എറണാകുളം: മുനമ്പത്ത് ഫാറൂഖ് കോളജിന് വഖഫ് ആയി ലഭിച്ച 404 ഏക്കർ ഭൂമി വഖഫ് പോർട്ടലായ ഉമീദിൽ രജിസ്റ്റർ ചെയ്തു. ഭൂമിയുടെ മുതവല്ലി സ്ഥാനം വഖഫ് ബോർഡ് ഏറ്റെടുത്താണ് രജിസ്ട്രേഷൻ പൂർത്തീകരിച്ചത്. ഇവിടെ താമസിക്കുന്ന ഇരുനൂറോളം കുടുംബങ്ങൾ റവന്യൂ അവകാശങ്ങൾക്കായുള്ള നിയമപോരാട്ടത്തിലാണ്.
ഫാറൂഖ് കോളജിന് സത്താർ സേഠ് എന്ന വ്യക്തി വഖഫ് ചെയ്ത ഭൂമി പിന്നീട് അന്യാധീനപ്പെടുകയും വിൽപ്പന നടത്തുകയുമായിരുന്നു. ഇരുനൂറോളം കുടുംബങ്ങളുടെ കൈയിലാണ് നിലവിൽ ഈ ഭൂമി. ഭൂമി വഖഫാല്ലെന്ന നിലപാടാണ് ഫാറൂഖ് കോളജ് മാനേജ്മെന്‍റ് സ്വീകരിച്ചിരുന്നത്. എന്നാൽ ഭൂമി വഖഫാണെന്ന നിലപാടാണ് വഖഫ് ബോർഡ് സ്വീകരിച്ചത്. ഭൂമി വഖഫല്ലെന്ന ഹൈക്കോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ഇതിന്‍റെ തുടർച്ചയാണ് മുനമ്പത്തെ 404 ഏക്കറും കേന്ദ്ര വഖഫ് പോർട്ടലായ ഉമീദിൽ രജിസ്റ്റർ ചെയ്തത്.
രേഖകൾ പ്രകാരം, ഈ ഭൂമിയുടെ മുതവല്ലി ഫാറൂഖ് കോളജാണ്. എന്നാൽ, ഭൂമി വഖഫല്ലെന്ന നിലപാട് ഫാറൂഖ് കോളജ് തുടരുന്ന സാഹചര്യത്തിൽ വഖഫ് ബോർഡ് തന്നെ മുതവല്ലി സ്ഥാനം ഏറ്റെടുത്ത് രജിസ്ട്രേഷൻ പൂർത്തിയാക്കുകയായിരുന്നു. ഭൂമി വഖഫാണോ എന്ന കാര്യത്തിൽ സുപ്രിംകോടതി വിധിയാണ് അന്തിമമാവുക. ഭൂമി അന്യാധീനപ്പെട്ടതിന്‍റെ ഉത്തരവാദിത്തം ഫാറൂഖ് കോളജ് ഏറ്റെടുത്ത് താമസക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് വഖഫ് ബോർഡിന്‍റെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.