വിദ്യാർഥിയുടെ ആത്മഹത്യ: മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

കോതമംഗലം: തൂങ്ങി മരിച്ച എം.എ എൻജിനീയറിങ് കോളജ് വിദ്യാർഥി അരുണാചൽപ്രദേശ് സ്വദേശി മിച്ചി മർപ്പുവിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച വൈകീട്ടാണ് കോഴിപ്പിള്ളിയിലെ വാടകവീട്ടിൽ മിച്ചിയെ മരിച്ചനിലയിൽ കണ്ടത്. താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൊലീസ് ഞായറാഴ്ച പൂർത്തിയാക്കി. പിതാവ് മിച്ചി ഡുമ, ബന്ധു, അയൽവാസി എന്നിവർ ഞായറാഴ്ച വൈകുന്നേരം കോതമംഗലത്ത് എത്തിയിരുന്നു. തിങ്കളാഴ്ച കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വിമാനമാർഗമാണ് നാട്ടിലേക്ക് കൊണ്ടുപോയത്. അരുണാചൽകാരായ രണ്ട് വിദ്യാർഥികൾ അനുഗമിച്ചു.

മെഡിക്കൽ കോളജിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ വിദ്യാർഥികളും അധ്യാപകരും അന്തിമോപചാരം അർപ്പിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണും ഉപചാരം അർപ്പിച്ചു.

നാലാം സെമസ്റ്റർ പരീക്ഷയിൽ മാർക്ക് കുറയുകയും ഇയർ ബാക്ക് നേരിടുകയും ചെയ്തതിൽ വീട്ടുകാരെ അഭിമുഖീകരിക്കാൻ കഴിയാത്ത മനോവിഷമത്തിൽ ജീവനൊടുക്കുന്നുവെന്നാണ് ആത്മഹത്യ കുറിപ്പിലുള്ളതെന്ന് പൊലീസ് അറിയിച്ചു. ഗോത്രവിഭാഗക്കാരനായ മിച്ചി കേന്ദ്ര ക്വാട്ടയിലാണ് കോളജിൽ പ്രവേശനം നേടിയത്.

കോളജ് അധികൃതരുടെ തെറ്റായ നടപടികളെത്തുടർന്നുള്ള മാനസിക സമ്മർദം കാരണമാണ് ആത്മഹത്യയെന്ന് ആരോപിച്ച് വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. ചർച്ചയുടെ അടിസ്ഥാനത്തിൽ നൽകിയ ഉറപ്പുകൾ രേഖാമൂലം നൽകിയില്ലെങ്കിൽ വീണ്ടും സമരം ആരംഭിക്കുമെന്ന് വിദ്യാർഥികൾ അറിയിച്ചു.

Tags:    
News Summary - Student's suicide, body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.