കാണാതായ കൊല്ലം അഞ്ചൽ  മുഹമ്മദ് അഫ്രാനെ കണ്ടെത്തിയപ്പോൾ. കുട്ടിയെ കണ്ടെത്തിയ ടാപ്പിങ് തൊഴിലാളിയായ സുനിൽ

ചെങ്കുത്തായ സ്ഥലത്ത് രണ്ടുവയസ്സുകാരൻ എങ്ങനെ എത്തി? അഞ്ചലിൽ കുട്ടിയെ കാണാതായ സംഭവത്തിൽ അടിമുടി ദുരൂഹത

അഞ്ചൽ: രണ്ട് വയസ്സ് പ്രായമുള്ള കുട്ടിയെ 13 മണിക്കൂറോളം കാണാതായതും പിന്നീട് കണ്ടെത്തിയതുമായ സംഭവത്തിലാകെ ദുരൂഹത. വലിയ മലയുടെ അടിവാരത്തിൽ സ്ഥിതിചെയ്യുന്ന വീട്ടിൽനിന്ന് വെള്ളിയാഴ്ച വൈകീട്ടോടെ കാണാതായ അഫ്രാൻ ഒരുവിധ കുഴപ്പങ്ങളുമില്ലാതെ മലയുടെ ഏറ്റവും ഉയർന്ന സ്ഥലത്ത് ശനിയാഴ്ച പുലർച്ചെ എങ്ങനെ പ്രത്യക്ഷപ്പെട്ടു എന്നതാണ് നാട്ടുകാരുടെ സംശയം.

ടാപ്പിങ് തൊഴിലാളിയായ സുനിൽ കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് ഒരു പൊട്ടക്കിണറുണ്ടായിരുന്നു. ഇതറിയാവുന്ന ആരോ ആണ് കുട്ടിയെ സുരക്ഷിതമായി ഇവിടെ എത്തിച്ചതെന്ന സംശയം നാട്ടുകാർ ഉന്നയിക്കുന്നുണ്ട്. രാത്രി മുഴുവൻ നാട്ടുകാരും പൊലീസും ഫയർഫോഴ്സും പ്രദേശമാകെ അരിച്ചുപെറുക്കിയതാണ്.

പൊലീസ് നായ ഈ പ്രദേശത്ത് മാത്രമാണ് മണം പിടിച്ചു നിന്നത്. ചെങ്കുത്തായ കയറ്റമുള്ള റബർ പുരയിടത്തിൽ ചെറിയ കുട്ടി എങ്ങനെ ഒറ്റക്കെത്തി എന്നതും ചോദ്യമായി ഉയരുന്നു.  രാത്രിയിൽ മഴയുണ്ടായിരുന്നിട്ടും കണ്ടെത്തുന്ന സമയത്ത് കുട്ടി നനഞ്ഞതി‍െൻറ ലക്ഷണങ്ങളില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

ഒരു രാത്രി മുഴുവൻ ഉറങ്ങാതിരുന്നതി‍െൻറയോ ഭക്ഷണം കഴിക്കാതിരുന്നതി‍െൻറയോ ക്ഷീണമോ ആലസ്യമോ കുട്ടിയിൽ പ്രകടമായിരുന്നില്ലെന്ന് പുനലൂർ താലൂക്കാശുപത്രി അധികൃതരും വ്യക്തമാക്കി.

വീടുമായി അടുപ്പമുള്ളവരോ, പ്രദേശവാസികളോ ആയവരാണ് സംഭവത്തിന് പിന്നിലെന്നും സംശയിക്കുന്നു. സംഭവം നടന്ന് മിനിറ്റുകൾക്കകം തന്നെ സമൂഹ മാധ്യമങ്ങൾ വഴി വിവരം നാട്ടിൽ പ്രചരിച്ചിരുന്നു.

നാട്ടുകാരും പൊലീസും ഫയർഫോഴ്സും ഡോഗ് സ്ക്വാഡും ക രംഗത്തെത്തി തെരച്ചിൽ ആരംഭിച്ചതോടെ കുട്ടിയെ കടത്തിക്കൊണ്ട് പോകാൻ പറ്റാതെ ഉപേക്ഷിച്ചതാകാനും സാധ്യതയുള്ളതായി നാട്ടുകാർ പറയുന്നു. അഞ്ചൽ എസ്‌.എച്ച്.ഒ കെ.ജി. ഗോപകുമാറിന്‍റ നേതൃത്വത്തിലാണ് അന്വേഷണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.