തിരുവനന്തപുരം/കൊച്ചി: സംസ്ഥാന പൊലീസ് സേനയിൽ അടിമുടി പരിഷ്‍കാരങ്ങൾ ആഗസ്റ്റ് 15 മുതൽ നിലവിൽവരും. ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവരുമായി വിശദമായ കൂടിയാലോചനകൾ നടത്തിയാണ് പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്. ആഗസ്റ്റ് 15 മുതൽ നവീകരിച്ച പൊലീസ് സേനയാണ് കേരളത്തിലുണ്ടാവുകയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എറണാകുളം പ്രസ്‌ക്ലബിന്‍റെ ‘മുഖാമുഖം’ പരിപാടിയിൽ പറഞ്ഞു.
രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റശേഷം നടപ്പാക്കിയ ‘ഓപറേഷൻ തൂഫാൻ’, വിജിലൻസ് മാന്വൽ പരിഷ്കരണം എന്നിവ ഹിറ്റായതിന് പിന്നാലെയാണ് സ്റ്റേഷനുകളെ ജനസേവന കേന്ദ്രമാക്കി മാറ്റാൻ നടപടി കൈക്കൊള്ളുന്നത്. സ്റ്റേഷനിലെത്തുന്ന പൊതുജനത്തിന് സമയബന്ധിതമായി പരമാവധി സേവനം ലഭ്യമാക്കുന്നതിനൊപ്പം മാന്യമായ പെരുമാറ്റം ഉൾപ്പെടെ ലക്ഷ്യംവെക്കുന്നതാണ് പരിഷ്‍കരണം.
കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് ഇൻസ്പെക്ടർമാരെ സ്റ്റേഷൻ ഹൗസ് ഓഫിസർമാരാക്കി (എസ്.എച്ച്.ഒ) നിയമിച്ചതുൾപ്പെടെ നടപടികൾ പരിഷ്കരിക്കും. ഡി.ജി.പി രവാഡ ചന്ദ്രശേഖർ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പരിഷ്കാരങ്ങൾ. കൂടുതൽ കേസുകളുള്ള 64 സുപ്രധാന സ്റ്റേഷനുകളിലൊഴികെ ആഗസ്റ്റ് 15 മുതൽ സ്റ്റേഷൻചുമതല എസ്.ഐമാർക്കായിരിക്കും. 64 സ്റ്റേഷനുകളിൽ എസ്.എച്ച്.ഒമാരായി സി.ഐമാർ തുടരും.
പൊലീസിനെ കൂടുതൽ ജനസൗഹൃദമാക്കുകയാണ് ലക്ഷ്യം. ആഗസ്റ്റ് 15നകം എല്ലാ സ്റ്റേഷനുകളും വൃത്തിയാക്കി, ഒരേനിറം നൽകും. പൊലീസിനെക്കുറിച്ച പരാതികൾ പരിഹരിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തും. ഇത്തരം പരാതികളിലെ പരിഹാരനടപടികളിൽ ഓഡിറ്റ് നടത്തും. ‘ഓപറേഷൻ തൂഫാൻ’ വൻ വിജയമാണെന്നും ജൂലൈ എട്ടു വരെയുള്ള കണക്ക് പ്രകാരം 6,182 കേസുകൾ രജിസ്റ്റർ ചെയ്ത് 6,632 പേരെ അറസ്റ്റ് ചെയ്തെന്നും ചെന്നിത്തല പറഞ്ഞു. 35 കോടിയുടെ ലഹരി പിടികൂടി. എന്നാൽ, ‘ഓപറേഷൻ തൂഫാന്‍റെ’ മറവിൽ പെരുമ്പാവൂർ മോഡൽ ആൾക്കൂട്ട വിചാരണ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഡി.ജെ പാർട്ടികൾക്ക് എതിരല്ലെങ്കിലും അവിടെ ലഹരി ഉപയോഗം നടന്നാൽ പൊലീസ് നോക്കിനിൽക്കില്ല. സ്റ്റാർ ഹോട്ടലിലും കാരവനിലും ലഹരി അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പരിഷ്കാരം വരുന്നതോടെ സ്റ്റേഷൻ ചുമതല വീണ്ടും എസ്.ഐമാരിലേക്ക് എത്തും. അതിന് പുറമെ സി.ഐമാർക്ക് മൂന്ന് സ്റ്റേഷനുകളുടെ ചുമതല നൽകും. ഡിവൈ.എസ്.പിമാർക്കും കൂടുതൽ സ്റ്റേഷനുകളുടെ ചുമതല ലഭിക്കും. എസ്.എച്ച്.ഒമാർ മുതൽ മുകൾത്തട്ടിലുള്ള ഉദ്യോഗസ്ഥർവരെ ഉൾപ്പെടുന്ന നിലവിലെ ഘടനയിൽ വലിയ അഴിച്ചുപണിയുമുണ്ടാകും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉന്നതതല യോഗം വിളിച്ച് ചർച്ച ചെയ്തു. പൊതുജനങ്ങൾക്ക് കൂടുതൽ സുതാര്യവും എളുപ്പത്തിലും സേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പൊലീസ് സ്റ്റേഷനുകളെ പൂർണമായും സേവന കേന്ദ്രങ്ങളാക്കും.
‘ഓപറേഷൻ തൂഫാൻ’ സ്ഥിരം സംവിധാനമാക്കി നടപ്പാക്കും. സ്റ്റേഷൻ ചുമതലകളിൽനിന്ന് മാറ്റപ്പെടുന്ന സി.ഐമാരുടെ സേവനം പൊലീസിലെ മറ്റു വിഭാഗങ്ങളായ ക്രൈംബ്രാഞ്ച്, ഇന്‍റലിജൻസ് തുടങ്ങിയവയിലേക്ക് മാറ്റി, അവയുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കും. ഇതിന് മുന്നോടിയായാണ് ക്രൈംബ്രാഞ്ച് ഐ.ജിമാരുടെ ചുമതലകൾ വിഭജിച്ചത്. രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ പ്രവർത്തനങ്ങളും കേസന്വേഷണ രീതിയും മെച്ചപ്പെടുത്തുന്ന നടപടികളും പരിഷ്കാരത്തിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.