കോഴിക്കോട്: വടകരയില്‍ കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കോമയില്‍ കഴിയുന്ന ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചു. വടകര എം.എ.സി.ടി കോടതിയാണ് കേസിൽ വിധി പറഞ്ഞത്. തുക ഇന്‍ഷൂറന്‍ കമ്പനി നല്‍കണമെന്നും മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ കോടതി ഉത്തരവിട്ടു. ഹൈകോടതിയുടെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഇടപെടലാണ് കേസില്‍ നിർണായകമായത്.
ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോകുകയായിരുന്നു. അപകടത്തിൽ ദൃഷാനയുടെ മുത്തശ്ശി തൽസമയം മരിച്ചു. സംഭവം നടന്ന് പത്ത് മാസത്തിന് ശേഷം മാധ്യമ വാർത്തകൾ നിരന്തരം വന്നതിനെ തുടർന്നാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. പ്രതിയെ പൊലീസ് കണ്ടെത്തിയതും വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതിയെ നാട്ടിലെത്തിച്ചതും വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു.
എന്നാല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഏഴ് മാസമായിട്ടും കുടുംബത്തിന് അപകട ഇന്‍ഷുറന്‍സ് തുക ലഭിച്ചിരുന്നില്ല. കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പൊരുതുകയാണ് ദൃഷാന. പാവപ്പെട്ട മാതാപിതാക്കള്‍ തുടര്‍ചികിത്സക്ക് വലിയ സാമ്പത്തിക പ്രയാസമാണ് നേരിടുന്നത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17 ന് രാത്രിയാണ് വടകര ചോറോട് വെച്ച് ദൃഷാനയെയും മുത്തശ്ശി ബേബിയേയും അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയത്. അപകടത്തിൽ ദൃഷാനയുടെ മുത്തശ്ശി മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോമ സ്ഥിതിയില്‍ കഴിയുന്ന ദൃഷാനയുടെ ദുരിത ജീവിതത്തെക്കുറിച്ചും ഇടിച്ചിട്ട കാര്‍ കണ്ടെത്താത്ത പൊലീസ് അനാസ്ഥയെക്കുറിച്ചും വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ഹൈകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. പിന്നീട് പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതിന് ശേഷമാണ് പ്രതിയെ പിടികൂടിയത്.
അസാധാരണമായ അന്വേഷണത്തിനൊടുവില്‍ ഇടിച്ചിട്ട കാര്‍ പൊലീസ് കണ്ടെത്തി. വിദേശത്തേക്ക് കടന്ന പ്രതി പുറമേരി സ്വദേശി ഷെജീലിനെ നാട്ടിലെത്തിച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അശ്രദ്ധമൂലം ഉണ്ടായ മരണത്തിനും ഇൻഷുറൻസ് തുക തട്ടാൻ വ്യാജ രേഖ ചമച്ചതിനും ഷെജീലിനെതിരെ രണ്ടു കേസുകളാണ് എടുത്തിരുന്നത്. കാർ മതിലിൽ ഇടിച്ചു വെന്ന് കാട്ടി ഇൻഷുറൻസ് കമ്പനിയിൽ നിന്ന് 36,000 രൂപ തട്ടിയതിനാണ് വ്യാജ രേഖ ചമച്ചതിനടക്കമുള്ള വകുപ്പുകൾ ചേർത്ത് നാദാപുരം പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.