മുട്ടില്‍ മരം മുറി: റവന്യു വകുപ്പിന്റെ ഭാഗത്ത് വീഴ്ചയില്ല -വയനാട് കലക്ടർ

കൽപറ്റ: മുട്ടില്‍ അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിന്റെ ഭാഗത്തുനിന്ന് അനാസ്ഥയോ, കാലതാമസമോ ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ജില്ല കലക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു. 2020-21ല്‍ വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നു പട്ടയത്തില്‍ സര്‍ക്കാറിലേക്ക് റിസര്‍വ് ചെയ്ത മരങ്ങള്‍ അനധികൃതമായി മുറിച്ചതുമായി ബന്ധപ്പെട്ട് ജില്ലയില്‍ മുഴുവന്‍ പരിശോധന നടത്തിയിട്ടുണ്ട്.

മരംമുറി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വൈത്തിരി താലൂക്കില്‍ 61 കേസുകളും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 14 കേസുകളും കണ്ടെത്തി. അനധികൃതമായി മുറിച്ച 186 മരങ്ങള്‍ കുപ്പാടി വനം വകുപ്പ് ഡിപ്പോയില്‍ എത്തിച്ചിരുന്നു. എത്തിക്കാന്‍ സാധിക്കാത്ത മരങ്ങള്‍ കച്ചീട്ടില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പൊലീസ്, വനം വകുപ്പുകള്‍ കേസ്സെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.

അനധികൃതമായി മരങ്ങള്‍ മുറിച്ചതുമായി ബന്ധപ്പെട്ട എല്ലാ കേസ്സുകളിലും (75 കേസുകള്‍) കെ.എല്‍.സി കേസുകള്‍ ബുക്ക് ചെയ്യുകയും കക്ഷികള്‍ക്ക് നോട്ടീസ് നല്‍കി വിചാരണ നടത്തുകയും ചെയ്തിട്ടുണ്ട്. നിയമപ്രകാരമുള്ള നടപടികളുടെ ഭാഗമായി അനധികൃതമായി മരങ്ങള്‍ മുറിച്ച കക്ഷികള്‍ക്കെതിരെ കെ.എല്‍.സി നടപടികള്‍ പ്രകാരം പിഴ ചുമത്തുന്നതിനായി മരങ്ങളുടെ വില നിര്‍ണയ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ വനം വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു.

വില നിര്‍ണയ സര്‍ട്ടിഫിക്കറ്റ് ലഭ്യമായ 42 കേസ്സുകളില്‍ 38 കേസ്സുകള്‍ വൈത്തിരി താലൂക്കിലും നാലു കേസ്സുകള്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് പരിധിയിലുമാണ്. വൈത്തിരി താലൂക്കിലെ 38 കേസ്സുകളുടെ വില നിര്‍ണയ സര്‍ട്ടിഫിക്കറ്റ് 2023 ജനുവരി 31നാണ് ലഭിച്ചത്. വൈത്തിരി താലൂക്കിലെ 38 കേസ്സുകളില്‍ ഓരോ കേസ്സിലെയും സര്‍വേ നമ്പറുകളും ഭൂവുടമയുടെ വിലാസവും മരങ്ങളുടെ വിവരങ്ങളും പ്രത്യേകം നല്‍കുന്നതിന് പകരം ചില കേസുകളില്‍ വിവരങ്ങള്‍ ഒന്നിച്ചാണ് വനം വകുപ്പ് നല്‍കിയത്. ഇത് ഓരോ കേസ്സിലും പ്രത്യേകമായി പിഴ ചുമത്തുന്നതിന് പര്യാപ്തമല്ലാത്തതിനാല്‍ ഓരോ കേസ്സിലും മരവില പ്രത്യേകം നിര്‍ണയിച്ചു തരുന്നതിനും കക്ഷികളുടെ പേരും വിലാസവും വ്യക്തമാക്കിത്തരുന്നതിനും വനം വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വില നിര്‍ണയ സര്‍ട്ടിഫിക്കറ്റ് ലഭ്യമായതില്‍ അപാകത ഇല്ലെന്ന് കണ്ടെത്തിയ സുല്‍ത്താന്‍ ബത്തേരി താലൂക്ക് പരിധിയിലെ നാലു കേസുകളില്‍ പിഴ ചുമത്തി ഉത്തരവായിട്ടുണ്ട്. വൈത്തിരി താലൂക്ക് പരിധിയിലെ കേസുകളില്‍ ഒരാഴ്ചക്കകം ഉത്തരവ് നല്‍കാവുന്ന രീതിയില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും ജില്ല കലക്ടര്‍ അറിയിച്ചു.

Tags:    
News Summary - Muttil tree cutting case: No failure on the part of revenue department -District Collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.