തിരുവനന്തപുരം: സർക്കാറിനെതിരെ ഇടതുമുന്നണി ഉടൻ പ്രക്ഷോഭത്തിനില്ലെന്ന സൂചന നൽകിയ എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. സർക്കാർ മൂന്നുമാസം തികയുന്നതേയുള്ളൂവെന്നും ഏതൊരു സർക്കാറിനെ സംബന്ധിച്ചും ഇത് വലിയ സമയമല്ലെന്നും മുന്നണി യോഗ ശേഷം രാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സർക്കാർ എങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്ന് മൂന്ന് മാസം കൊണ്ട് ജനങ്ങൾക്ക് വ്യക്തമാകും. പ്രതിപക്ഷത്തായിരുന്നപ്പോൾ എതിർത്ത പദ്ധതികളെയെല്ലാം ഇപ്പോൾ പിന്തുണയ്ക്കുകയാണ് യു.ഡി.എഫ് . ഇത് ജനദ്രോഹ സമീപനമാണ്. ഈ ജനവിരുദ്ധ നിലപാടിൽ നിന്നും മാറണം എന്നാണ് സർക്കാറിനോട് പറയാനുള്ളത്. അല്ലാത്ത പക്ഷം അടുത്ത നടപടികളിലേക്ക് പ്രതിപക്ഷം കടക്കും. അടുത്ത മാസം വീണ്ടും മുന്നണി യോഗം ചേരുന്നുണ്ട്.
കേരളത്തിലെ മുഖ്യമന്ത്രി പറയുന്നതെല്ലാം വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ്. ആളുകളെ പരിഹസിക്കൽ ഭരണാധികാരിക്ക് ചേർന്നതാണോ. ഭരണാധികാരികൾക്ക് ഇഷ്ടമുള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ ആളുകൾ പറഞ്ഞിരിക്കും. അവരോട് നേരെ തിരിച്ചും അതുപോലെയാണോ പ്രതികരിക്കേണ്ടത്. അദ്ദേഹത്തിന്റെ നുണകൾ സംബന്ധിച്ചുള്ള പട്ടിക തയ്യാറാക്കുന്നുണ്ട്. അതുമായി മാധ്യമങ്ങളെ വീണ്ടും കാണും-ടി.പി രാമകൃഷ്ണൻ പറഞ്ഞു. കേരളത്തിൽ 38 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. ഇവിടങ്ങളിലെല്ലാം കൃത്യമായ മുന്നൊരുക്കം നടത്തി ശക്തമായ ഇടപെടൽ നടത്തുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: മുന്നണിക്കുള്ളിൽ ചില പാർട്ടികളുടെ ലയനങ്ങൾക്കായി ശ്രമം നടക്കുന്നുണ്ടെന്നും പാർട്ടികളുടെ എണ്ണം കുറയുന്നത് നല്ലതാണെന്നും മുന്നണി കൺവീനർ ടി.പി രാമകൃഷ്ണൻ. വാർത്താസമ്മേളനത്തിൽ എൻ.സി.പിയുടെ രണ്ടായി പിളർന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടായിരുന്നു പ്രതികരണം. എൻ.സി.പിക്കുള്ളിൽ സംഘടനാപരമായി ചില പ്രശ്നങ്ങളുണ്ട്. ആ പ്രശ്നങ്ങൾ പരിഹരിക്കാൻ അവർ ശ്രമിക്കുന്നുമുണ്ട്. കഴിഞ്ഞകാലത്തെ സാഹചര്യങ്ങളും ഇപ്പോഴത്തെ അവസ്ഥയും പരിഗണിച്ച് വേറെ ‘കോമ്പിനേഷന്’ വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. പാർട്ടികളുടെ എണ്ണം കുറച്ചുകൊണ്ടുവരുന്നതിന് സഹായകരമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത് -അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച ചോദ്യങ്ങളിൽ മാധ്യമങ്ങളോട് കയർത്ത് ഇടതുമുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ. ഉപനേതൃപദവിയിൽ തീരുമാനമാകാത്തതിൽ പാർലമെന്ററി പാർട്ടി യോഗത്തിൽ സി.പി.ഐ പങ്കെടുക്കുന്നില്ലെന്നത് ചോദിച്ചപ്പോൾ ‘അതിന് നിങ്ങൾക്ക് എന്താ പ്രശ്നം’ എന്നായിരുന്നു മറുചോദ്യം.
ഒപ്പം ‘‘അങ്ങനെ ചെയ്തോളണം എന്ന് എവിടെയെങ്കിലും വ്യവസ്ഥയുണ്ടോ. പാർലമെന്ററി പാർട്ടി യോഗത്തിൽ ഒരു പാർട്ടി പങ്കെടുത്തില്ലെങ്കിൽ എങ്ങനെയാണ് പാർലമെന്ററി പ്രവർത്തനത്തെയാകെ ബാധിക്കുക. മുന്നണി യോഗത്തിൽ ഉപനേതൃ പദവി സംബന്ധിച്ച ഒരു ചർച്ചയുമുണ്ടായില്ല. അതിനപ്പുറമുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയണമെങ്കിൽ ബന്ധപ്പെട്ട പാർട്ടിയോട് നേരിട്ട് ചോദിക്കണം. ഇക്കാര്യത്തിൽ സി.പി.ഐ ആണ് മറുപടി പറയേണ്ടത്’’ ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.
ഉപനേതൃപദവിയിൽ സി.പി.ഐ അവകാശവാദമുന്നയിക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോൾ ‘‘അവർ ഒരു പാർട്ടിയല്ലേ, അവർ ഉന്നയിച്ചോട്ടെ’’ എന്നായി. പ്രതിപക്ഷം വേണ്ടത്ര പ്രവർത്തിക്കുന്നില്ലെന്ന് ഘടകകക്ഷികൾക്ക് അഭിപ്രായമുണ്ടെന്നത് ചൂണ്ടിക്കാട്ടിയപ്പോൾ ‘‘കേരളത്തിലെ പ്രതിപക്ഷം ആവും പോലെയെല്ലാം ചെയ്യുന്നുണ്ട്. കൺവീനറോട് ചോദിച്ചിട്ട് മറുപടി ഇല്ലെങ്കിൽ കൺവീനർ മോശമായി എന്ന് കൂട്ടിക്കോ. മുന്നണിയോഗം എൽ.ഡി.എഫിന്റെ കാര്യമാണ്. യോഗം എപ്പോൾ ചേരണം എപ്പോൾ ചേരേണ്ട എന്ന് തീരുമാനിക്കുന്നതും മുന്നണിയിലെ പാർട്ടികളാണ്. കടലിൽ പോയ ആളുകളെ തിരിച്ചു കിട്ടാതിരുന്നത് ഇടതുമുന്നണി യോഗം ചേരാതിരുന്നിട്ടാണോ’’ എന്നും ടി.പി. രാമകൃഷ്ണൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.