കണ്ണൂർ: കണ്ണൂരിൽ ബി.ഡി.എസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിന്റെ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകൾ നടത്തുന്ന ഹർത്താൽ നാളെ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ സംസ്ഥാന വ്യാപകമായാണ് ഹർത്താൽ നടത്തുന്നത്. ഹർത്താലിൽ നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്നും ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും നിതിൻ രാജ് ആക്‌ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
അവശ്യ സർവിസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കും. കണ്ണൂരിൽ സ്വകാര്യ ബസ് സർവിസ് മുടങ്ങില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി രാജ് കുമാർ കരുവാരത്ത് അറിയിച്ചു. കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചു. സ്വകാര്യ വാഹനങ്ങൾ തടയുമെന്നും പൊതുജനങ്ങൾ സഹകരിക്കണമെന്നും ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.
52 ദലിത് സംഘടനകളാണ് ഹർത്താലിന് നേതൃത്വം നൽകുന്നത്. രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക, ജുഡീഷ്യൽ മേൽനോട്ടത്തിൽ കേസന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് ഹർത്താൽ. ജസ്റ്റിസ് ഫോർ നിധിൻരാജ് ആക്‌ഷൻ കൗൺസിലും ദലിത് ആദിവാസി സംഘടനകളുമാണ് ഹർത്താൽ നടത്തുന്നത്.
കോളജ് മാനേജ്മെന്റിനേയും അധ്യാപകരേയും രക്ഷിക്കാൻ ലോൺ വായ്പയുടെ പേരിലുള്ള ആത്മഹത്യയാക്കി മാറ്റാനുള്ള പൊലീസ് ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടും. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപിക ഡോ. കെ.ടി. സംഗീത നമ്പ്യാര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതില്‍ അതൃപ്തിയുണ്ടെന്ന് നിതിന്റെ പിതാവ്. സംഗീതക്കും ഡോ. എം.കെ. റാമിനുമെതിരെ പൊലീസിന് വ്യക്തമായ മൊഴി നൽകിയതാണ്. സംഗീതയും കുറ്റവാളിയാണ്. പൊലീസ് ഒത്തുകളിക്കുകയാണ്.
ലജ്ജാകരമായ വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും പിതാവ് പറഞ്ഞു. മകന്‍ ഒരിക്കലും ആത്മഹത്യ ചെയ്തതല്ല. ഞാന്‍ അവിടെ പോയി കണ്ടതാണ്. ആ സ്ഥലത്തേക്ക് അത്രയും ഉയരത്തുനിന്ന് ഒരാള്‍ വീണാല്‍ തല ഉള്‍പ്പെടെ ചിതറിപ്പോകും. എന്നാല്‍, നിതിന് അത്തരം പരുക്കുകളൊന്നും ഉണ്ടായിരുന്നില്ല. അടിമുടി ദുരൂഹതയാണുള്ളത്. ഒരു കാരണവശാലും സംഗീതക്ക് ജാമ്യം അനുവദിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് കുടുംബത്തിന്റെ നിലപാടെന്നും പിതാവ് പറഞ്ഞു.
പിന്തുണ -കെ.പി.എസ്.എം
കണ്ണൂർ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് ദലിത് സംഘടനകൾ 28ന് പ്രഖ്യാപിച്ച ഹർത്താലിന് കേരള പിന്നാക്ക സമുദായ മുന്നണി (കെ.പി.എസ്.എം) പിന്തുണ പ്രഖ്യാപിച്ചു. കേസ് അന്വേഷണത്തിൽ പൊലീസ് പുലർത്തുന്ന നിസ്സംഗതയിലും പ്രതികളെ സംരക്ഷിക്കാനുള്ള നീക്കങ്ങളിലും പ്രതിഷേധിച്ചാണ് ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്. പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേസ് സ്വതന്ത്ര ഏജൻസിക്ക് കൈമാറണമെന്നും പ്രതികളായ അധ്യാപകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സംസ്ഥാന പ്രസിഡന്റ് കെ.വി. പത്മനാഭനും ജനറൽ സെക്രട്ടറി എസ്. അൻവറും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.