'ഓമ്പ്രാ, നീയാണല്ലോ കോടതി' -ഗവർണറെ പരിഹസിച്ച് എം.എം. മണി

തിരുവനന്തപുരം: ധനമന്ത്രി ബാലഗോപാലിനെ മരന്തിസ്ഥാനത്തുനിന്ന് തിരിച്ചുവിളിക്കണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആവശ്യത്തെ പരിഹസിച്ച് സി.പി.എം നേതാവ് എം.എം. മണി എം.എൽ.എ. 'ഓമ്പ്രാ, നീയാണല്ലോ കോടതി' എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

ധനമന്ത്രി കെ.എൻ. ബാലഗോപാലിൽ തന്‍റെ പ്രീതി നഷ്ടമായെന്നും ഉചിത നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. അതേസമയം ഗവർണറുടെ തിട്ടൂരം തള്ളി മുഖ്യമന്ത്രി രാജ്ഭവന് കത്ത് നൽകി.

ഗവർണർ പദവിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തുന്ന മന്ത്രിമാരിൽ തന്‍റെ സമ്മതി (പ്ലഷൻ) പിൻവലിക്കുമെന്ന് കഴിഞ്ഞ 18ന് രാജ്ഭവൻ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടിരുന്നു. പിന്നീട് നടത്തിയ വാർത്താസമ്മേളനത്തിലും മന്ത്രി കെ.എൻ. ബാലഗോപാലിനെതിരെ ഗവർണർ വിമർശം നടത്തുകയും ചെയ്തു. പിന്നാലേയാണ് ഇപ്പോൾ മുഖ്യമന്ത്രിക്ക് നടപടി ആവശ്യപ്പെട്ട് കത്ത് നൽകിയത്.

കേരള സർവകലാശാലയിൽ നടന്ന ചടങ്ങിൽ ബനാറസ് ഹിന്ദു സർവകലാശാലയിലെ ഒരു സംഭവം വിശദീകരിച്ച ധനമന്ത്രി അവിടെ നിന്ന് വരുന്നവർക്ക് കേരളത്തിലെ സർവകലാശാലകളുടെ സാഹചര്യം അറിയില്ലെന്ന് സൂചിപ്പിച്ചിരുന്നു. ഇതാണ് ഗവർണറെ പ്രകോപ്പിച്ചത്. രാജ്യത്തിന്‍റെ ഐക്യത്തെ തകർക്കുന്ന ബോധപൂർവ പരാമർശമാണ് ധനമന്ത്രി നടത്തിയതെന്ന് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു. ഈ സാഹചര്യത്തിൽ തന്‍റെ സമ്മതി തുടരാൻ കഴിയില്ല. തന്‍റെ സമ്മതി പിൻവലിച്ച വിവരം മുഖ്യമന്ത്രിയെ അറിയിക്കുകയാണെന്നും ഇത് മുഖ്യമന്ത്രി ഗൗരവമായി പരിഗണിക്കണമെന്നും ഭരണഘടനപ്രകാരം നടപടി എടുക്കണമെന്നും ഗവർണർ കത്തിൽ നിർദേശിച്ചു. ഇതിനെയാണ് എം.എം. മണി ഫേസ്ബുക്കിൽ പരിഹസിച്ചത്.

Tags:    
News Summary - MM Mani slams Governor Arif Mohammad Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.