമയത്ത് നിതിനെ ഹോസ്റ്റൽ മുറിയിൽ നിന്ന് മാറ്റി സിക്ക് റൂമിൽ ഒറ്റക്ക് പാർപ്പിച്ചു. നിതിനെ ഹോസ്റ്റലിൽ നിർത്താൻ അധികൃതർക്ക് താൽപര്യമില്ലായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
മരിക്കുന്നതിന്റെ തലേദിവസം രാത്രി പതിനൊന്നര വരെ നിതിൻ വീട്ടുകാരുമായി വിഡിയോ കോളിൽ വളരെ സന്തോഷത്തോടെ സംസാരിച്ചിരുന്നുവെന്നും യാതൊരുവിധത്തിലുള്ള മാനസിക പ്രയാസങ്ങളും അവനില്ലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും, മരിക്കുന്ന അന്ന് നാട്ടിലേക്ക് വരാൻ അവൻ ടിക്കറ്റ് എടുത്തിരുന്നതായും സഹോദരി ഭർത്താവ് അശോക് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ‘കോളജിന്റെ മുകളിൽ നിന്ന് ചാടി എന്നാണ് അധികൃതർ ആദ്യം വിളിച്ചറിയിച്ചത്, എത്രയും പെട്ടെന്ന് വരണമെന്ന് മാത്രമാണ് പറഞ്ഞത്. എന്നാൽ മരണവിവരം ഞങ്ങൾ വാർത്തകളിലൂടെയാണ് അറിയുന്നത്. കോളജ് അധികൃതർ അത് ഔദ്യോഗികമായി അറിയിച്ചില്ല’ -അദ്ദേഹം വ്യക്തമാക്കി.
നിതിൻരാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകരെ സസ്പെൻഡ് ചെയ്തിരുന്നു. ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോസിയേറ്റ് പ്രഫസർ ഡോ. സംഗീത എന്നിവരെയാണ് മെഡിക്കൽ കോളജ് അധികൃതർ സസ്പെൻഡ് ചെയ്തത്. ദന്തവിഭാഗം അധ്യാപകര്‍ക്കെതിരെ നിധിൻ രാജിന്റെ കുടുംബം ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. എന്നാൽ, ജാതിഅധിക്ഷേപവുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചിട്ടില്ലെന്നും പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും പ്രിൻസിപ്പൽ വിനോദ് മോനി വ്യക്തമാക്കി.
ആർ.എൽ. നിതിൻരാജ് വെള്ളിയാഴ്ച ഉച്ചക്ക് 1.45നാണ് മെഡിക്കൽ കോളജ് കെട്ടിടത്തിൽനിന്ന് ചാടി മരിച്ചത്. കോളജിന്‍റെ ഭാഗത്തുനിന്ന് അന്വേഷണ സമിതി രൂപവത്കരിച്ചതായും പ്രിൻസിപ്പൽ അറിയിച്ചു. ആരോപണ വിധേയരെ സസ്പെൻഡ് ചെയ്ത് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനാണ് തീരുമാനം. സീനിയേഴ്സിന്‍റെ ഭാഗത്തുനിന്ന് റാഗിങ് നേരിട്ടെന്ന രീതിയിലുള്ള പരാതികളും ലഭിച്ചില്ലെന്നാണ് പ്രിൻസിപ്പലിന്‍റെ വിശദീകരണം.
ജാതിയുടെയും സാമ്പത്തികത്തിന്റെയും പേരിൽ നിധിനെ ആക്ഷേപിച്ചെന്ന ഗുരുതര ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് നിതിൻ ഇവിടെ ബി.ഡി.എസിന് മെറിറ്റിൽ പ്രവേശനം നേടി നേടി പഠനമാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.