ജയിലിലായ ബി.ജെ.പി കൗൺസിലർ സുഗതനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് നടത്തിയ പ്രതിഷേധത്തിനിടയിലൂടെ കടന്നുവന്ന മേയർ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയർ ആശനാഥ്, എൽ.ഡി.എഫ് കൗൺസിലർ വഞ്ചിയൂർ ബാബു എന്നിവർ ഉന്തിലും തള്ളിലും വീഴുന്നു 

കാപ്പയിലും ഹൈകോടതി വിധിയിലും കുടുങ്ങി തലസ്ഥാന ഭരണം; ബി.ജെ.പിയിൽ പ്രതിസന്ധി

തിരുവനന്തപുരം: ഹൈകോടതി സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ടവരിൽ, ‘കാപ്പ’ കേസിൽ ജയിലിലുള്ള വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതനും ഉൾപ്പെട്ടതോടെ, ആറുമാസം പ്രായമായ തിരുവനന്തപുരം കോർപറേഷൻ ബി.ജെ.പി ഭരണസമിതി പ്രതിസന്ധിയിൽ.

അപകടം മണത്ത് സുഗതന് പുനർസത്യപ്രതിജ്ഞ ചെയ്യാൻ ഒരുദിവസത്തെ ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പാർട്ടി. അതിനിടെ, കാപ്പ ചുമത്തിയ നടപടിക്ക് ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കിയതോടെ, സുഗതനെ കൗൺസിലിൽനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കി. തുടർന്നുണ്ടായ സംഘർഷത്തിനും കൈയാങ്കളിക്കും വ്യാഴാഴ്ച നഗരസഭ കാര്യാലയം സാക്ഷ്യം വഹിച്ചു.

സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 ബി.ജെ.പി കൗൺസിലർമാരിൽ ഒരാളായ സുഗതൻ ഗുരുദേവ നാമത്തിലായിരുന്നു സത്യവാചകം ചൊല്ലിയിരുന്നത്. സുഗതൻ ഒഴികെ ബാക്കി 19 കൗൺസിലർമാരും കഴിഞ്ഞദിവസം വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. പുനർസത്യപ്രതിജ്ഞക്ക് നാലാഴ്ച സമയമാണ് ഹൈകോടതി അനുവദിച്ചത്.

ഇതിനകം സാധ്യമായില്ലെങ്കിൽ സുഗതൻ അയോഗ്യനാക്കപ്പെടും. അങ്ങനെ സംഭവിച്ചാൽ കേവല ഭൂരിപക്ഷമില്ലാത്ത ഭരണസമിതിയുടെ നിലനിൽപ് അവതാളത്തിലാകുമെന്നാണ് ബി.ജെ.പിയുടെ ആശങ്ക. ഹൈകോടതിയെ സമീപിക്കുന്നതിനു പുറമെ, കാപ്പ ഇളവ് തേടി കാപ്പാ ബോർഡിനെയും സമീപിക്കാനാണ് സുഗതന്‍റെ നീക്കം.

അതിനിടെ, ഹൈകോടതി ഉത്തരവിലെ നിബന്ധനകൾ പാലിക്കാതെയാണ് സത്യപ്രതിജ്ഞയെന്ന പരാതിയുമായി എൽ.ഡി.എഫും യു.ഡി.എഫും രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് തദ്ദേശ ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകി.

പുനർസത്യപ്രതിജ്ഞ ചട്ടവിരുദ്ധമെന്ന പരാതിയിൽ സർക്കാറും നിയമോപദേശം തേടും. ഇതിനു പുറമെ, സത്യപ്രതിജ്ഞ അസാധുവാക്കിയവരിൽപെട്ട ഡെപ്യൂട്ടി മേയർ ആശാനാഥിന്‍റെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകാനും എൽ.ഡി.എഫ് ഒരുങ്ങുകയാണ്. സുഗതന് സത്യപ്രതിജ്ഞക്ക് കോടതി അവസരം നൽകാതിരിക്കുകയോ വീണ്ടും ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിന് കോടതി നിർദേശിക്കുകയോ ചെയ്താൽ അത് ബി.ജെ.പിക്ക് വെല്ലുവിളിയാകും.

101 അംഗങ്ങളുള്ള കോർപറേഷനിൽ 50 പേരാണ് ബി.ജെ.പിക്ക്. കണ്ണമ്മൂലയിൽ നിന്നുള്ള സ്വതന്ത്രൻ പാറ്റൂർ രാധാകൃഷ്ണന്‍റെ പിന്തുണയിലാണ് ഭരണം മുന്നോട്ട് പോകുന്നത്. വധശ്രമക്കേസിലാണ് സുഗതനെതിരെ കാപ്പ ചുമത്തപ്പെട്ടത്. 29ന് കൗൺസിൽ യോഗം ചേരുന്നുണ്ട്. അന്ന് സുഗതൻ പങ്കെടുക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ആ ദിവസം ബി.ജെ.പി ഭരണസമിതിക്ക് നിർണായകമാണ്. 

Tags:    
News Summary - BJP rule in Thiruvananthapuram Corporation in crisis over KAAPA, HC oath invalidation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.