നിലമ്പൂര്‍ ഏറ്റുമുട്ടല്‍: പൊലീസിനെതിരെ കേസെടുത്തു

കോഴിക്കോട്: നിലമ്പൂര്‍ കരുളായി വനത്തില്‍ മാവോവാദികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ പൊലീസിനെതിരെ കേസെടുത്തു. പി.യു.സി.എല്‍ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. പി.എ. പൗരന്‍െറ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.

മലപ്പുറം എസ്.പി ദേബേഷ് കുമാര്‍ ബെഹ്റ, തണ്ടര്‍ബോള്‍ട്ട് സ്പെഷല്‍ ഓഫിസര്‍ വിജയകുമാര്‍, സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് ജാഫര്‍ മാലിക് എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായാണ് വിവരം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ക്രൈംബ്രാഞ്ച് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായക്കു നല്‍കിയ പരാതിയില്‍ പൗരന്‍ ആവശ്യപ്പെട്ടത്. വെടിവെപ്പില്‍ കൊല്ലപ്പെട്ട കുപ്പു ദേവരാജ്, അജിത എന്നിവരെ പ്രതികളാക്കിയാണ് നേരത്തെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മഹാരാഷ്ട്രയില്‍ നടന്ന 175 ഏറ്റുമുട്ടല്‍ കേസുകളെ കുറിച്ച് അന്വേഷണം നടത്തണമെന്നും വ്യാജ ഏറ്റുമുട്ടലുകളില്‍ പ്രതികളായ പൊലീസിനെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പി.യു.സി.എല്‍ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ ബെഞ്ച് 2014 സെപ്റ്റംബറില്‍ സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നു.

മഹാരാഷ്ട്ര സര്‍ക്കാറിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട കോടതി ഭാവിയില്‍ ഇത്തരം ഏറ്റുമുട്ടലുകള്‍ ഉണ്ടാകുമ്പോള്‍ പാലിക്കേണ്ട 16 മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഏറ്റുമുട്ടല്‍ കൊലകള്‍ ഉണ്ടാകുമ്പോള്‍ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് അവയില്‍ പ്രധാന നിര്‍ദേശം. നിലമ്പൂര്‍ വെടിവെപ്പില്‍ അത് പാലിക്കപ്പെട്ടില്ളെന്ന് ചൂണ്ടിക്കാണിച്ചാണ് അഡ്വ. പൗരന്‍ പരാതി നല്‍കിയത്.  

 

Tags:    
News Summary - nilambur maoist encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.