തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനയിൽ കെ.സി. വേണുഗോപാലും പ്രിയങ്ക ഗാന്ധിയും ഒഴികെ കേരളത്തിൽ നിന്നുള്ള എല്ലാ ലോക്സഭ എം.പിമാരും രാഷ്ട്രീയകാര്യ സമിതിയിൽ. കെ. സുധാകരൻ പ്രസിഡന്റായിരുന്ന കാലത്ത് അഞ്ച് വൈസ് പ്രസിഡന്റുമാർ ഉണ്ടായിരുന്നെങ്കിൽ പുതിയ പട്ടികയിൽ അത് 13 ആയി. ജനറൽ സെക്രട്ടറിമാരുടെ എണ്ണം 26ൽനിന്ന് 59ലേക്ക് ഉയർന്നു. രാഷ്ട്രീയകാര്യ സമിതിയിൽ 31പേരാണ് നേരത്തേ ഉണ്ടായിരുന്നത്. പിന്നീടത് 36 ആയി. ഇതിനിടെ കെ.പി. അനിൽകുമാർ സി.പി.എമ്മിലേക്കും പത്മജ വേണുഗോപാൽ ബി.ജെ.പിയിലേക്കും ചേക്കേറിയതോടെ അംഗസംഖ്യ 34 ആയി. ശൂരനാട് രാജശേഖരന്റെ നിര്യാണത്തോടെ 33 ഉം.
പുതുതായി ആറുപേർകൂടി എത്തുന്നതോടെ സമിതിയുടെ അംഗംബലം 39 ആകും. പ്രതാപചന്ദ്രന്റെ വിയോഗത്തെ തുടർന്ന് ഒഴിഞ്ഞുകിടന്ന ട്രഷറർ സ്ഥാനത്തേക്ക് ജ്യോതികുമാർ ചാമക്കാലയുടെ പേരാണ് പരിഗണനയിലുണ്ടായിരുന്നത്. പത്തനാപുരം മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ തന്നെ ഒഴിവാക്കണമെന്ന് ചാമക്കാല ആവശ്യമുന്നയിച്ചിരുന്നു. ഇതോടെ കണ്ണൂരിൽനിന്നുള്ള വി.എ. നാരായണനെ പരിഗണിച്ചു.
10 വർഷത്തിലേറെയായി സെക്രട്ടറി സ്ഥാനം വഹിക്കുന്നവർക്ക് ജനറൽ സെക്രട്ടറിമാരായി സ്ഥാനക്കയറ്റം ലഭിച്ചു. നേരത്തേയുണ്ടായിരുന്ന വൈസ് പ്രസിഡന്റുമാരിൽ വി.ടി. ബൽറാമും വി.പി. സചീന്ദ്രനും തുടരും. അതേസമയം വി.ജെ. പൗലോസിനെയും എൻ. ശക്തനെയും ഒഴിവാക്കി. എൻ.എസ്.യു ചുമതലകൾക്കുശേഷം വർഷങ്ങളായി പാർട്ടി പദവികളൊന്നുമില്ലാത്ത ഹൈബി ഈഡന് വൈസ് പ്രസിഡന്റായാണ് പുതിയ നിയോഗം.
കെ. സുധാകരന്റെ കാലത്ത് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്ന എം. ലിജുവും വൈസ് പ്രസിഡന്റായി. മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസിഡന്റായിരുന്നപ്പോൾ ജനറൽ സെക്രട്ടറിയായിരുന്ന മാത്യു കുഴൽനാടനാണ് വൈസ് പ്രസിഡന്റ് പദവിയിലെത്തിയ മറ്റൊരാൾ. ബി.ജെ.പി വിട്ടുവന്ന സന്ദീപ് വാര്യർക്ക് ജനറൽ സെക്രട്ടറി പദവി നൽകിയെന്നതാണ് ശ്രദ്ധേയ ഇടപെടൽ. ഫോൺവിളി വിവാദത്തെ തുടർന്ന് തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിയ പാലോട് രവിക്ക് വൈസ് പ്രസിഡന്റ് പദവി നൽകാനും നേതൃത്വം മറന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.