തിരുവനന്തപുരം: ഒരാൾ കേരളീയനെന്ന് സംസ്ഥാന സർക്കാർ സാക്ഷ്യപ്പെടുത്തി നൽകുന്ന കേരള നേറ്റിവിറ്റി കാർഡ് ബിൽ -2026 നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. റവന്യൂമന്ത്രി കെ. രാജനാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. നിലവിൽ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്‍റെ മാതൃക ഉൾക്കൊണ്ടാണ് നേറ്റിവിറ്റി കാർഡ് നൽകുക. സംസ്ഥാന സർക്കാറിന്‍റെ വിവിധ സേവനങ്ങൾക്കും സാമൂഹിക ആവശ്യങ്ങൾക്കും ഉപയോഗിക്കാനാകും വിധം ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് അംഗീകരിക്കും.
വിദേശ പൗരത്വം സ്വീകരിച്ചവർക്ക് കാർഡിന് അർഹതയുണ്ടാവില്ല. കാർഡ് ലഭിച്ച ശേഷം വിദേശ പൗരത്വം സ്വീകരിച്ചാൽ അസാധുവാകുകയും ചെയ്യും. തൊഴിൽ സംബന്ധമായോ ജീവനോപാധി സംബന്ധമായ മറ്റു കാരണങ്ങളാലോ മാതാപിതാക്കളോ പൂർവികരോ കേരളത്തിന് പുറത്തായിരിക്കുമ്പോൾ അവിടെ ജനിച്ചവരേയും (വിദേശ പൗരത്വം ലഭിക്കാത്തവരെ) നേറ്റീവ് ആയി കണക്കാക്കും. തഹസിൽദാറാണ് കാർഡ് അനുവദിക്കുകയെങ്കിലും ഇതു സംബന്ധിച്ച രജിസ്റ്റർ വില്ലേജ് ഓഫിസിൽ സൂക്ഷിക്കും.
നിലവിലുള്ള വിവരങ്ങൾക്ക് പുറമേ സർക്കാർ കാലാകാലങ്ങളിൽ നിർദ്ദേശിക്കുന്ന വിവരങ്ങളും നേറ്റിവിറ്റി കാർഡിൽ ഉൾപ്പെടുത്തും. വിവിധ വകുപ്പുകളിലെ ആവശ്യങ്ങൾക്കായി മറ്റു രേഖകളോടൊപ്പം ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് ഉപയോഗിക്കാൻ വിജ്ഞാപനമിറക്കാൻ സർക്കാറിന് അധികാരമുണ്ടാകും. കാർഡിനായി തെറ്റായ വിവരങ്ങൾ നൽകിയാൽ മൂന്നുമാസം വരെ തടവോ 5000 രൂപവരെ പിഴയോ രണ്ടും കൂടിയോ ശിക്ഷയും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.