കൊച്ചി: മുനമ്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് വഖഫ് ട്രൈബ്യൂണലിലുള്ള കേസിൽ താമസക്കാരനായ സെബാസ്റ്റ്യൻ ജോസഫിനെ കക്ഷിചേർത്ത ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ. ഭൂമി വഖഫ് ചെയ്ത കുടുംബത്തിന്‍റെ പ്രതിനിധിയായ ഇർഷാദ് നൂർ മുഹമ്മദ് സേഠ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് മുരളി കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. ഹരജി വീണ്ടും 26ന് ബന്ധപ്പെട്ട മറ്റ് ഹരജികൾക്കൊപ്പം പരിഗണിക്കാൻ മാറ്റി.
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന വഖഫ് ബോർഡിന്‍റെ ഉത്തരവിനെതിരെ ഫാറൂഖ് കോളജ് മാനേജ്മെന്റ് നൽകിയ ഹരജി വഖഫ് ട്രൈബ്യൂണലിന്‍റെ പരിഗണനയിലാണ്. ഇതിനിടെയാണ് സെബാസ്റ്റ്യൻ ജോസഫ് കക്ഷിചേരാൻ ഹരജി നൽകുകയും അനുവദിക്കുകയും ചെയ്തത്. ഈ നടപടി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നൂർ മുഹമ്മദ് സേഠ് ഹൈകോടതിയെ സമീപിച്ചത്.
ഒറിജിനൽ നിയമനടപടികളിൽ കക്ഷിയല്ലാതിരുന്നവരെ അപ്പീൽ സ്വഭാവത്തിലുള്ള കേസിൽ കക്ഷി ചേർക്കാനാവില്ലെന്ന സുപ്രീം കോടതി ഉത്തരവടക്കം ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. ഹരജിയിൽ എതിർ കക്ഷികളായ സെബാസ്റ്റ്യൻ ജോസഫ്, വഖഫ് ബോർഡ്, ഫാറൂഖ് കോളജ് മാനേജ്മെന്റ് എന്നിവർക്ക് കോടതി നോട്ടീസ് ഉത്തരവായി. തുടർന്ന് സ്റ്റേ അനുവദിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.