‘മെസ്സി ഗോളടിക്കുമ്പോൾ കറന്റ് പോയാൽ ഞാൻ വീട്ടിലെ ടി.വി അടിച്ചുപൊട്ടിക്കില്ലേ... എന്റെ മാനസികാവസ്ഥ എന്തായിരിക്കും’ -ബിനീഷ് കോടിയേരി

കണ്ണൂർ: സംസ്ഥാനത്ത് ജൂൺ 30 വരെ വൈദ്യുതി മുടക്കം ഏർപ്പെടുത്തുന്നതിനെതിരെ ബിനീഷ് കോടിയേരി. മെസ്സി ഗോളടിക്കുമ്പോൾ കറന്റ് പോയാൽ ഞാൻ വീട്ടിലെ ടിവി പോലും അടിച്ചു പൊട്ടിക്കില്ലേയെന്നും അത് സാഹചര്യങ്ങളുടെ വൈകാരികതയാണെന്നും ബിനീഷ് പറഞ്ഞു. ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ ഒറ്റക്ക് നിന്നാൽ അങ്ങനെ സംഭവിക്കുന്നു. ഫുട്ബോൾ പ്രേമികൾ എല്ലാവരും ചേർന്നു കളി കാണുമ്പോൾ, ആളുകൾ കൂട്ടത്തോടെ ഉള്ള സ്ഥലത്ത് ഇങ്ങനെ കറന്റ് പോയാൽ എന്തായിരിക്കും അവരുടെയൊക്കെ വൈകാരികത? എന്തായിരിക്കും അർജന്റീന ഫാൻസിന്റെ മാനസികാവസ്ഥ?

ഇന്നലെ ഞാൻ പോസ്റ്റ് ഇടാനുള്ള കാരണം, പോർച്ചുഗൽ കോംഗോ കളിയുടെ ഇടയിൽ കറന്റ് കട്ടായി. ഒരു 15 -20 മിനിറ്റ് കഴിഞ്ഞ് തിരിച്ചു വന്നു. മൊബൈലിൽ ഈ ആപ്പ് ഡൗൺലോഡ് ചെയ്തു വെച്ചതുകൊണ്ട് കളി കാണാൻ പറ്റി. പക്ഷെ ടിവിയിൽ മാത്രമുള്ള ആളുകൾ എന്ത് ചെയ്യും? ആ കളി അവർക്ക് മിസ്സ് ആയി പോകും. അപ്പോൾ പെട്ടെന്ന് വൈകാരിക പ്രകടനങ്ങളിലേക്ക് പോകും. അങ്ങനെ സംഭവിച്ചാൽ ക്രമസമാധാന പ്രശ്നത്തിലോട്ട് പോകും.

കാലടിയിൽ കുറച്ച് യുവാക്കൾ സ്ക്രീൻ ഒക്കെ റെഡിയാക്കി വെച്ചപ്പോഴാണ് കറന്റ് പോയത്. അവർ നേരെ കെഎസ്ഇബി ഓഫിസിൽ പോയി സംസാരിച്ചു. 2018ൽ ഇതേ കാലത്തായിരുന്നു വേൾഡ് കപ്പ്. എപ്പോഴും ഈ കലണ്ടർ സമയത്താണ് വേൾഡ് കപ്പ് വരാറുള്ളത്. നമ്മുടെ മഴക്കാല സമയത്താണ് വേൾഡ് കപ്പിന്റെ ഫിക്സ്ചർ വരാറുള്ളത്. ഈ സാഹചര്യത്തിൽ ഇങ്ങനെ വന്നതിന് എൽനിനോ പ്രതിഭാസം, 4712 മെഗവാട്ട്, 4715 മെഗവാട്ട് എന്നൊക്കെയുള്ള കണക്കുകൾ പറഞ്ഞാൽ ഒന്നും ഇവിടെയുള്ള ഫുട്ബോൾ ആരാധകർക്ക് അത്തരത്തിൽ എടുക്കാൻ കഴിയില്ല’ -ബിനീഷ് പറഞ്ഞു.

‘നിങ്ങൾ ആരും കളി കാണാൻ ശ്രമിക്കരുത്, നിങ്ങൾ ആരും കളി കാണണ്ട എന്ന് ഇൻഡയറക്റ്റ് ആയി പറയുകയാണ് കെഎസ്ഇബി ചെയ്യുന്നത്. 2018ലുള്ള കളിയുടെ ഫിക്സ്ചർ വന്നതൊക്കെ ​വൈകീട്ട് 7, 10, 11 മണിക്ക് ഒക്കെ ആയിരുന്നു. ആ സമയത്താണ് ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗം. അപ്പോഴൊന്നും കേരളത്തിൽ കറന്റ് കട്ട് ഉണ്ടായിട്ടില്ല. ഫുട്ബാൾ പ്രേമികളെ സർക്കാർ മാനിക്കണം’ -ബിനീഷ് ആവശ്യപ്പെട്ടു.

അതേസമയം, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യമാണുള്ളതെന്നാണ് കെ.എസ്​.ഇ.ബിയുടെ നിലപാട്. ബുധനാഴ്ച രാത്രി 7.31ന് ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകതയാണ് (4756 മെഗാവാട്ട്) രേഖപ്പെടുത്തിയത്. പീക്ക് മണിക്കൂറുകളിൽ വൈദ്യുതിനിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യമാണുണ്ടായതെന്നും​ കെ.എസ്​.ഇ.ബി അറിയിച്ചു.

രാത്രി 9.30 മുതൽ 10 വരെ 130 മെഗാവാട്ട്, 10 മുതൽ 11 വരെ 470 മെഗാവാട്ട്, 11 മുതൽ 12 വരെ 400 മെഗാവാട്ട്, 12 മുതൽ ഒന്നുവരെ 250 മെഗാവാട്ട് എന്നിങ്ങനെ വൈദ്യുതിലഭ്യതയിലുണ്ടായ കുറവ് പരിഹരിക്കാനാണ് നിയന്ത്രണം. കെ.എസ്.ഇ.ബി അണക്കെട്ടുകളുടെ സംഭരണശേഷിയുടെ 21.25 ശതമാനം മാത്രമേ വെള്ളമുള്ളൂ. കഴിഞ്ഞ കൊല്ലം ഇതേസമയം 47.22 ശതമാനം വെള്ളമാണ് ഉണ്ടായിരുന്നത്.

ജൂണിൽ പ്രതീക്ഷിച്ചിരുന്ന അളവിൽ മഴ ലഭിക്കാത്തതുകാരണമുണ്ടായ പ്രതിസന്ധിയാണിത്. എൽനിനോ പ്രതിഭാസത്തെത്തുടർന്ന് രാജ്യത്താകെ അന്തരീക്ഷ ഊഷ്മാവ് വർധിച്ചതിനാൽ ദേശീയതലത്തിൽ വൈദ്യുതി ലഭ്യതയിൽ ഗണ്യമായ കുറവ് നേരിടുകയാണെന്നും കെ.എസ്​.ഇ.ബി അറിയിച്ചു.

Full View

Tags:    
News Summary - 'If electricity goes off when Messi scores, imagine my mental state' - Bineesh Kodiyeri against KSEB powercut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.