കൊച്ചി: മുനമ്പത്തെ 404.76 ഏക്കർ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച സി.എൻ. രാമചന്ദ്രൻ കമീഷന്റെ നിയമനം റദ്ദ് ചെയ്ത ഹൈകോടതി വിധിയെ വഖഫ് സംരക്ഷണ സമിതി ചെയർമാൻ ഷരീഫ് പുത്തൻപുരയും കൺവീനർ ടി.എ. മുജീബ് റഹ്മാനും സ്വാഗതംചെയ്തു. മുനമ്പം വിഷയത്തിൽ സർക്കാർ നിലപാട് തെറ്റാണെന്ന് ബോധ്യപ്പെടുത്തുന്ന വിധിയാണ് കോടതിയിൽനിന്ന് ഉണ്ടായത്.
വഖഫ് ഭൂമിയാണെന്ന മുൻകാല കോടതി വിധികളും 2008ൽ സർക്കാർതന്നെ നിയോഗിച്ച നിസാർ കമീഷൻ റിപ്പോർട്ടും അവഗണിച്ച് പുതിയ അന്വേഷണ കമീഷനെ നിയമിച്ച സർക്കാർ നടപടി തെറ്റാണെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ റിസോർട്ടുകൾ ഉൾപ്പെടെയുള്ള കൈയേറ്റക്കാരെ ഒഴിപ്പിച്ച് മുനമ്പത്തെ വഖഫ് ഭൂമി സംരക്ഷിക്കാൻ സർക്കാർ തയാറാകണമെന്ന് വഖഫ് സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
കൊച്ചി: മുനമ്പം ജുഡീഷ്യൽ കമീഷൻ നിയമനം റദ്ദാക്കിയ ഹൈകോടതി വിധി നിരാശജനകമാണെന്ന് മുനമ്പം ഭൂസമര സമിതി. ഹൈകോടതി വിധിക്കുശേഷം പ്രതികരിക്കുകയായിരുന്നു അവർ. വിധി ആശങ്കജനകമാണ്. സർക്കാറിനുള്ള അധികാരങ്ങൾ ഉപയോഗിച്ച് ഭൂമിയുടെ ഉടമസ്ഥാവകാശം ഭൂവുടമകൾക്ക് തിരിച്ചുനൽകണം.
പ്രശ്നത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷിച്ച ഘട്ടത്തിലാണ് സർക്കാർ കമീഷനെ നിയോഗിച്ചത്. കമീഷൻ നിയമനത്തിന്റെ തുടക്കത്തിൽതന്നെ തങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രി നൽകിയ ഉറപ്പിലാണ് തങ്ങൾ സഹകരിച്ചതെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
കൊച്ചി: മുനമ്പം വഖഫ് ഭൂമി സംബന്ധിച്ച് സർക്കാർ നിയമിച്ച ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ കമീഷനെ അസാധുവാക്കിയ ഹൈകോടതി വിധി സ്വാഗതാർഹമാണെന്ന് ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ-ജമാഅത്ത് ഫെഡറേഷൻ സംയുക്ത നേതൃയോഗം അഭിപ്രായപ്പെട്ടു. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് പറഞ്ഞവർക്കുള്ള തിരുത്തുകൂടിയാണ് കോടതിവിധി. മുനമ്പം വിഷയത്തിന്റെ പേരിൽ സാമൂഹിക സൗഹാർദം തകർത്ത് രാഷ്ട്രീയനേട്ടം കൊയ്യാമെന്ന് കരുതിയവർ ഇനിയെങ്കിലും അതിൽനിന്ന് പിന്തിരിയണം. ഈ വിഷയത്തിൽ ഇനിയുണ്ടാകുന്ന എല്ലാ വ്യവഹാരങ്ങളിലും കക്ഷിചേരും. ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അധ്യക്ഷത വഹിച്ചു.
കണ്ണൂർ: മുനമ്പം വിഷയത്തിൽ സർക്കാർ ഇനി എന്താണ് ചെയ്യേണ്ടതെന്ന് കോടതി തന്നെ പറയട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുനമ്പം ജുഡീഷ്യൽ കമീഷനെ അസാധുവാക്കിയ കോടതി നടപടിയോട് കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇനി എന്തുവേണമെന്ന് കോടതി തന്നെ പറഞ്ഞാൽ പിന്നീട് പ്രശ്നമുണ്ടാകില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.
ആശാ വർക്കർമാരുടെ സമരം കൈകാര്യം ചെയ്യുന്നത് ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും എസ്.യു.സി.ഐയുമാണെന്ന് എം.വി. ഗോവിന്ദൻ ആവർത്തിച്ചു. സമരത്തെ സി.പി.എം എതിർക്കുന്നില്ല. സമരവേളയിൽ ആശാ വർക്കർമാർക്ക് പരിശീലനം നിശ്ചയിച്ചതിനുപിന്നിൽ അസ്വാഭാവികതയൊന്നുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കൊച്ചി: മുനമ്പം കമീഷനെ നിയമിച്ച നടപടി റദ്ദാക്കിയ ഹൈകോടതി വിധി സ്വാഗതാര്‍ഹമാണെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി. മുന്‍ കോടതി വിധികളും നിസാര്‍ കമീഷന് കണ്ടെത്തിയ വസ്തുതകളും നിലനില്‍ക്കെ മറ്റൊരു കമീഷന് നിയമസാധുത ഇല്ലെന്ന കോടതിയുടെ വിധി സര്‍ക്കാര്‍ ഗൗരവമായി കാണണം. കൈയേറ്റക്കാരെ ഒഴിപ്പിച്ച് വഖഫ് സ്വത്ത് തിരിച്ചുപിടിക്കണമെന്നും പി.ഡി.പി വൈസ് ചെയര്മാന് അഡ്വ. മുട്ടം നാസര്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: മുനമ്പം വഖഫ് വിഷയത്തിൽ സി.എൻ. രാമചന്ദ്രൻ കമീഷൻ അസാധുവാണെന്ന് ഹൈകോടതി പറഞ്ഞതോടെ, ബി.ജെ.പി നിലപാട് ശരിയെന്ന് തെളിഞ്ഞതായി മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. മുനമ്പത്തെ പ്രശ്നത്തിന് ശാശ്വതപരിഹാരം കേന്ദ്രനിയമത്തിലെ ഭേദഗതിയിലൂടെ മാത്രമേ സാധ്യമാകൂയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. വഖഫുമായി ബന്ധപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയം പിൻവലിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.