ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പരിഷ്‌കരിക്കും, പൊതുഗതാഗത മേഖല സംരക്ഷിക്കും -വി.ഡി. സതീശൻ

തിരുവനന്തപുരം: 2026-2027 കേരള സംസ്ഥാന ബജറ്റിൽ പൊതുഗതാഗത സംരക്ഷണത്തിന് പ്രത്യേക പദ്ധതിയുമായി യു.ഡി.എഫ് സർക്കാർ. പൊതുഗതാഗത മേഖലയെ സംരക്ഷിക്കുന്നതിനായി സ്റ്റേറ്റ് കാരിയേജ് ബസുകളുടെ നിലവിലെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് അനുവദിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.

കേരളത്തിൽ വാഹനം രജിസ്റ്റർ ചെയ്യാൻ കൂടുതൽ ഓൾ ഇന്ത്യ ടൂറിസ്റ്റ് ബസുകൾ എത്തുന്നതിനും അന്തർ സംസ്ഥാന യാത്ര സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുമായി ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് (എ.ഐ.ടി.പി) ബസുകളുടെ ത്രൈമാസ നികുതി 50 ശതമാനം കുറക്കാനാണ് സർക്കാർ തീരുമാനം. ഇതനുസരിച്ച്, സീറ്റ് ഒന്നിന് നിലവിലെ നികുതി നിരക്ക് 2000 രൂപയിൽ നിന്നും 900 രൂപ വരെയായി കുറയാൻ സാധ്യതയുണ്ട്. കൂടാതെ, സ്ലീപ്പർ ക്ലാസ് ബസിന്റെ ബെർത്ത് ഒന്നിന് 3000 രൂപയുള്ള നികുതി നിരക്ക് 1500 രൂപയായും കുറയും.

സംസ്ഥാനത്ത് കൂടുതൽ ട്രെയിലർ വാഹനങ്ങളുടെ രജിസ്ട്രേഷനുകൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായും ത്രൈമാസ നികുതിയിൽ സ്ലാബുകൾ പരിഷ്‌ക്കരിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. അതിനാൽ, 20 ടണ്ണിന് മുകളിൽ ഭാരമുള്ള ട്രെയിലർ വാഹനങ്ങളുടെ അധിക നികുതി ചുമത്തിയിരുന്ന സ്ലാബ് സർക്കാർ ഒഴുവാക്കി. കൂടാതെ, 15 ടണ്ണിന് മുകളിൽ ഭാരമുള്ള വാഹനങ്ങളുടെ നികുതിയും ബജറ്റിലൂടെ സർക്കാർ കുറച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്റെ ബജറ്റിലെ മറ്റൊരു പ്രധാന ആകർഷണമാണ് ഇലക്ട്രിക് വാഹനങ്ങളുടെ നികുതിഘടന പരിഷ്‌ക്കരിക്കുന്നത്. 10 ലക്ഷം രൂപവരെയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് നിലവിൽ അഞ്ച് ശതമാനമാണ് നികുതി. ഇത് പരിഷ്‌ക്കരിച്ച് മൂന്ന് ശതമാനമാക്കി ഏകീകരിക്കും. ഇത് മിഡിൽ ക്ലാസ് കുടുംബങ്ങൾക്ക് പുതിയ വാഹനം വാങ്ങുന്നതിൽ ചെറിയൊരു ആശ്വാസം നൽകും. കൂടാതെ, 15 ലക്ഷം മുതൽ 20 ലക്ഷം രൂപവരെയുള്ള വാഹനങ്ങളുടെ നികുതി എട്ട് ശതമാനത്തിൽ നിന്നും അഞ്ച് ശതമാനമായി കുറച്ചിട്ടുണ്ട്. എന്നാൽ, 10-15 ലക്ഷം വരെ, 20-30, 30-40 ലക്ഷം വരെയുള്ള വാഹനങ്ങളുടെ നികുതിയിൽ മാറ്റമില്ല. അതേസമയം, 40 ലക്ഷത്തിന് മുകളിൽക്കുള്ള ഇലക്ട്രിക് വാഹനങ്ങളുടെ നികുതി 10 ശതമാനത്തിൽ നിന്നും 15 ശതമാനമായി വർധിപ്പിച്ചിട്ടുണ്ട്.

ഭിന്നശേഷിക്കാർക്ക് മോട്ടോർ വാഹന നികുതി ഇളവ് ലഭിക്കുന്ന വാഹനത്തിന്റെ മൂല്യപരിധി നിലവിലുള്ള ഏഴ് ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്. കൂടാതെ, കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ച ഇ-ചെല്ലാൻ ആംനസ്റ്റി പദ്ധതി (50% പിഴ മാത്രം അടക്കുന്ന ഇ-ചെല്ലാൻ) നടപ്പിലാക്കുമെന്നും വി.ഡി. സതീശൻ പ്രഖ്യാപിച്ചു. 

Tags:    
News Summary - V.D. Satheesan announced Public transport sector will be protected, taxes on electric vehicles will be revised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.