കോഴിക്കോട്: മലബാർ പ്ലസ് വൺ സീറ്റ് അവഗണനക്കെതിരെ ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ച് നാല് ദിവസം റിമാൻഡിലായിരുന്ന ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കൾക്ക് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് സഈദ് ടി.കെ, ജില്ല ഭാരവാഹികളായ മുജാഹിദ്, റഈസ്, അഫ്നാൻ, മുബശ്ശിർ, നിദാൽ സിറാജ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
ഇവർക്കെതിരെ 'പൊലീസിനെ അക്രമിച്ച പ്രതികൾ പിടിയിൽ' എന്ന തലക്കെട്ടിൽ കസബ പൊലീസ് വാർത്ത നൽകിയത് വിവാദമായിരുന്നു. ഇതിനെതിരെ ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി രംഗത്തുവരികയും പ്രവർത്തകരെ അപമാനിച്ച പൊലീസിനെതിരെ നിയമനടപടി കൈക്കൊള്ളുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
സമാധാനപരമായി നടത്തിയ സമരത്തെ മുൻകൂട്ടി ആസൂത്രണം ചെയ്തതുപോലെ ക്രൂരമായാണ് പൊലീസ് സമരത്തെ നേരിട്ടതെന്നും നേതാക്കൾ ആരോപിച്ചു. സ്‌റ്റേഷനിൽ എത്തിച്ചിട്ടും വളരെ മോശമായാണ് സമരപ്പോരാളികളോട് പെരുമാറിയത്. അവരെ സന്ദർശിക്കാനെത്തിയ സംസ്ഥാന നേതാക്കളടക്കമുള്ളവരോടും പൊലീസ് കയർത്ത് സംസാരിക്കുകയും സന്ദർശന വിലക്കുവരെ ഏർപ്പെടുത്തുകയും ചെയ്തുവെന്ന് സംഘടയുടെ നേതാക്കൾ കൂട്ടിച്ചേർത്തു.
അറസ്റ്റിലായവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നത് പോലും പരമാവധി വൈകിപ്പിക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചതെന്നും ഒടുവിൽ സ്‌റ്റേഷനിലെത്തിയ ഫ്രറ്റേണിറ്റി നേതാക്കൾ പ്രതിഷേധിച്ചതിനെ തുടർന്നാണ് തിങ്കളാഴ്ച്ച രാത്രി 11 മണിക്ക് പ്രവർത്തകരെ കോടതിയിൽ ഹാജരാക്കാൻ പൊലീസ് സന്നദ്ധമായത്.
ജാമ്യം ലഭിച്ചതിന് പിന്നാലെ ‘കസബ പൊലീസിന്റെ കള്ളക്കേസും നുണ പ്രചരണത്തെയും തള്ളിക്കളഞ്ഞ് മലബാർ വിദ്യാഭ്യാസ അവകാശ പോരാളികൾക്ക് കോടതി ജാമ്യം അനുവദിച്ചെന്നും പോരാട്ടങ്ങൾ തുടരുമെന്നും’ ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ ഫേസ്ബുക്കിൽ കുറിച്ചു. ഇന്ന് വൈകീട്ട് 4.30ന് നേതാക്കൾക്ക് സ്വീകരണം നൽകുമെന്ന് ജില്ല കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.