തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് കാത്തുനിൽക്കാതെ സെക്രട്ടേറിയറ്റിലെ മന്ത്രി ഓഫിസുകളെല്ലാം ഒഴിയുന്നതിന്റെ മൂഡിൽ. തുടർഭരണം ലഭിച്ചാലും നിലവിലെ മന്ത്രിമാർക്ക് വീണ്ടും സ്ഥാനവും അതേ വകുപ്പും ഓഫിസും ലഭിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ സ്റ്റാഫുകൾ സ്വകാര്യ വസ്തുക്കളടക്കം മാറ്റി ഓഫിസ് ഒഴിയുന്ന തിരക്കിലാണ്.
മുഖ്യമന്ത്രിയും ഭൂരിപക്ഷം മന്ത്രിമാരും ഓഫിസിലെത്തുന്നില്ലെന്നാണ് സെക്രട്ടേറിയറ്റ് വൃത്തങ്ങൾ പറയുന്നത്. മന്ത്രിസഭായോഗവും ഉഷ്ണതരംഗം സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച യോഗവുമെല്ലാം ഓൺലൈനായാണ് നടന്നത്. തലസ്ഥാന ജില്ലയിലെ മന്ത്രിമാരായ വി. ശിവൻകുട്ടിയും ജി.ആർ. അനിലും മിക്ക ദിവസവും ഓഫിസിലെത്തുന്നുണ്ടെങ്കിലും കുറച്ചുസമയം മാത്രമാണ് ചെലവഴിക്കുന്നത്.
തെരഞ്ഞെടുപ്പിനുശേഷവും വാർത്തസമ്മേളനങ്ങളും രാഷ്ട്രീയ പ്രതികരണങ്ങളുമായി ശിവൻകുട്ടി സജീവമാണ്. മറ്റു പല മന്ത്രിമാരും തെരഞ്ഞെടുപ്പിനുശേഷം ഇടക്ക് ചില ദിവസങ്ങളിൽ മാത്രമാണ് ഓഫിസിൽ എത്തിയത്. കെ. രാജൻ ഉൾപ്പെടെ ചിലർ പാർട്ടി ഓഫിസിലാണ് വാർത്തസമ്മേളനം ഉൾപ്പെടെ നടത്തിയത്.
തെരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിൽ തിമിര ശസ്ത്രക്രിയയ്ക്കു പോയിരുന്നു. അതുകഴിഞ്ഞ് ബുധനാഴ്ച തലസ്ഥാനത്തെത്തിയ അദ്ദേഹം ക്ലിഫ്ഹൗസിൽ വിശ്രമത്തിലാണ്. തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹവും ഓഫിസിലെത്തിയിട്ടില്ല. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഭരണപരമായ നടപടികളൊന്നും ചെയ്യാനില്ലാത്തതിനാലാണ് മന്ത്രിമാർ ഓഫിസിലെത്താത്തതെന്നാണ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.