ഇന്ത്യ ഇന്ത്യയല്ലാതാവുന്നതിന് മുമ്പ് ഫാഷിസ്റ്റ് പ്രതിരോധം സാധ്യമാവണം -മുനവ്വറലി തങ്ങൾ

കോഴിക്കോട്: പ്രവാചക നിന്ദയിൽ പ്രതിഷേധിച്ചവരുടെ വീടുകൾ യു.പിയിൽ ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നതിനെ ശക്തമായി വിമർശിച്ച് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങൾ. നീതി ലഭ്യമാക്കേണ്ട സർക്കാർ തന്നെ ഹിംസയുടെ നടത്തിപ്പുകാരായി മാറുമ്പോൾ നിസ്സഹായരായ മനുഷ്യരുടെ അവസാന പ്രതീക്ഷകളും ഇല്ലാതാവുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ ഇന്ത്യയല്ലാതാവുന്നതിന് മുമ്പ് ഫാഷിസ്റ്റ് പ്രതിരോധം സാധ്യമാവണമെന്നും സമൂഹമാധ്യമ കുറിപ്പിൽ മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. 

ഒരു സമൂഹം ജീവനേക്കാൾ സ്നേഹിക്കുന്ന, അന്ത്യപ്രവാചകൻ എന്ന് വിശ്വസിക്കുന്ന, ഉത്‌കൃഷ്ടനായ ഒരു മഹദ് വ്യക്തിത്വം യാതൊരു തത്വദീക്ഷയുമില്ലാതെ നിന്ദിക്കപ്പെടുന്നു. പ്രതിഷേധിക്കുന്നവരെ ക്രൂരമായി ഇല്ലാതാക്കുകയും അടിച്ചമർത്തുകയും ചെയ്യുന്നു. ഭരണകൂട അനീതിയുടെ ചിഹ്നമായി ബുൾഡോസർ രാജ് രൂപം കൊള്ളുന്നു. മുസ്ലിംകളും ദലിതുകളും ഈ അനീതിയുടെ ഇരകളായി തീരുന്നു. പ്രതിഷേധിക്കുന്നവരെ ഉന്മൂലനം ചെയ്യുക എന്നത് ഭരണകൂടത്തിന്റെ പ്രഖ്യാപിത ലക്ഷ്യമായി മാറുന്നു.

പൗരാവകാശങ്ങൾ അഥവാ ന്യൂനപക്ഷാവകാശങ്ങൾ ഏറ്റവും ക്രൂരമായി ഇല്ലായ്‌മ ചെയ്യുന്ന രാജ്യമായി ഫാഷിസ്റ്റ് ഏകാധിപതികൾ ഇന്ത്യയെ മാറ്റിക്കൊണ്ടിരിക്കുന്നു. വിശ്വസ്നേഹത്തിന്റെ പ്രതീകമായി ലോകം ദർശിച്ചിരുന്ന ഇന്ത്യ എന്ന നമ്മുടെ അഭിമാന രാജ്യത്തിന്റെ മനോഹരമായ പൈതൃകത്തെ ഭരണകൂടം ദയാരഹിതമായി തിരുത്തിക്കുറിക്കുന്നതിന്റെ അട്ടഹാസങ്ങൾ നിരന്തരം കേട്ടുകൊണ്ടിരിക്കുന്നു. ഫാഷിസത്തിലേക്ക് നടന്നടുത്തു കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയത്തിന്റെ ഭയപ്പെടുത്തുന്ന ഒരു ഘട്ടമാണ് ഇത്തരത്തിൽ നമുക്ക് മുമ്പിലൂടെ കടന്നുപോവുന്നത്.

നീതി ലഭ്യമാക്കേണ്ട സർക്കാർ തന്നെ ഹിംസയുടെ നടത്തിപ്പുകാരായി മാറുമ്പോൾ നിസ്സഹായരായ മനുഷ്യരുടെ അവസാന പ്രതീക്ഷകളും ഇല്ലാതാവുകയാണ്. നീതി പീഠങ്ങളുടെ ഇടപെടലുകളും ജനാധിപത്യ രാഷ്ട്രീയത്തിന്റെ ബ്ലോക്കുകൾക്കും മാത്രമല്ലാതെ, ഈ ഫാഷിസ്റ്റ് വ്യാപനത്തിന് പ്രതിരോധം തീർക്കാനാവില്ലെന്ന യാഥാർഥ്യം കൂടുതൽ വ്യക്തമാവുകയാണ്. ഇന്ത്യ ഇന്ത്യ അല്ലാതാവുന്നതിന് മുമ്പ് അത് സാധ്യമാവുമോ എന്നതാണ് നമുക്ക് മുൻപിലുള്ള ചോദ്യം -മുനവ്വറലി ശിഹാബ് തങ്ങൾ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. 

Tags:    
News Summary - Munavvar Ali Shihab Thangal facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.