തിരുവനന്തപുരം: നിലമ്പൂര്‍ രാധ വധക്കേസിൽ പ്രതികളെ വെറുതെ വിട്ട ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. സാഹചര്യത്തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയ വസ്തുക്കളും ശരിയായ വിധം കോടതി വിലയിരുത്തിയിട്ടില്ലെന്നാണ് സുപ്രീംകോടതിയിൽ സർക്കാർ നൽകിയ അപ്പീലിൽ പറയുന്നത്.
2014ലാണ് കേസിനാസ്പദമായ സംഭവം. നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫിസ് ജീവനക്കാരി രാധയാണ് (49) കൊല്ലപ്പെട്ടത്. ഫെബ്രുവരി അഞ്ച് മുതല്‍ രാധയെ കാണാതാവുകയായിരുന്നു. ഫെബ്രുവരി 10ന് ചുള്ളിയോട് ഉണ്ണിക്കുളത്ത് കുളത്തില്‍ മൃതദേഹം കണ്ടെത്തി. അന്നു തന്നെ പ്രതികളെ പൊലീസ് പിടികൂടി. ഒന്നാം പ്രതി ബിജു നായരും രണ്ടാം പ്രതി ഷംസുദ്ദീനുമാണ് പിടിയിലായത്.
പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. രാവിലെ ഓഫീസ് അടിച്ചുവാരാന്‍ എത്തിയ രാധയെ കഴുത്ത് ഞെരിച്ച് കൊന്ന് ചാക്കിലാക്കി കുളത്തില്‍ ഉപേക്ഷിച്ചെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചിരുന്നു. രഹസ്യ ബന്ധങ്ങള്‍ പുറത്തുപറയുമെന്ന രാധയുടെ ഭീഷണിയെ തുടർന്ന് ബിജു സുഹൃത്ത് ഷംസുദ്ദീന്‍റെ സഹായത്തോടെ കൊലപാതകം നടത്തിയെന്നാണ് പൊലീസ് കേസ്.
രാധയുടെ വസ്ത്രങ്ങള്‍ കത്തിച്ചു. സിം ഊരിയശേഷം മൊബൈൽ ഫോൺ പല ഭാഗങ്ങളായി വലിച്ചെറിഞ്ഞതായും പൊലീസ് പറഞ്ഞിരുന്നു. രണ്ടാം പ്രതിയുടെ വീട്ടിൽ നിന്ന് രാധയുടെ ആഭരണങ്ങൾ കണ്ടെത്തിയതടക്കം കാര്യങ്ങൾ ഹൈകോടതി കണക്കിലെടുത്തില്ലെന്നും സർക്കാറിന്‍റെ അപ്പീലിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.