കൊല്ലം: പി.എം ശ്രീ വിവാദത്തിൽ സി.പി.ഐയുടെയും അനുബന്ധ സംഘടനകളുടെയും നേതാക്കളിൽനിന്നുണ്ടായ വാക്കുകളും പ്രതിഷേധങ്ങളും വിഷമിപ്പിച്ചെന്ന് മന്ത്രി വി. ശിവൻകുട്ടി. പി.എം ശ്രീ സംബന്ധിച്ച് വ്യാഴാഴ്ച രാവിലെ കൊല്ലത്ത് മാധ്യമങ്ങൾ ഉയർത്തിയ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിൽ ഉച്ചയോടെ വ്യക്തത വരുത്തുകയായിരുന്നു മന്ത്രി. രാവിലെ നടത്തിയ പ്രസ്താവന സി.പി.ഐക്കെതിരെ താൻ വിമർശനമുയർത്തി എന്ന തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടതോടെയാണ് വ്യക്തിപരമായി തനിക്കുണ്ടായ വിഷമമാണ് പറഞ്ഞതെന്ന വിശദീകരണവുമായി മന്ത്രി വീണ്ടും മാധ്യമങ്ങളെ കണ്ടത്. മന്ത്രി ജി.ആർ. അനിൽ തനിക്കെതിരെ പറഞ്ഞ കാര്യങ്ങൾ വിഷമമുണ്ടാക്കി.
എം.എ. ബേബിയെക്കുറിച്ച് പ്രകാശ് ബാബു പറഞ്ഞതും തനിക്ക് വേദനയുണ്ടാക്കി. എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് പ്രവർത്തകർ തനിക്കെതിരെ പ്രതിഷേധം നടത്തിയതും കോലം കത്തിച്ചതും വേദന ഉണ്ടാക്കിയതായും മന്ത്രി പറഞ്ഞു. സി.പി.ഐക്കെതിരെ തന്റെ ഭാഗത്തുനിന്ന് കടുത്ത വിമർശനം ഉണ്ടായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പി.എം ശ്രീ സംബന്ധിച്ച പ്രശ്നങ്ങൾ അവസാനിച്ചതായും ഉപസമിതി കാര്യങ്ങൾ തീരുമാനിക്കുമെന്നും മന്ത്രി രാവിലെ പറഞ്ഞിരുന്നു. കമ്യൂണിസ്റ്റ് പാർട്ടികൾ തമ്മിൽ തർക്കമുണ്ടാകുമ്പോൾ ഉപയോഗിക്കേണ്ട വാക്കുകളും നടത്തേണ്ട പ്രവൃത്തികളും സംബന്ധിച്ച് പക്വതയോടെ ചിന്തിക്കണമായിരുന്നു. ആർക്കും വേദനയുണ്ടാകുന്ന തരത്തിൽ ഒന്നും ഉണ്ടാകാൻ പാടില്ലായിരുന്നു. വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കുന്നത് എല്ലാവർക്കും നല്ലതാണ്.
വേദന തോന്നുന്ന തരത്തിലുള്ള പ്രതിഷേധം ഒരിക്കലും കമ്യൂണിസ്റ്റ് പാർട്ടികൾ തമ്മിൽ ഉണ്ടാകാൻ പാടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ വിശദീകരണം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.