എം.എസ്.സി എൽസ-3 കപ്പൽ
കൊച്ചി: കേരളതീരത്ത് അറബിക്കടലിൽ എം.എസ്.സി എൽസ-3 കപ്പൽ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരമായി 1227.62 കോടി രൂപ കമ്പനി കെട്ടിവെക്കാൻ ഹൈകോടതി ഉത്തരവ്. കപ്പൽ മുങ്ങിയതിനെത്തുടർന്നുണ്ടായ പരിസ്ഥിതി നാശത്തിന് 9531 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച അഡ്മിറാലിറ്റി സ്യൂട്ടിലാണ് ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കീമിന്റെ ഉത്തരവ്.
ഈ തുകയോ ഇതിന് തുല്യമായ സെക്യൂരിറ്റിയോ കെട്ടിവെച്ചാൽ ജൂലൈ ഏഴിലെ കോടതി ഉത്തരവ് പ്രകാരം വിഴിഞ്ഞം തുറമുഖത്ത് അറസ്റ്റ് ചെയ്തിട്ടിരിക്കുന്ന എം.എസ്.സി അക്കിറ്റെറ്റാറ്റ-2 എന്ന കപ്പൽ വിട്ടയക്കാനും കോടതി നിർദേശിച്ചു.
പരിസ്ഥിതിക്ക് ഉണ്ടാകാവുന്ന നാശനഷ്ടവും കേടുപാടുകളും പരമാവധി കുറക്കാൻ നടപടി സ്വീകരിക്കാൻ, പരിസ്ഥിതിക്കുണ്ടായ കേടുപാടുകൾ മാറ്റാൻ, മത്സ്യത്തൊഴിലാളികൾക്കുണ്ടായ സാമ്പത്തികനഷ്ടം നികത്താൻ തുടങ്ങിയ വിഭാഗങ്ങളിലായാണ് 9531 കോടിയുടെ നഷ്ടപരിഹാരം സർക്കാർ ആവശ്യപ്പെട്ടത്.
എന്നാൽ, എം.എസ്.സി-3 കപ്പൽ മുങ്ങിയതുമൂലം ഗുരുതര പാരിസ്ഥിതികപ്രശ്നം ഉണ്ടായിട്ടില്ലെന്നും കേരള തീരത്തുനിന്ന് 14.5 നോട്ടിക്കൽ മൈലിന് പുറത്തായതിനാൽ കേന്ദ്രസർക്കാറിനല്ലാതെ സംസ്ഥാനത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്യാൻ അധികാരമില്ലെന്നുമായിരുന്നു സ്വിറ്റ്സർലൻഡ് ആസ്ഥാനമായ എം.എസ്.സി മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ വാദം. മുങ്ങിയ കപ്പലും ഇപ്പോൾ വിഴിഞ്ഞം തുറമുഖത്ത് അറസ്റ്റ് ചെയ്തിട്ടിരിക്കുന്ന എം.എസ്.സി അക്കിറ്റെറ്റ-2 കപ്പലിന്റെയും ഉടമകൾ വ്യത്യസ്തരാണെന്നും വാദമുന്നയിച്ചു. ഈ വാദങ്ങളും ഇരുവിഭാഗവും സമർപ്പിച്ച രേഖകളും പരിഗണിച്ചാണ് 1227.62 കോടി രൂപ നഷ്ടപരിഹാരമായി കെട്ടിവെക്കാൻ കോടതി ഉത്തരവിട്ടത്.
നഷ്ടപരിഹാരമായി സർക്കാർ ആവശ്യപ്പെട്ട 9531 കോടി രൂപക്ക് സെക്യൂരിറ്റി നൽകുന്നതുവരെ കപ്പൽ അറസ്റ്റ് ചെയ്യണമെന്നായിരുന്നു മുൻ ഉത്തരവ്. നിലവിൽ 1227 കോടി രൂപ സെക്യൂരിറ്റി നിശ്ചയിച്ചതു കൂടുതൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ കൂട്ടിച്ചോദിക്കാൻ സർക്കാറിന് തടസ്സമില്ലെന്ന് ഉത്തരവിൽ പറയുന്നു. അധിക സെക്യൂരിറ്റിക്കായി ഇതേ കമ്പനിയുടെ മറ്റേതെങ്കിലും കപ്പൽ തടഞ്ഞുവെക്കണമെന്ന ആവശ്യവുമുന്നയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.