രാധാഗോപി മേനോനും
ഭാര്യ മീനാക്ഷിയമ്മയും
കൽപറ്റ: ചില ചരിത്രസത്യങ്ങൾ എത്രകാലം കഴിഞ്ഞാലും ഊതിക്കാച്ചിയ പൊന്നുപോലെ തെളിഞ്ഞുവരും. അതുപോലെയാണ് ഒരേസമയം മുട്ടില്‍ മഹല്ല് കമ്മിറ്റിയുടെയും മഹാവിഷ്ണു ക്ഷേത്രത്തിന്റെയും ഭരണസാരഥ്യത്തിലുണ്ടായിരുന്ന രാധാഗോപി മേനോന്റെ ജീവിതവും. രാധാഗോപി മേനോന്റെ മകന് കളത്തില്‍ ദിവാകരന് കഴിഞ്ഞദിവസം നിര്യാതനായിരുന്നു. ചരമക്കുറിപ്പുകളില്‍ മഹല്ല് കമ്മിറ്റിയുടെ അധ്യക്ഷന്റെ മകനെന്ന വിശേഷണം പ്രചരിച്ചതോടെയാണ് ഒരു പിതാവിന്റെ അധികമാരും അറിയപ്പെടാത്ത ചരിത്രവും മഹത്വവും പുറംലോകം അറിയുന്നത്.
രാധാഗോപി മേനോൻ മലപ്പുറം ജില്ലയിലെ ആനക്കരയിൽനിന്നാണ് വയനാട്ടിലെത്തുന്നത്. 1936ൽ മേപ്പാടിക്കടുത്തുള്ള ചെമ്പ്ര പീക്ക് എസ്റ്റേറ്റിൽ കണക്കെഴുത്തുകാരനായിരുന്നു. പിന്നീട് വാര്യാട് എസ്റ്റേറ്റിൽ ജോലിക്കാരനായതോടെയാണ് മുട്ടിലിൽ സ്ഥിരതാമസമാക്കിയത്. ഈശ്വരവിശ്വാസിയായ മേനോൻ മുട്ടിൽ മഹാവിഷ്ണു ക്ഷേത്രം കമ്മിറ്റിയുടെ സാരഥിയായിരുന്നു. എല്ലാവർക്കും സര്‍വസമ്മതനായിരുന്ന അദ്ദേഹത്തെ നാട്ടിലെ മുസ്ലിം സമൂഹം അങ്ങനെയാണ് മുട്ടില്‍ മഹല്ല് കമ്മിറ്റിയുടെ കൈകാര്യ കർത്താവായി പരിഗണിക്കുന്നത്. മഹല്ല് കമ്മിറ്റിയുടെ മിനിറ്റ്സിൽ ഒട്ടനവധി മുസ്ലിം പേരുകള്‍ക്കിടയില്‍ ആദ്യപേരുകാരനായി രാധാഗോപി മേനോനുണ്ട്. വെള്ളിയാഴ്ച പള്ളിയില്‍ വിശ്വാസികളെ സ്വീകരിക്കാന്‍ രാധാഗോപി മേനോൻ മുന്പന്തിയിലുണ്ടാകാറുണ്ടെന്നത് ദേശത്തിന്റെ ചരിത്രം.
മഹല്ലിന്റെ വരവുചെലവു കണക്കുകൾ അദ്ദേഹം സൂക്ഷ്മതയോടെ കൈകാര്യം ചെയ്തു. മഹല്ല് നിവാസികൾക്കിടയിലെ പ്രശ്നങ്ങളിൽ അദ്ദേഹം തീർപ്പുകൽപിച്ചാൽ മറുവാക്കില്ലായിരുന്നു. മുട്ടിൽ ചെറുമൂലയിൽ അദ്ദേഹം സ്ഥാപിച്ച എ.യു.പി സ്കൂളാണ് വയനാട് മുസ്ലിം ഓർഫനേജിന് വിട്ടുകൊടുത്തത്. ദേശീയ പ്രസ്ഥാനത്തില്‍ സജീവമായിരുന്ന അദ്ദേഹം 1989ല്‍ മരണംവരെയും കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നു. ഭാര്യ: പരേതയായ മീനാക്ഷിയമ്മ. മക്കൾ: രാമദാസ്, മോഹൻദാസ്, രാധ, ജയകുമാർ, രജനി, പരേതരായ ഗോവിന്ദൻ, ദിവാകരൻ, രാജൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.