ശശി തരൂരിനെ നിയന്ത്രിക്കണമെന്ന് മുല്ലപ്പള്ളി; തരൂർ യു.ഡി.എഫ് നിലപാടിനൊപ്പമാണെന്ന് സതീശൻ

കെ-റെയിൽ വിഷയത്തിൽ യു.ഡി.എഫ് നിലപാടിന് വിരുദ്ധമായ നിലപാട് കൈക്കൊണ്ട ശശി തരൂർ എം.പിയെ നിയന്ത്രിക്കണമെന്ന് കെ.പി.സി.സി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അതേസമയം, തരൂരിനെ കുറ്റപ്പെടുത്താത്ത നിലപാടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്വീകരിച്ചത്.

തരൂരിനെ നിയന്ത്രിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ശശി തരൂരിനെ നിയന്ത്രിക്കേണ്ടത് അഖിലേന്ത്യ കോൺഗ്രസ് നേതൃത്വം ആണ്. ഇക്ക‌ാര്യത്തിൽ നേതൃത്വം ഇടപെടണം. സാധാരണ കോൺഗ്രസ് പ്രവർത്തകർ രാപ്പകൽ കഷ്ടപ്പെട്ടാണ് തരൂരിനെ വിജയിപ്പിച്ചത്. തരൂർ പാർട്ടിയെ മറന്നുകൊണ്ട് അഭിപ്രായം പറയാൻ പാടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

എന്നാൽ, ശശി തരൂർ യു.ഡി.എഫ് നിലപാടിനൊപ്പം നിൽക്കുമെന്നാണ് വി.ഡി. സതീശൻ പ്രതികരിച്ചത്. സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് യു.ഡി.എഫ് ഉന്നയിച്ച ചോദ്യങ്ങൾ പ്രസക്തമാണെന്ന് തരൂർ തനിക്ക് മറുപടി നൽകിയിട്ടുണ്ട്. നിലപാട് തരൂർ പരസ്യമായി പറയുമെന്നും സതീശൻ പറഞ്ഞു.

കെ-റെയിലിലും സി.പി.എം വർഗീയത നിറയ്ക്കുകയാണ്. ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്തതുകൊണ്ടാണ് വര്‍ഗീയ പ്രചാരണം നടത്തുന്നത്. കോടതിയെ പരിഹസിക്കുകയാണ് സർക്കാരെന്നും വി.ഡി. സതീശന്‍ പറഞ്ഞു. സി.പി.ഐക്കും പദ്ധതിയില്‍ എതിർപ്പുണ്ട്, അവർ വർഗീയ സംഘടനയാണോ. വിഷയം മുഖ്യമന്ത്രിക്ക് ചുറ്റും കൂടിയവരും കമ്പനികളും ചർച്ച ചെയ്താൽ പോരാ, ജനങ്ങളെ ബാധിക്കുന്ന പ്രശ്നമാണ്. ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ കെ-റെയിലുമായി മുന്നോട്ട് പോവാൻ അനുവദിക്കില്ലെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തരൂരിനെതിരെ വിമർശനവുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും രംഗത്തെത്തിയിരുന്നു. വിഷയത്തിൽ തരൂരിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്​. പാർട്ടി എം.പിമാരെല്ലാം പാർട്ടിക്ക്​ വഴിപ്പെടണം. പാർട്ടിക്ക്​ വിധേയപ്പെട്ടി​ല്ലെങ്കിൽ തരൂർ പാർട്ടിയിൽ ഉണ്ടാകില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു.

അതിനിടെ, സംസ്ഥാന സർക്കാറിനെ പുകഴ്ത്തി ശശി തരൂർ ഇന്ന് ട്വീറ്റ് ചെയ്തിരുന്നു. നിതി ആയോഗിന്‍റെ ദേശീയ ആരോഗ്യ സൂചികയിൽ ഒന്നാമതുള്ള കേരളത്തെ പുകഴ്ത്തിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ചുമായിരുന്നു ട്വീറ്റ്. കേരളം ആരോഗ്യമേഖലയിൽ യു.പിയെ കണ്ട് പഠിക്കണമെന്ന ആദിത്യനാഥിന്‍റെ പഴയ പ്രസ്താവനയുടെ സ്ക്രീൻ ഷോട്ട് സഹിതമായിരുന്നു ട്വീറ്റ്.

'ആരോഗ്യരംഗം മാത്രമല്ല സദ്ഭരണവും എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള രാഷ്ട്രീയവും യോഗി കേരളത്തിൽ നിന്ന് പഠിക്കുകയാണെങ്കിൽ രാജ്യത്തിന് ഉപകാരപ്പെടും. എന്നാൽ, രാജ്യത്തെ അവരുടെ നിലവാരത്തിലേക്ക് വലിച്ചു താഴ്ത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്' -യോഗിയെ ടാഗ് ചെയ്തുകൊണ്ട് തരൂർ ട്വീറ്റ് ചെയ്തു. 

Tags:    
News Summary - mullappally ramachandran ctiticise shashi tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.