നാരായണൻ നായർ വധം: ജീവപര്യന്തം ശിക്ഷിക്കപ്പെട്ടയാൾ ബി.എം.എസ് സംസ്ഥാന നേതാവ്

തിരുവനന്തപുരം: കോർപറേഷൻ ജീവനക്കാരനായിരുന്ന ആനാവൂർ നാരായണൻ നായരെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി ബി.എം.എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി. ആർ.എസ്‌.എസിന്റെ നിയന്ത്രണത്തിലുള്ള ബി.എം.എസിന്റെ സ്‌റ്റേറ്റ്‌ ട്രാൻസ്‌പോർട്ട്‌ എംപ്ലോയീസ്‌ സംഘിന്റെ ജനറൽ സെക്രട്ടറിയാണ്‌ കോടതി ജീവപര്യന്തം ശിക്ഷിച്ച വെള്ളാംകൊള്ളി രാജേഷ്‌.

കഴിഞ്ഞ ദിവസം രാജേഷ്‌ ഉൾപ്പെടെയുള്ള 11 ആർഎസ്‌എസുകാർ കുറ്റവാളികളാണെന്ന്‌ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ്‌ കോടതി കണ്ടെത്തിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ രാജേഷിനെ ഭാരവാഹിയായി വീണ്ടും തെരഞ്ഞെടുത്തത്‌. ഇന്നാണ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. രാജേഷും രണ്ടും നാലും പ്രതികളും ജീവപര്യന്തം കൂടാതെ 10 വർഷം അധിക തടവും അനുഭവിക്കേണ്ടി വരും.

തിരുവനന്തപുരം കോർപറേഷൻ ജീവനക്കാരൻ ആനാവൂർ സരസ്വതി മന്ദിരത്തിൽ നാരായണൻ നായരെ 2013 നവംബർ അഞ്ചിനാണ് വീട്ടിൽ കയറി വെട്ടിക്കൊന്നത്. എസ്.എഫ്.ഐ നേതാവായിരുന്ന മകൻ ശിവപ്രസാദിനെ കൊലപ്പെടുത്താനെത്തിയ അക്രമി സംഘത്തെ തടയുന്നതിനിടെയാണ് നാരായണൻ നായരെ കൊലപ്പെടുത്തിയത്.

തിരുവനന്തപുരത്ത് കഴിഞ്ഞ ശനിയാഴ്‌ച സമാപിച്ച സ്‌റ്റേറ്റ്‌ ട്രാൻസ്‌പോർട്ട്‌ എംപ്ലോയീസ്‌ സംഘ് സമ്മേളനത്തിലാണ് രാജേഷ് അടക്കമുള്ളവ​രെ സംസ്ഥാന ഭാരവാഹികളായി തെരഞ്ഞെടുത്തത്. പ്രസിഡന്റായി ജി കെ അജിത്തിനെയും വർക്കിങ്‌ പ്രസിഡന്റായി കെ രാജേഷിനെയും തെരഞ്ഞെടുത്തിരുന്നു. വെള്ളാംകൊള്ളി രാജേഷ്‌ ജയിലിലാകുമെന്ന് ഉറപ്പായതിനാൽ സംഘടനാ ചുമതല വഹിക്കാൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എന്ന പുതിയൊരു തസ്തികയും സൃഷ്ടിച്ചിരുന്നു. 

Tags:    
News Summary - Narayanan Nair murder: BMS state leader gets life sentence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.