തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് (ഡി.എച്ച്.എസ്) ആസ്ഥാനത്ത് മുതിർന്ന ഉദ്യോഗസ്ഥർ തമ്മിലുള്ള കസേര തർക്കം നാടകീയ രംഗങ്ങൾക്കിടയാക്കി. മുൻ ഡി.എച്ച്.എസ് ഡോ. കെ.ജെ റീന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവുമായി സ്ഥാനമേൽക്കാൻ എത്തിയതും നിലവിലെ ഡി.എച്ച്.എസ് ഡോ. മീനാക്ഷി കസേര വിട്ടുനൽകാൻ കൂട്ടാക്കാത്തതുമാണ് നാടകീയ രംഗങ്ങൾക്കിടയാക്കിയത്. തർക്കം രൂക്ഷമായതോടെ പോലീസ് സ്ഥലത്തെത്തി.
യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം സ്ഥാനത്തുനിന്ന് മാറ്റിയ ഡോ. റീനക്ക് ഇന്നലെയാണ് ട്രൈബ്യൂണലിൽ നിന്ന് സ്ഥലം മാറ്റ ഉത്തരവിന് സ്റ്റേ ലഭിച്ചത്. ഇന്നലെ തന്നെ ഉത്തരവിന്റെ കോപ്പി ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നൽകിയിരുന്നു. തുടർന്നാണ് ഇന്ന് രാവിലെ ചുമതല ഏൽക്കാൻ ഡോ. കെ.ജെ റീന എത്തിയത്. എന്നാൽ നിലവിൽ ആസ്ഥാനത്ത് നിയമിച്ചിരിക്കുന്ന ഡോ. മീനാക്ഷി സ്ഥാനത്തുനിന്ന് മാറിക്കൊടുത്തില്ല. സർക്കാർ നിർദേശം വന്നാൽ മാത്രമേ കസേരയിൽ നിന്ന് മാറുകയുള്ളൂ എന്നാണ് ഡോ. മീനാക്ഷിയുടെ നിലപാട്. ഇതോടെ രണ്ട് ഉദ്യോഗസ്ഥരും മുഖാമുഖം ഇരുന്നു. രണ്ടുപേരും തമ്മിലുള്ള തർക്കം മൂർച്ഛിച്ചതോടെ ഓഫീസിനുള്ളിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. തുടർന്ന് ഡോ. മീനാക്ഷി പൊലീസിന്റെ സഹായം തേടുകയും തനിക്ക് ഔദ്യോഗിക കൃത്യനിർവഹണത്തിന് പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് പൊലീസ് സ്ഥലത്ത് എത്തിയത്. ട്രൈബ്യൂണൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവിറക്കിയാൽ മാത്രമേ ഡോ. റീനക്ക് ഡി.എച്ച്.എസ് ആയി ചുമതല ഏൽക്കാൻ കഴിയുള്ളൂ. എന്നാൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. രണ്ട് ദിവസത്തെ അവധിക്ക് അപേക്ഷിച്ച ഡോ.റീനയെ ഡിഎച്ച്എസ് സ്ഥാനത്ത് നിന്ന് മുന്നറിയിപ്പില്ലാതെ മാറ്റിയ സർക്കാർ നടപടി വൻ വിവാദമായിരുന്നു.
തുരപ്പൻ പണിയെടുക്കുന്ന ആരെയും ഈ കസേരയിൽ ഇരുത്തില്ലെന്നും റീന തുരപ്പൻ പണി നടത്തിയോ എന്ന് മേൽ കോടതിയിൽ പറഞ്ഞോളാമെന്നുമായിരുന്നു ആരോഗ്യമന്ത്രി കെ മുരളീധരൻ ഇന്നലെ ഇക്കാര്യത്തിൽ പ്രതികരിച്ചത്. സർക്കാരിനെ അനുസരിക്കാത്ത ഉദ്യോഗസ്ഥന്മാർ കെ മുരളിധരൻ ഇരിക്കുമ്പോൾ ആ കസേരയിൽ ഉണ്ടാകില്ല. സെൻകുമാറിനെ ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയപ്പോൾ പിണറായി രാജിവെച്ചോ? ഇത് തിരിച്ചടിയല്ല, മേലെ കോടതിയുണ്ടെന്നും മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.