രണ്ടാം ഭൂപരിഷ്കരണത്തിന് തുടക്കമിടും -മുഖ്യമന്ത്രി

കളമശ്ശേരി: സംസ്ഥാനത്തെ ഭൂനിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തി രണ്ടാം ഭൂപരിഷ്കരണത്തിന് സർക്കാർ തുടക്കമിടുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറന്നുപ്രവർത്തിപ്പിക്കാനും അവിടെ കാർഷിക വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും കോട്ടംതട്ടാത്ത രീതിയിൽ ടൂറിസം, മൾട്ടി-ക്രോപ്പിംഗ് പ്രോത്സാഹിപ്പിക്കാനും നടപടിയുണ്ടാകും. കളമശ്ശേരിയിൽ സംസ്ഥാനതല കർഷക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭങ്ങളും കാരണം കടുത്ത പ്രതിസന്ധി നേരിടുന്ന കർഷകർ ഈ നാടിന്റെ നട്ടെല്ലാണെന്നും അവരെ ചേർത്തുപിടിച്ചുള്ള കാർഷിക നയങ്ങളും പദ്ധതികളുമായി സർക്കാർ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കാർഷികവൃത്തി തിരിച്ചുകൊണ്ടുവരാൻ ശക്തമായ പിന്തുണയാണ് സർക്കാർ ഉറപ്പുനൽകുന്നത്. അധികാരത്തിലേറി രണ്ടു മാസത്തിനുള്ളിൽ നെൽകർഷകരുടെ അധ്വാനഫലം ലഭ്യമാക്കാൻ നടപടിയെടുത്തു. റബ്ബർ വില 200ൽ നിന്ന് 250 രൂപയാക്കി. അത് ഉടൻ 300 രൂപയാക്കും. പ്രളയത്തിലും പ്രകൃതിക്ഷോഭങ്ങളിലും ഉണ്ടാകുന്ന കൃഷിനാശത്തിനുള്ള നഷ്ടപരിഹാര തുക 25 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്.

വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കാൻ സാങ്കേതികവിദ്യയുടെ സഹായം തേടും. കൃഷിനാശവും വന്യജീവി ഭീഷണിയും തടയാൻ നിർമിത ബുദ്ധി ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളും പ്രാചീന രീതികളും കോർത്തിണക്കും. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കാൻ മൂല്യവർദ്ധന നടത്തി ഉൽപ്പന്നങ്ങൾ ‘‘കേരള ബ്രാൻഡ്’’ എന്ന പേരിൽ വിപണിയിലിറക്കും. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി കുറഞ്ഞ ചെലവിലും വേഗത്തിലും ഇവ വിദേശത്തേക്ക് കയറ്റുമതി ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറിയും കാർഷികോത്പാദന കമ്മീഷണറുമായ മിൻഹാജ് ആലം സ്വാഗതം പറഞ്ഞു. മന്ത്രിമാരായ വി.ഇ. അബ്ദുൾ ഗഫൂർ, റോജി എം. ജോൺ, എം.പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, അഡ്വ. ഹാരിസ് ബീരാൻ, അഡ്വ. ജെബി മേത്തർ, അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, എം.എൽ.എമാരായ അൻവർ സാദത്ത്, ടി.ജെ. വിനോദ്, ഉമ തോമസ്, മാത്യു കുഴൽനാടൻ, മനോജ് മുത്തേടൻ, ടോണി ചമ്മണി, മുഹമ്മദ് ഷിയാസ്, ദീപക് ജോയ്, മേയർ അഡ്വ. മിനിമോൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്‌ണൻ, സ്പെഷൽ സെക്രട്ടറി ടി.വി സുഭാഷ്, ജില്ല കലക്ടർ, ജി. പ്രിയങ്ക, കളമശ്ശേരി മുനിസിപ്പൽ ചെയർമാൻ ജമാൽ മണക്കാടൻ, സാജു കെ. സുരേന്ദ്രൻ, പ്രൊഫ. എം. ജുനൈദ് ബുഷ്‌റി,റ്റി.എ. നവാസ്, ഷാജി കുറുപ്പശ്ശേരി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ പാരമ്പര്യ വിത്ത് സംരക്ഷകൻ ചെറുവയൽ രാമന് ഉമ്മൻ ചാണ്ടിയുടെ നാമധേയത്തിലുള്ള പ്രഥമ അവാർഡും മറ്റ് കർഷക അവാർഡുകളും മുഖ്യമന്ത്രി വിതരണം ചെയ്തു.

Tags:    
News Summary - Land Reforms, Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.