മാസംതോറും വൈദ്യുതിനിരക്ക് പരിഷ്കരണം: കേരളത്തിന് എതിർപ്പ്

തിരുവനന്തപുരം: മാസംതോറും വൈദ്യുതിനിരക്ക് കൂട്ടണമെന്ന നിയമഭേദഗതി അംഗീകരിക്കാനാവില്ലെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു. ഇത് വിതരണ കമ്പനികൾക്ക് അനർഹമായ നേട്ടമുണ്ടാക്കുമെന്നും ഉപഭോക്താക്കൾക്ക് ദുരിതമാകുമെന്നുമാണ് കേരളത്തിന്‍റെ അഭിപ്രായം.

വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ ഇന്ധനത്തിന്‍റെ വിലയിലുണ്ടാകുന്ന വർധന സർച്ചാർജായി എല്ലാ മാസവും ഈടാക്കാമെന്നാണ് കേന്ദ്രം തയാറാക്കിയ വൈദ്യുതിചട്ടത്തിൽ നിർദേശിക്കുന്നത്. ഇന്ധന സർച്ചാർജ് ഇപ്പോൾ മൂന്നുമാസത്തിലൊരിക്കലാണ് കണക്കാക്കുന്നത്. എത്ര തുക ഈടാക്കാമെന്ന് തീരുമാനിക്കുന്നത് സംസ്ഥാനങ്ങളിലെ റെഗുലേറ്ററി കമീഷനുകളാണ്. സംസ്ഥാനത്തെ സാഹചര്യങ്ങൾ പരിഗണിച്ച് പലപ്പോഴും ഇത് ഈടാക്കുന്നത് നീട്ടിവെക്കുകയാണ് കമീഷൻ ചെയ്യാറ്. കമീഷനുകളുടെ മുൻകൂർ അനുമതിയില്ലാതെ ഇത് മാസംതോറും വൈദ്യുതി ബില്ലിൽ ചുമത്തി ഈടാക്കാമെന്നാണ് കേന്ദ്രത്തിന്‍റെ പുതിയ നിർദേശം.

പുതിയ ചട്ടം നടപ്പാക്കിയാൽ പെട്രോൾ, ഡീസൽ വില അടിക്കടി കൂടുന്നതുപോലെ വൈദ്യുതി നിരക്കും കൂടും. താരിഫ് നിർണയത്തിൽ റെഗുലേറ്ററി കമീഷനുകളുടെ കർശന പരിശോധന ആവശ്യമാണ്. എന്നാൽ, സർച്ചാർജിന്റെ കാര്യത്തിൽ വർഷത്തിലൊരിക്കൽ റെഗുലേറ്ററി കമീഷൻ പരിശോധിച്ചാൽ മതിയെന്ന കേന്ദ്രനിർദേശം കമീഷനുകളുടെ അധികാരത്തിൽ വെള്ളം ചേർക്കുന്നതാണെന്നും കേരളം കേന്ദ്ര ഊർജ മന്ത്രാലയത്തെ അറിയിച്ചതായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.

Tags:    
News Summary - Monthly Electricity Tariff Revision: Opposition to Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.