കൊച്ചി: ഹൈബി ഈഡൻ എം.പിയുടെ വീട്ടുവളപ്പിൽ അതിക്രമിച്ചു കടന്ന് സാധനസാമഗ്രികൾ അടിച്ചുതകർക്കുകയും കൊല്ലുമെന്നു ഭീഷണി മുഴക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. എം.പിയുടെ മുൻ സഹപാഠിയും തൃപ്പൂണിത്തുറ സ്വദേശിയുമായ അലക്സ് ചാക്കോയാണ് (43) അറസ്റ്റിലായത്. പാലാരിവട്ടം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
എറണാകുളം കലൂർ ജോർജ് ഈഡൻ റോഡിലെ അമ്പാട്ട് വീട്ടിൽ പുലർച്ചെ 2.45നായിരുന്നു സംഭവം. താൻ എം.പിയുടെ വസതിയിൽ അതിക്രമം നടത്തിയെന്നും കാർ കത്തിക്കാൻ പോവുകയാണെന്നും പ്രതി പിന്നീട് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചു.
എന്നാൽ, രാവിലെ എം.പിയുടെ ഭാര്യ അന്ന ലിൻഡ കൺട്രോൾ റൂമിൽ വിളിച്ച് പരാതി അറിയിച്ച ശേഷമാണ് പൊലീസ് എത്തിയതെന്ന് ആരോപണമുണ്ട്. സംഭവസ്ഥലം പാലാരിവട്ടം പൊലീസിന്റെ പരിധിയിലായതിനാൽ നോർത്ത് പൊലീസ് സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് പാലാരിവട്ടം സ്റ്റേഷനിലേക്ക് കൈമാറി.
രാത്രി 12.45ന് പ്രതി എം.പിയുടെയും ഭാര്യയുടെയും വാട്സ്ആപ് നമ്പറുകളിലേക്കു ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നു. ഫോണിൽ വിളിച്ചും കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. പുലർച്ചെ മൂന്നോടെ എന്തോ എറിഞ്ഞു പൊട്ടിക്കുന്ന ശബ്ദം കേട്ട് ഹൈബിയും ഭാര്യയും എഴുന്നേറ്റെങ്കിലും ആരെയും കണ്ടില്ല.
ടോർച്ച് തെളിച്ചു ജനലിലൂടെ പുറത്തേക്കു നോക്കിയപ്പോൾ ഒരു കാർ വേഗത്തിൽ റിവേഴ്സ് എടുത്തു പോകുന്നത് കണ്ടതായി ഹൈബി പറഞ്ഞു. രാവിലെ പുറത്തിറങ്ങി നോക്കിയപ്പോഴാണ് വീടിന്റെ മുന്നിലെ മുപ്പതോളം സെറാമിക് ചെടിച്ചട്ടികൾ സിറ്റ്ഔട്ടിലും സമീപത്തുമായി തകർത്തത് കണ്ടത്.
പൊട്ടിക്കിടക്കുന്ന ചെടിച്ചട്ടികൾക്ക് ഇടയിൽനിന്നു മുന്നിലെ സി.സി.ടി.വി കാമറയിൽ മുഖം പതിയുന്ന വിധത്തിൽ സെൽഫി വിഡിയോ എടുത്ത പ്രതി ഈ ദൃശ്യങ്ങളും അക്രമവിവരം പൊലീസിൽ കൺട്രോൾ റൂമിൽ അറിയിക്കുന്നതിന്റെ ഫോൺ റെക്കോർഡിങ്ങും എം.പിക്കും ഭാര്യക്കും വാട്സ്ആപിൽ അയച്ചു നൽകുകയും ചെയ്തു.
എം.പിയുടെ വീട് താൻ തല്ലിത്തകർത്തതായും കാർ ഉടൻ കത്തിക്കുമെന്നുമാണ് കൺട്രോൾ റൂമിലേക്കു വിളിച്ച് പ്രതി ഭീഷണി മുഴക്കിയത്.
ഹൈബിയുടെ പ്രീഡിഗ്രി കാലത്തെ സഹപാഠിയാണ് അലക്സ്. വീടിന്റെ ജപ്തി നടപടികൾ എം.പി ഇടപെട്ടു തടയണമെന്ന ആവശ്യം പ്രതി ഉന്നയിച്ചിരുന്നു. എന്നാൽ, ബാങ്ക് നടപടികളിൽ ഇടപെടാനുള്ള പരിമിതികൾ എം.പി ചൂണ്ടിക്കാട്ടി. ഇതിൽ പ്രകോപിതനായാണ് അതിക്രമം നടത്തിയതെന്നാണ് കരുതുന്നത്. തന്നെ പ്രതി അസമയത്തു വിളിച്ച് പലപ്പോഴും വർഗീയച്ചുവയുള്ള കാര്യങ്ങൾ പറഞ്ഞ് ശല്യം ചെയ്യൽ പതിവായിരുന്നുവെന്ന് ഹൈബി പറഞ്ഞു.പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.