എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ പരിരക്ഷ; ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യമേഖലയിൽ ചരിത്രപരമായ ചുവടുവെപ്പുമായി യു.ഡി.എഫ് സർക്കാർ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചു. ആരോഗ്യമേഖലയിലെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന ബജറ്റിൽ, ഈ പദ്ധതിക്കായി പ്രാഥമിക നടപടികൾക്കും ആരംഭ ചെലവുകൾക്കുമായി 10 കോടി രൂപ സർക്കാർ വകയിരുത്തി.

സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സർക്കാർ, സ്വകാര്യ ആശുപത്രികളിലായി ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സ ഉൾപ്പെടെ 25 ലക്ഷം രൂപ വരെ സൗജന്യമായി ലഭ്യമാക്കുന്ന സമഗ്ര ആരോഗ്യ പരിരക്ഷാ പദ്ധതിയാണിത്. ചികിത്സാ സഹായം തേടി ജനങ്ങൾ അലയേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനും, സാമ്പത്തിക പരാധീനതകൾ മൂലം ആർക്കും ചികിത്സ മുടങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തെ മുതിർന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി 'വയോജന വകുപ്പ്' രൂപീകരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം, സാമൂഹിക സുരക്ഷ, ഒറ്റപ്പെടൽ ഒഴിവാക്കൽ എന്നിവ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വയോധികർക്ക് ശാസ്ത്രീയമായ പരിചരണം ഉറപ്പാക്കാൻ 'കെയർ ഗിവർ പദ്ധതി' നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ആറ് മാസത്തെ സർക്കാർ അംഗീകൃത 'കെയർ ഗിവർ സർട്ടിഫിക്കറ്റ് കോഴ്സുകൾ' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

‘ജനങ്ങളെ ചേർത്തുപിടിച്ച ഉമ്മൻചാണ്ടിയുടെ പേരിൽ ഈ പദ്ധതി നടപ്പിലാക്കുന്നത് അദ്ദേഹത്തോടുള്ള ഏറ്റവും വലിയ ആദരവാണ്. കേരളത്തിലെ ഒരു കുടുംബത്തിനും ചികിത്സാ ചെലവ് കാരണം കടക്കെണിയിലാകേണ്ടി വരരുത് എന്ന കാഴ്ചപ്പാടാണ് ഈ ബജറ്റിന് പിന്നിലുള്ളത്’ മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. തിരുവനന്തപുരത്ത് രണ്ടാമതൊരു മെഡിക്കൽ കോളജും ഹരിപ്പാട് പുതിയ മെഡിക്കൽ കോളജും സ്ഥാപിക്കാൻ 100 കോടി രൂപ വകയിരുത്തി. തിരഞ്ഞെടുക്കപ്പെട്ട മെഡിക്കൽ കോളജുകൾക്ക് സ്വയംഭരണ പദവി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

സമ്പൂർണ്ണ ആരോഗ്യ സുരക്ഷയും വയോജനങ്ങളുടെ സാമൂഹിക സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന ഈ പ്രഖ്യാപനങ്ങൾ, സംസ്ഥാനത്തെ താഴേത്തട്ടിലുള്ള കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. വരും ദിവസങ്ങളിൽ പദ്ധതിയുടെ കൂടുതൽ മാർഗ്ഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കും.

മാരക രോഗം ബാധിച്ചവർക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും സഹായമെത്തിക്കാൻ സാങ്കേതികവിദ്യ ഉപയോഗിച്ച് 'വൺ കേരള കരുതൽ മിഷൻ' എന്ന പേരിൽ പുതിയ പ്ലാറ്റ്‌ഫോം വരുന്നു. ഒരു കോടി രൂപ വകയിരുത്തിയിട്ടുള്ള ഈ പദ്ധതി, ചികിത്സയും കുട്ടികളുടെ വിദ്യാഭ്യാസവും തടസ്സപ്പെടുന്ന കുടുംബങ്ങൾക്ക് നേരിട്ട് സഹായം നൽകുന്നതിനാണ് മുൻഗണന നൽകുന്നത്.

Tags:    
News Summary - Oommen Chandy to implement health insurance scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.