പട്ടാമ്പി (പാലക്കാട്): സഹോദരങ്ങളോടൊപ്പം ഉറങ്ങുകയായിരുന്ന ഒമ്പത് വയസ്സുകാരൻ കുത്തേറ്റ് മരിച്ചു. നടുവട്ടം കൂർക്കപ്പറമ്പ് പാട്ടാരത്തിൽ ഇബ്രാഹിമിെൻറ മകൻ മുഹമ്മദ് ഇബ്രാഹിമാണ് കൊല്ലപ്പെട്ടത്. കുത്തേറ്റ മറ്റൊരു സഹോദരൻ അഹമ്മദ് ഇബ്രാഹിമിനെ (ഏഴ്) പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇവരുടെ സഹോദരനും മൈക്രോബയോളജി അവസാന സെമസ്റ്റർ വിദ്യാർഥിയുമായ നബീൽ ഇബ്രാഹിമിനെ (23) അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സുളൂരിലെ സ്വകാര്യ കോളജിൽ പഠിക്കുന്ന നബീൽ വെള്ളിയാഴ്ചയാണ് വീട്ടിലെത്തിയത്. ഇതേദിവസംതന്നെ വിദേശത്തുള്ള പിതാവ് ഇബ്രാഹിമും നാട്ടിലെത്തിയിരുന്നു.
പൊലീസ് പറയുന്നത് ഇങ്ങനെ: ശനിയാഴ്ച രാത്രി 12ഒാടെ കുട്ടികളുടെ കരച്ചിൽ കേട്ടാണ് അടുത്തമുറിയിൽ ഉറങ്ങുകയായിരുന്ന ബിരുദവിദ്യാർഥിനിയായ സഹോദരി നജ്‌വ പുറത്തുവന്നത്. ആസമയം രണ്ട് കുട്ടികളും രക്തത്തിൽ കുളിച്ചുകിടക്കുകയും നബീൽ ഇബ്രാഹിം കത്തിയുമായി അടുത്തുനിൽക്കുകയുമായിരുന്നു. മാതാപിതാക്കളുടെ കിടപ്പുമുറി പുറത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. ഉടൻ വാതിൽ തുറന്ന് ഇരുവരെയും വിവരമറിയിച്ചു. ഇതിനിടെ, നാട്ടുകാരുമെത്തി. ഉടൻ കുട്ടികളെ വളാഞ്ചേരി ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മുഹമ്മദ് ഇബ്രാഹിം മരിച്ചിരുന്നു.
നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് ഡോക്ടർ പറഞ്ഞു. കുട്ടി മരിച്ചതോടെ നബീൽ ഇബ്രാഹിമിനെ വളാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്ത് പട്ടാമ്പി പൊലീസിന് കൈമാറി. മൃതദേഹം തൃശൂർ മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പാലക്കാട്ടുനിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. അറസ്റ്റ് രേഖപ്പെടുത്തിയ നബീൽ വീട്ടിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. കത്തി വീടിന് മുന്നിലെ മരച്ചുവട്ടിൽനിന്ന് കണ്ടെടുത്തു. സംഭവം പൊലീസിന് നബീൽ ഇബ്രാഹിം വിവരിച്ചുകൊടുത്തു. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
മയക്കുമരുന്നിന് അടിമയാണ് നബീലെന്ന് സൂചനയുണ്ട്. എന്നാൽ, ഇതിന് തെളിവ് ലഭിച്ചിട്ടില്ലെന്ന് കൊപ്പം എസ്.ഐ എം.ബി. രാജേഷ് പറഞ്ഞു. മാതാപിതാക്കൾക്ക് സഹോദരങ്ങളോടാണ് കൂടുതൽ സ്നേഹമെന്ന് നബീൽ കരുതിയിരുന്നെന്നും ഇതിലെ പകയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നു൦ എസ്.ഐ പറഞ്ഞു. ഒരുമിച്ചുകിടക്കാമെന്ന് പറഞ്ഞ് നബീൽതന്നെയാണ് രണ്ട് സഹോദരന്മാരെയും കൂടെക്കിടത്തിയതെന്നും പറയുന്നു. നരിപ്പറമ്പ് ഗവ. യു.പി സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച മുഹമ്മദ് ഇബ്രാഹിം. നെടുങ്ങോട്ടൂർ എ.എൽ.പി സ്‌കൂളിൽ മൂന്നാം ക്ലാസുകാരനാണ് പരിക്കേറ്റ അഹമ്മദ് ഇബ്രാഹിം. മാതാവ് താഹിറ നെടുങ്ങോട്ടൂർ സ്‌കൂളിലെ അധ്യാപികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.