തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മന്ത്രിയായി മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് പ്രവർത്തകരുടെയും നേതാക്കളുടെയും ആർപ്പുവിളികൾക്കും നിറഞ്ഞ കയ്യടികൾക്കും മധ്യേ. ലീഗിന്റെ മുൻനിര നേതാവും മികച്ച വാഗ്മിയുമായ കെ.എം. ഷാജി മന്ത്രിയായി വേദിയിലേക്ക് എത്തിയപ്പോൾ മുതൽ വലിയ ആവേശമാണ് ഹാളിൽ ദൃശ്യമായത്.
സത്യപ്രതിജ്ഞ പൂർത്തിയാക്കി അദ്ദേഹം ഒപ്പുവെച്ച നിമിഷം ഹർഷാരവങ്ങളോടെയാണ് സദസ്സ് വരവേറ്റത്. യു.ഡി.എഫ് മുന്നണിയുടെയും മുസ്ലിം ലീഗിന്റെയും ദേശീയ-സംസ്ഥാന നേതാക്കളും ചടങ്ങിൽ സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടി കഴിഞ്ഞാൽ ലീഗിലെ ക്രൗഡ് പുള്ളറാണ് ഇദ്ദേഹം.
അണികളുടെ തീപ്പൊരി നേതാവ്. വാഗ്മിയും എഴുത്തുകാരനും. യുവാക്കളെ ഏറ്റവും കൂടുതൽ സ്വാധീനിക്കാൻ കഴിയുന്നയാൾ. എം.എൽ.എയാകുന്നത് ഇത് മൂന്നാം തവണ. ഒടുവിൽ അർഹതക്കുള്ള അംഗീകാരമായി മന്ത്രിസ്ഥാനവും.
കണിയാമ്പറ്റ ഗവ. ഹൈസ്കൂളിൽനിന്ന് എം.എസ്.എഫിലൂടെയാണ് വിദ്യാർഥിരാഷ്ട്രീയത്തിൽ സജീവമായത്. തുടർന്ന് യൂത്ത് ലീഗിന്റെയും പിന്നീട് മുസ്ലിം ലീഗിന്റെയും സംസ്ഥാന നേതൃത്വത്തിലെത്തി.
കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാനായും സ്വന്തം നാടായ വയനാട് കണിയാമ്പറ്റയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും പദവികൾ വഹിച്ചു. കണിയാമ്പറ്റ പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്റ്, കൽപറ്റ മണ്ഡലം എം.എസ്.എഫ് വൈസ് പ്രസിഡന്റ്, വയനാട് ജില്ല എം.എസ്.എഫ് പ്രസിഡന്റ്, എം.എസ്.എഫ് സംസ്ഥാന ട്രഷറർ, യൂത്ത് ലീഗ് വയനാട് ജില്ല ജനറൽ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന യൂത്ത് ലീഗ് ട്രഷറർ, ജനറൽ സെക്രട്ടറി, പ്രസിഡന്റ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.നിലവിൽ, ലീഗ് സംസ്ഥാന സെക്രട്ടറിയാണ്.
എം.എസ്.എഫ് ജില്ല സെക്രട്ടറിയായിരിക്കെ കണിയാമ്പറ്റ പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചു. പിന്നീട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചു. നിയമസഭയിലേക്ക് ആദ്യം കൊല്ലം ഇരവിപുരത്ത് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2011ൽ അഴീക്കോട് മണ്ഡലത്തിൽ മത്സരിച്ച് ജയിച്ചു. 2016ൽ അഴീക്കോട് മണ്ഡലത്തിൽതന്നെ വീണ്ടും ജനവിധി തേടുകയും വിജയിക്കുകയും ചെയ്തു.
2016ലെ തെരഞ്ഞെടുപ്പിൽ വര്‍ഗീയമായ തരത്തില്‍ പ്രചാരണം നടത്തിയെന്ന പരാതിയെതുടർന്ന് ഹൈകോടതി ഷാജിയുടെ ജയം അസാധുവാക്കിയെങ്കിലും സുപ്രീംകോടതി ഈ വിധി സ്റ്റേ ചെയ്തു. 2021ൽ അഴീക്കോട് മണ്ഡലത്തിൽ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
1971ൽ വയനാട് കണിയാമ്പറ്റയിൽ കെ.എം. ബീരാൻകുട്ടിയുടെയും പി.സി. ആയിഷക്കുട്ടിയുടെയും മകനായാണ് ജനനം. കോഴിക്കോട് മാലൂർകുന്ന് എ.ആർ ക്യാമ്പിന് സമീപമാണ് ഇപ്പോൾ താമസം. വിദ്യാഭ്യാസം: പ്രീഡിഗ്രി, ബി.ബി.എ (പൂർത്തിയാക്കിയില്ല). ഭാര്യ: കെ.എം. ആശ. മക്കൾ: ഫാത്തിമ ഹന, റിഹാൻ മുഹമ്മദ്, ഹംദാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.