കൊച്ചി: ദക്ഷിണ നാവികസേന ആസ്ഥാനത്ത് ഹെലികോപ്ടർ അപകടത്തിൽപെട്ട് നാവികൻ മരിച്ചു. കൊച്ചിയിലെ ഐ.എൻ.എസ് ഗരുഡയിൽ അറ്റകുറ്റപ്പണിക്കിടെയുള്ള പരിശോധനയുടെ സമയത്ത് ചേതക് ഹെലികോപ്ടറാണ് അപകടത്തിൽപെട്ടത്. ഗ്രൗണ്ട് ക്രൂ സ്റ്റാഫ് മധ്യപ്രദേശ് സ്വദേശി ലീഡിങ് എയർക്രാഫ്റ്റ് മെക്കാനിക് യോഗേന്ദ്ര സിങ്ങാണ് (30) മരിച്ചത്. റൺവേയിൽ നിൽക്കുമ്പോൾ കോപ്റ്ററിന്റെ പങ്ക തട്ടി പരിക്കേറ്റെന്നാണ് സൂചന.
കോപ്ടർ പൈലറ്റും സഹപൈലറ്റും സുരക്ഷിതരാണ്. ശനിയാഴ്ച ഉച്ചയോടെ നാവികസേന ആസ്ഥാനത്തോട് ചേർന്ന നേവൽ എയർ സ്റ്റേഷനായ ഐ.എൻ.എസ് ഗരുഡയിലെ റൺവേയിലായിരുന്നു സംഭവം. പരിക്കേറ്റ യോഗേന്ദ്ര സിങ്ങിനെ ഉടൻ നാവികസേന ആസ്ഥാനത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകട കാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വന്നിട്ടില്ല. അറ്റകുറ്റപ്പണിയുടെ ഭാഗമായുള്ള പറക്കിലിന്റെ തയാറെടുപ്പിനിടെ ഹെലികോപ്ടറിന് സാങ്കേതിത തകരാർ സംഭവിക്കുകയായിരുന്നുവെന്ന വിധത്തിൽ സൂചനകൾ പുറത്തുവന്നിട്ടുണ്ട്. കോപ്ടർ മുന്നോട്ട് ഉരുണ്ടുനീങ്ങിയപ്പോൾ റൺവേയിൽ നിൽക്കുകയായിരുന്ന യോഗേന്ദ്ര സിങ് അപകടത്തിൽപെടുകയായിരുന്നുവെന്നും മെയിൻ റോട്ടർ (പ്രധാന പങ്ക) തട്ടിയതാകാമെന്നുമാണ് സൂചന. കാരണം അന്വേഷിക്കാൻ നാവികസേന പ്രത്യേക സമിതിയെ നിയോഗിച്ചു. മൃതദേഹം നാവികസേനയുടെ സഞ്ജീവനി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 2016ലാണ് യോഗേന്ദ്ര സിങ് നാവികസേനയുടെ ഭാഗമായത്. ഇദ്ദേഹത്തിന്റെ ബന്ധുക്കളെ വിവരമറിയിച്ചു. നാവികസേനയിലെ പഴക്കംചെന്ന ഹെലികോപ്ടറാണ് ചേതക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.