വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ ഇടതുപക്ഷത്തിന്​ തിരിച്ചടിയാ​യോ എന്ന് പരിശോധിക്കാൻ മടിയില്ലെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: എസ്​.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ​വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവനകൾ ഇടതുപക്ഷത്തിന്​ തിരിച്ചടിയാ​യോ എന്ന​തൊന്നും പരിശോധിക്കാൻ പാർട്ടിക്ക്​ മടിയില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ശബരിമല സ്വർണക്കൊള്ള ഇടതുപക്ഷത്തിന്​ തിരിച്ചടിയായോ എന്ന്​ പരിശോധിച്ചേ പറയാനാവൂ. ജമാഅത്തെ ഇസ്​ലാമി, എസ്​.ഡി.​പി.ഐ എന്നിവർ യു.ഡി.എഫിനൊപ്പം നിന്ന്​ കമ്യൂണിസ്റ്റ്​ വിരുദ്ധ ആശയം രൂപപ്പെടുത്തിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

ന്യൂനപക്ഷ സംരക്ഷണ നിലപാട്​ ഉയർത്തി പിടിക്കുന്നതിൽ പാർട്ടിക്ക്​ വീഴ്​ചയില്ല. ​തിരുവനന്തപുരത്തെ തോൽവിയുടെ പേരിൽ മേയർ ആര്യ രാജേന്ദ്രനെതി​രെ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ കഴമ്പില്ല. തെരഞ്ഞെടുപ്പ്​ തോൽവിയിൽ സംഘടനാ വീഴ്ച, രാഷ്ട്രീയ വീഴ്ച, ഉയർത്തിയ മുദ്രാവാക്യങ്ങളിലെ പ്രശ്നങ്ങൾ, തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലെ പോരായ്​മകൾ തുടങ്ങി എല്ലാ കാര്യങ്ങളും താഴെതട്ടുമുതൽ പരിശോധിക്കുമെന്നും ആവശ്യമായ തിരുത്തലുകൾ വരുത്തും. മൂന്നാം ഇടതുസർക്കാർ ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തദ്ദേശ തെരഞ്ഞെടുപ്പ്​ തോൽവിയുടെ കാരണം ഭരണ വിരുദ്ധ വികാരമല്ലെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാൻ കഴിയുന്ന വിധത്തിൽ ഇടതുമുന്നണിയുടെ രാഷ്ട്രീയ അടിത്തറ ഭദ്രമാണ്. മധ്യകേരളത്തിലും മലപ്പുറത്തും ​വലിയ പരാജയമാണുണ്ടായത്​. അതും കൊല്ലം കോർപറേഷൻ ഭരണം നഷ്ടമായതും​ പ്രത്യേകം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വർണക്കൊള്ള വിഷയം ബി.ജെ.പിക്ക്​ ഗുണം ചെയ്തിട്ടില്ല. അങ്ങിനെയെങ്കിൽ അവർക്ക്​ ഇതിലും വലിയ വിജയം നേടാനാവുമായിരുന്നു. ഏതെങ്കിലും ഒരു വിഭാഗം ഇടതുമുന്നണിയെ കൈയൊഴിഞ്ഞെന്ന്​ പറയാനാവില്ല. അങ്ങിനെയെങ്കിൽ മലപ്പുറത്ത്​ പത്തുലക്ഷം വോട്ടുകൾ നേടാനാവുമായിരുന്നില്ല. തിരുവനന്തപുരം കോർപറേഷനിൽ യു.ഡി.എഫും ബി.ജെ.പിയും പരസ്പരം സഹായിച്ചു.

ബി.ജെ.പി ജയിച്ച വാർഡുകളിൽ 41 ഇടത്തും യു.ഡി.എഫ്​ സ്ഥാനാർഥികൾക്ക്​ 1000 വോട്ടിൽ താഴെയാണ്​ ലഭിച്ചത്​. വോട്ട്​ നില നോക്കിയാൽ തിരുവനന്തപുരം കോർപറേഷനിൽ എൽ.ഡി.എഫിന്​ 1.75 ലക്ഷവും എൻ.ഡി.എക്ക്​ 1.65 ലക്ഷവും യു.ഡി.എഫിന്​ 1.25 ലക്ഷവുമാണ്​​. ക്ഷേത്രനഗരങ്ങൾ പിടിക്കാനുള്ള അവരുടെ ലക്ഷ്യം ഫലം കണ്ടില്ലെന്നും വിശ്വാസി സമൂഹം ബി.ജെ.പിക്ക് അനുകൂലമായി നിലകൊണ്ടിട്ടില്ലെന്നും തെരഞ്ഞെടുപ്പ്​ തോൽവി വിലയിരുത്തിയ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്​ യോഗശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ​ എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - MV Govindan react to Kerala Local Body Election Defeat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.