തൊടുപുഴ: ക്രൈം ത്രില്ലർ സിനിമകളെപ്പോലും വെല്ലുന്ന ക്രൂരതയാണ് കൂട്ടക്കൊല നടത്തിയ പ്രതികൾ കൃഷ്ണെൻറ വീട്ടിൽ മൃതദേഹങ്ങൾ കുഴിച്ചുമൂടുന്നത് വരെയുള്ള ദിവസങ്ങളിൽ നടത്തിയത്. എല്ലാവരെയും ഇഞ്ചിഞ്ചായാണ് കൊന്നത്. മാന്ത്രിക സിദ്ധികൾ വീണ്ടെടുക്കാനും താളിയോലകൾ സ്വന്തമാക്കാനും ശിഷ്യൻ ആസൂത്രണം ചെയ്ത കൊലപാതകമാകും ഇതെന്ന് ആരും ഒാർത്തില്ല. കൃഷ്ണനെയും കുടുംബത്തെയും വകവരുത്തിയാൽ നഷ്ടമായ മന്ത്രസിദ്ധികളടക്കം ലഭിക്കുമെന്നായിരുന്നു അനീഷിെൻറ വിശ്വാസം. സിദ്ധികൾ കൃഷ്ണൻ ഇല്ലാതാക്കിയതാണെന്ന് കരുതിയ അനീഷ് മന്ത്രവാദത്തിലെ തെൻറ തലതൊട്ടപ്പനായ കൃഷ്ണന് 300 മൂർത്തികളുടെ ശക്തിയുണ്ടെന്നും വിശ്വസിച്ചു. ആറുമാസത്തെ ആസൂത്രണത്തിനൊടുവിലാണ് ഞായറാഴ്ച അർധരാത്രിക്കുശേഷം കൂട്ടക്കൊല നടന്നത്.
വന്നത് ബൈക്കിൽ
29/07/18 രാത്രി: അടിമാലി സ്വദേശിയായ അനീഷ് സുഹൃത്ത് ലിബീഷുമായി തൊടുപുഴയിൽ എത്തുന്നു. ബൈക്കിലെത്തിയ ഇയാൾ കാരിക്കോട് വീടിനോട് ചേർന്നുള്ള അനീഷിെൻറ വർക്ഷോപ്പിൽനിന്ന് ബുള്ളറ്റിൽ ഉപയോഗിക്കുന്ന ഇരുമ്പ് പൈപ്പ് കൈയിൽ എടുക്കുന്നു. ഒപ്പം അനീഷിനെയും കൂട്ടി. നന്നായി മദ്യപിച്ച ശേഷം പത്തോടെ സമയംകൊല്ലാൻ മൂലമറ്റത്തെത്തി ചൂണ്ടയിട്ടു. തുടർന്ന് രാത്രി പതിനൊന്നരയോടെ വീണ്ടും ബാറിൽ മദ്യപിക്കാനെത്തിയെങ്കിലും അടച്ചിരുന്നു.
വീട്ടിലെത്തുന്നത് കുടുംബം ഉറങ്ങിയ ശേഷം
രാത്രി 12.30ഒാടെയാണ് കൃഷ്ണെൻറ വീട്ടിൽ എത്തുന്നത്. കൃഷ്ണനും കുടുംബവും ഉറക്കത്തിലായിരുന്നു. ആദ്യം ഫ്യൂസ് ഉൗരിമാറ്റി വൈദ്യുതി വിച്ഛേദിച്ചു. തുടർന്ന് വീടിനു പിന്നിൽ ആട്ടിൻകൂടിനു സമീപത്തായി പതുങ്ങിയിരുന്നു.
കൃഷ്ണനെ പുറത്തിറക്കിയത് ആടിനെ കരയിച്ച്
കൃഷ്ണന് ആടുകളോടുള്ള സ്നേഹം അറിയാമായിരുന്ന അനീഷ് ഇവയെ മുറിപ്പെടുത്തുകയായിരുന്നു. കരച്ചിൽ കേട്ട് ഇവർ വിചാരിച്ചതുപോലെ കൃഷ്ണൻ പുറത്തേക്കിറങ്ങി.
ആദ്യം അടിച്ചുവീഴ്ത്തിയത് കൃഷ്ണനെ
അടുക്കളവാതിൽ തുറന്ന് പുറത്തേക്കിറങ്ങിയ കൃഷ്ണനെ അനീഷ് അടിച്ചുവീഴ്ത്തുകയായിരുന്നു. തുടർന്ന് മാറ്റിക്കിടത്തി. ശബ്ദം കേട്ടാണ് ഭാര്യ സുശീല പുറത്തേക്ക് വന്നത്. ഒപ്പമുള്ള ലിബീഷ് സുശീലയെ അടിച്ചെങ്കിലും ഇവർ കൈകൊണ്ട് തടഞ്ഞ് അകത്തേക്കോടി. പിന്നാലെ എത്തി ഇവരെയും തലക്കടിച്ചുവീഴ്ത്തി. കരച്ചിൽ കേട്ട് മകൾ ആർഷ മുറിയിലിരുന്ന കമ്പിവടിയുമായാണ് ഇറങ്ങിവന്നത്. ആർഷയുടെ ആക്രമണത്തിൽ കൈക്ക് അടിയേറ്റ അനീഷ് ആർഷ ബഹളംവെക്കാതിരിക്കാൻ വായ പൊത്തി. ഇൗ സമയം അനീഷിെൻറ കൈ ആർഷ കടിച്ചുമുറിച്ചു. തുടർന്ന് ഇരുവരും തലക്കടിച്ച് ആർഷയെ വീഴ്ത്തി. ഏറ്റവും ഒടുവിലാണ് അർജുനെ ആക്രമിക്കുന്നത്. അർജുൻ വാതിൽതുറന്ന് കൊലയാളി സംഘത്തെ കണ്ട് ഒാടിയൊളിച്ചു. അകത്തെ മുറിയിലിട്ട് അർജുനെ വകവരുത്തി. തുടർന്ന് എല്ലാവരെയും ഹാളിൽ കയറ്റിക്കിടത്തി പ്രതികൾ തിങ്കളാഴ്ച പുലർച്ചയോടെ മടങ്ങി.
സ്വർണവും പണവും എടുത്ത് രക്ഷപ്പെട്ടു
പിറ്റേന്ന് (തിങ്കളാഴ്ച) രാത്രി ഇവർ രണ്ടുപേരും ബൈക്കിൽ കൃഷ്ണെൻറ വീട്ടിലെത്തി. ഇൗസമയം മുറിവുമായി മകൻ എഴുന്നേറ്റിരിക്കുന്നത് കണ്ട് തലക്ക് ചുറ്റികക്ക് അടിച്ചുവീഴ്ത്തി. ആട്ടിൻകൂടിനു പിന്നിൽ കുഴിയെടുത്ത് ഇവരെയെല്ലാം കുഴിച്ചിടുകയായിരുന്നു. തുടർന്ന് കഠാര, കത്തി, വാക്കത്തി എന്നിവയും പുറത്തേക്ക് വലിച്ചെറിഞ്ഞു. മുറി വെള്ളം ഉപയോഗിച്ച് കഴുകി കളഞ്ഞു. തുടർന്ന് കിട്ടിയ സ്വർണവും പണവും എടുത്ത് ഇവർ രക്ഷപ്പെട്ടു.
മന്ത്രശക്തി വേർപെടുത്താൻ ചരട് വലിച്ചെറിഞ്ഞു
കൊലപ്പെടുത്തിയ ഉടൻ കൃഷ്ണെൻറ ശരീരത്തിലെ ‘മാന്തിക ചരടു’കൾ അനീഷ് പൊട്ടിച്ചെറിഞ്ഞു. മൂർത്തികളുടെ ശക്തി വേർപെടുത്താനായിരുന്നുവേത്ര ഇത്. പിടിക്കപ്പെടാതിരിക്കാൻ അടിമാലിയിലെ വീട്ടിലെത്തി അനീഷും ലിബീഷും ചേർന്ന് പൂജയും നടത്തി. കോഴിയെ കുരുതി കൊടുത്തായിരുന്നു പൂജ.
പൊലീസ് ഉദ്യോഗസ്ഥർക്ക് റിവാർഡ്
തൊടുപുഴ: മുണ്ടൻമുടി കൊലക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് റിവാർഡ്. നാലംഗ കുടുംബത്തെ കൊന്ന് കുഴിച്ചുമൂടി നാലുദിവസത്തിനുള്ളിൽ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത് നേട്ടമായതായി ഇടുക്കി ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ അറിയിച്ചു.
തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസിെൻറ നേതൃത്വത്തിലായിരുന്നു അന്വേഷണം. സി.െഎമാരായ ആൻറണി തോമസ്, ടി.എ. യൂനുസ്, എൻ.ജി. ശ്രീമോൻ, മാത്യു ജോർജ്, അലക്സാണ്ടർ, സാബു വർഗീസ് എന്നിവരടങ്ങുന്ന 40 അംഗസംഘമാണ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.