വിനോദസഞ്ചാര മേഖലക്ക് 325.36 കോടി; എ.ഐ അധിഷ്ഠിത ഡിജിറ്റൽ ടൂറിസം മുതൽ തീർഥാടന ടുറിസം വരെ....

തിരുവനന്തപുരം: വിനോദസഞ്ചാര മേഖലക്ക് 325.36 കോടി വകയിരുത്തി 2026-2027 കേരള സംസ്ഥാന ബജറ്റ്. ഈ തുക വിനിയോഗിച്ച് പരമ്പരാഗത ടൂറിസം മേഖല മുതൽ ആധുനിക എ.ഐ അധിഷ്ഠിത ഡിജിറ്റൽ ടൂറിസം വരെ നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം. കൂടാതെ, വ്യവസായങ്ങൾക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ടൂറിസം മേഖലക്കും ലഭ്യമാക്കി ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി.

തോട്ടം മേഖലയെ ശക്തിപ്പെടുത്താൻ കൂടുതൽ സ്ഥലം ഏറ്റെടുത്ത് ടൂറിസത്തിനായി ഉപയോഗിക്കുന്ന വിധത്തിൽ ആവശ്യമായ നിയമഭേദഗതി കൊണ്ടുവരും. അതോടൊപ്പം, ആലപ്പുഴ ജില്ലയിൽ യു.പി.എ സർക്കാരിന്റെ കാലത്ത് കേന്ദ്ര സഹായത്തോടെ നടപ്പിലാക്കിയ മെഗാ ടൂറിസം സർക്യൂട്ട് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ടൂറിസം അമിനിറ്റി സെന്ററുകളും ഹൗസ്ബോട്ട് ടെർമിനലുകളും പരിഷ്‌ക്കരിച്ച് ഉപയോഗപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.

തീർഥാടന ടൂറിസം സർക്യൂട്ട് പദ്ധതിയാണ് സംസ്ഥാന സർക്കാർ മുന്നോട്ട് വെക്കുന്ന പ്രധാന ആശയം. ഇതിനായി, അർത്തുങ്കൽ ബസിലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കാക്കയം പള്ളി, മണ്ണാറശാല, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാനന്ദമയി മഠം, ഓച്ചിറ ക്ഷേത്രം തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയാണ് പദ്ധതി ആവിഷ്കരിക്കുന്നത്. കൂടാതെ, പാതിരാമണൽ ദ്വീപ് ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റർപ്ലാനോട് കൂടിയ പദ്ധതി നടപ്പിലാക്കും. ഒപ്പം മുഹമ്മ ജെട്ടിയിൽ നിന്നും ദ്വീപിലേക്ക് സഞ്ചാരികൾക്ക് വേണ്ടി 'റോപ്പ്‌വേ' സൗകര്യം ഏർപ്പെടുത്താനും പദ്ധതിയുണ്ട്.

സംസ്ഥാനത്തിന്റെ പൈതൃക മ്യൂസിയങ്ങൾ, പരമ്പരാഗത ജലപാതകളിലൂടെയുള്ള ബോട്ട് യാത്ര, ലൈവ് മ്യൂസിയങ്ങൾ, പുരാതന സ്മാരകങ്ങൾ എന്നിവ സംരക്ഷിക്കാൻ 19 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കൂടാതെ, ഫോർട്ട് കൊച്ചി, മൂന്നാർ, കോവളം, ആലപ്പുഴ എന്നീ വിനോദസഞ്ചാര മേഖലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ 'ഗ്രീൻ മാർഷൽ' പദ്ധതി ആവിഷ്ക്കരിക്കും. ഇതുവഴി സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കാൻ സർക്കാരിന് സാധിക്കും.

നിർമിത ബുദ്ധി (എ.ഐ) അധിഷ്ഠിത ഡിജിറ്റൽ ടൂറിസമാണ് സർക്കാരിന്റെ ഇത്തവണത്തെ സ്വപ്‍ന പദ്ധതി. എ.ഐ ഉപയോഗിച്ച് സ്മാർട്ട് ടൂറിസം അപ്ലിക്കേഷനുകൾ വികസിപ്പിച്ച് വിനോദസഞ്ചാര മേഖലയെ കൂടുതൽ സുതാര്യമാക്കും. ഇതിനോടൊപ്പം, ഇക്കോ, ജൈവ വൈവിധ്യ, കണ്ടൽക്കാട്, ഫാം, കാർഷിക, ഗ്രാമീണ ജീവിതാനുഭവ ടൂറിസത്തിനും പ്രാധാന്യം നൽകുമെന്ന് ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - 325.36 crores for the tourism sector; From AI-based digital tourism to pilgrimage tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.