കോഴിക്കോട്: മുനമ്പം വഖഫ് ഭൂമിയിലെ താമസക്കാരുടെ പ്രശ്നപരിഹാരത്തിന് സർക്കാർ നിയോഗിച്ച റിട്ട. ജഡ്ജി സി.എൻ. രാമചന്ദ്രൻ നായർ കമീഷന്റെ നിയമന സാധുത പരിശോധിച്ച ഡിവിഷൻ ബെഞ്ച് നടത്തിയ അനാവശ്യ നിരീക്ഷണങ്ങൾ പരിധിവിട്ടതാണെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രവർത്തക സമിതി അഭിപ്രായപ്പെട്ടു.
വഖഫുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയിലെ കോടതികളുടെ മുൻവിധിയോടെയുള്ള സമീപനം കേരളത്തിലേക്കും കടത്തിക്കൊണ്ടുവരുന്നതാണിത്. മുനമ്പം ഭൂമി വഖഫാണോ അല്ലയോ എന്ന് പരിശോധിക്കലല്ല, മറിച്ച് വർഷങ്ങളായി അവിടെ താമസിക്കുന്നവരുടെ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്നത് സംബന്ധിച്ച് വസ്തുതാന്വേഷണം നടത്താനാണ് ജുഡീഷ്യൽ കമീഷനെ നിയോഗിച്ചതെന്ന് സർക്കാർ വ്യക്തമാക്കിയതാണ്.
എന്നിട്ടും വിവാദ ഭൂമി വഖഫ് അല്ലെന്നും ദാനാധാരത്തിലൂടെ കിട്ടിയതാണെന്നും തീർപ്പ് കൽപിച്ച ചീഫ് ജസ്റ്റിസ് എസ്.എ. ധർമാധികാരി ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വഖഫുകളെക്കുറിച്ച് ഹിന്ദുത്വവാദികൾ പ്രചരിപ്പിക്കുന്ന അവഹേളനാപരമായ നിരീക്ഷണങ്ങൾ നടത്തിയത് മതേതര വിശ്വാസികളെ ആശങ്കാകുലരാക്കുന്നുണ്ടെന്ന് ഐ.എൻ.എൽ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ അധ്യക്ഷതവഹിച്ചു. ജന.സെക്രട്ടറി കാസിം ഇരിക്കൂർ സ്വാഗതവും എം.എ. ലത്തീഫ് നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.