മലപ്പുറം: മുസ്ലിം ലീഗിന്റെ മന്ത്രിചർച്ചയിൽ പ്രാഥമിക ധാരണ. ആരൊക്കെ മന്ത്രിമാർ എന്നതിന് പുറമെ വകുപ്പ് മാറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ധാരണയായതായാണ് വിവരം. കോൺഗ്രസ് നിർബന്ധം പിടിച്ചാൽ വിദ്യാഭ്യാസ വകുപ്പ് വിട്ടുകൊടുത്തേക്കും. പകരം ആരോഗ്യ വകുപ്പോ റവന്യൂ വകുപ്പോ ആവശ്യപ്പെടും.
അഞ്ചു മന്ത്രിസ്ഥാനങ്ങൾ ലഭിക്കുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. അതേസമയം, 63 എം.എൽ.എമാരുമായി ചരിത്രവിജയം നേടിയ കോൺഗ്രസ് കൂടുതൽ മന്ത്രിമാർക്ക് അവകാശവാദം ഉന്നയിക്കുകയാണെങ്കിൽ ലീഗിന്റെ മന്ത്രിമാരുടെ എണ്ണം നാലാകാനുള്ള സാധ്യതയും നേതൃത്വം മുന്നിൽ കാണുന്നു. അങ്ങനെ വന്നാൽ ഡെപ്യൂട്ടി സ്പീക്കർ പദവിയും ചീഫ് വിപ്പ് സ്ഥാനവും ആവശ്യപ്പെടും.
റെക്കോഡ് ഭൂരിപക്ഷത്തോടെ മലപ്പുറത്തുനിന്ന് വിജയിച്ച ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തന്നെയായിരിക്കും ലീഗ് മന്ത്രിമാരിലെ ഒന്നാമൻ. അദ്ദേഹം തന്നെയായിരിക്കും നിയമസഭകക്ഷി നേതാവ്. കുഞ്ഞാലിക്കുട്ടിക്ക് പുറമെ, വേങ്ങരയിൽനിന്ന് വിജയിച്ച സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിക്കാണ് മലപ്പുറം ജില്ലയിൽനിന്ന് കൂടുതൽ സാധ്യത. മണ്ണാർക്കാട്ടുനിന്ന് നാലാം തവണയും വിജയിച്ച എൻ. ഷംസുദ്ദീൻ പാലക്കാട് ജില്ലയിൽനിന്നുള്ള മന്ത്രിയാകും. അടുത്ത സാധ്യത ഏറനാട്ടുനിന്ന് നാലാം തവണയും വിജയിച്ച പി.കെ. ബഷീറിനാണ്. അല്ലാത്ത പക്ഷം കോഴിക്കോട് ജില്ലയിൽനിന്ന് ഒരു മന്ത്രിയുണ്ടാകും. കുറ്റ്യാടിയിൽനിന്ന് വിജയിച്ച പാറക്കൽ അബ്ദുല്ലയായിരിക്കും കോഴിക്കോട്ടെ മന്ത്രി.
അഞ്ചാം മന്ത്രിയുണ്ടാവുകയാണെങ്കിൽ മഞ്ചേശ്വരത്തുനിന്ന് രണ്ടാം തവണ ഭൂരിപക്ഷം വർധിപ്പിച്ച് വിജയിച്ച എ.കെ.എം. അഷ്റഫിനാണ് സാധ്യത. അതേസമയം, നാലു മന്ത്രിസ്ഥാനമാണ് ലഭിക്കുന്നതെങ്കിൽ എ.കെ.എം. അഷ്റഫിന് ഡെപ്യൂട്ടി സ്പീക്കർ പദവിയോ ചീഫ് വിപ്പ് സ്ഥാനമോ നൽകിയേക്കും. അതോടൊപ്പം മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ഡോ. എം.കെ. മുനീറിനെ ഭരണപരിഷ്കാര കമീഷൻ ചെയർമാനാക്കണമെന്ന ആവശ്യവും ലീഗ് യു.ഡി.എഫിൽ ഉന്നയിക്കാൻ സാധ്യതയുണ്ട്.
ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കാനുള്ള സാധ്യതയും നേതൃത്വം തള്ളുന്നില്ല. എന്നാൽ, അതിനായി മുന്നണിയിൽ സമ്മർദം ചെലുത്തില്ലെന്ന നിലപാടിൽ തന്നെയാണ് നേതാക്കൾ. ഉപമുഖ്യമന്ത്രിക്കായി താൽപര്യമറിയിക്കുമെങ്കിലും യു.ഡി.എഫിൽ സമവായത്തിലെത്തിയാൽ മാത്രമേ ഈ ആവശ്യത്തിൽ ഉറച്ചുനിൽക്കൂ. അല്ലാത്ത പക്ഷം മുന്നണിയിൽ അസ്വാരസ്യമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന നിലപാടിലാണ് നേതൃത്വം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.