പിഎം ശ്രീയും മദ്യനികുതിയും മുന്നണിയിൽ ചർച്ച ചെയ്തില്ലെന്ന് മുസ്‍ലിം ലീഗ് നേതാവ് പി അബ്ദുൽ ഹമീദ്; ‘അതിന്റെ​ പേരിൽ ഞങ്ങൾ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ കയറ്റുന്നില്ല’

മലപ്പുറം: പിഎം ശ്രീയും മദ്യത്തിന്റെ നികുതി ഇളവും സംബന്ധിച്ച് മുന്നണിക്കകത്ത് യാതൊരുവിധ ചർച്ചയും നടന്നിട്ടില്ലെന്ന് മുസ്‍ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ്. ഇക്കാര്യങ്ങളിൽ മുസ്‍ലിം ലീഗ് നേരത്തെ പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും പി.എം ശ്രീയിൽ മന്ത്രിസഭ ഉപസമിതിയുടെ തീരുമാനം പോസിറ്റീവ് ആകുമെന്നാണ് ശുഭാപ്തി വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

ചില പ്രത്യേക സാഹചര്യത്തിൽ മുഖ്യമന്ത്രി ഒറ്റക്ക് തീരുമാനം എടുത്തിട്ടുണ്ടാകാം. അതിന്റെ​ പേരിൽ ഞങ്ങൾ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ കയറ്റുന്നില്ല. മുസ്‍ലിം ലീഗിന് ഇതിലെല്ലാം അഭിപ്രായം ഉണ്ടെന്നും എന്നാൽ പരസ്യമായി വിഴുപ്പലക്കാൻ തയ്യാറല്ലെന്നും പി അബ്ദുൽ ഹമീദ് പറഞ്ഞു

‘എല്ലാ ബുദ്ധിമുട്ടും ഉണ്ടാക്കുന്നത് ഇടതുപക്ഷമാണ്, കഴിഞ്ഞ ഗവൺമെന്റ് ആണ് പി.എം ശ്രീയിൽ ഒപ്പിട്ടത്. നാഷനൽ എജുക്കേഷൻ പോളിസിയിൽനിന്ന് നമ്മൾ ഉദ്ദേശിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എങ്ങനെ കൊണ്ടുവരാൻ സാധിക്കും എന്ന കാര്യം നമ്മൾ പരിശോധിക്കുകയാണ്. അതിനുവേണ്ടിയാണ് മന്ത്രിസഭ ഉപസമിതിയെ ചുമതലപ്പെടുത്തിയത്. പി.എം ശ്രീ നടപ്പാക്കില്ല എന്ന് പറയാതിരിക്കാൻ കാരണം ചില സാങ്കേതിക പ്രശ്നങ്ങളാണ്. അതിന്റെ കുരുക്ക് എങ്ങനെ അഴിക്കാൻ സാധിക്കും എന്ന കാര്യം പരിശോധിക്കാനാണ് വിദ്യാഭ്യാസ മന്ത്രി കൺവീനർ ആയി മന്ത്രിസഭ ഉപസമിതിയെ നിശ്ചയിച്ചിരിക്കുന്നത്. ആ ഉപസമിതിയുടെ റിപ്പോർട്ട് വരട്ടെ. ഇതിൽ ആശങ്കക്കൊന്നും ഇടം ഉണ്ടാവില്ല.

മുസ്‍ലിം ലീഗ് അടക്കമുള്ളവരായിരുന്നു എൽഡിഎഫ് ഭരിക്കുന്ന സമയത്ത് പി.എം ശ്രീക്കെതിരെ രംഗത്ത് വന്നിരുന്നത്. ഇന്നും ആ നിലപാടിൽ തന്നെയാണ് മുസ്‍ലിം ലീഗ്. മാറ്റമൊന്നുമില്ല. അതുകൊണ്ടുതന്നെ അക്കാര്യത്തിൽ മന്ത്രിസഭ ഉപസമിതിയുടെ തീരുമാനം പുറത്തു വരട്ടെ. അതിനുശേഷം തീരുമാനം ഉണ്ടാകും. തീരുമാനം പോസിറ്റീവ് ആകും എന്നാണ് മുസ്‍ലിം ലീഗ് പ്രതീക്ഷിക്കുന്നത്. മറിച്ചാണെങ്കിൽ അപ്പോൾ ആലോചിക്കും.

മദ്യത്തിന് നികുതി ഇളവ് നൽകുന്നതും പി.എം ശ്രീയും മുന്നണിക്കകത്ത് ചർച്ച ചെയ്തിട്ടില്ല. നേരത്തെ തന്നെ മുന്നണിക്കകത്തും പാർട്ടിക്കകത്തും ചർച്ച ചെയ്യേണ്ട വിഷയങ്ങളാണ്. അത് ഉണ്ടായിട്ടില്ല എന്നതാണ് വ്യത്യസ്തമായ അഭിപ്രായങ്ങൾ വരാൻ കാരണം. ഇതിനൊക്കെ പരിഹാരം കാണും. ആ കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

കോൺഗ്രസിനകത്ത് തന്നെ വ്യത്യസ്തമായ നിലപാടുണ്ട്. മുസ്‍ലിം ലീഗിനും ഈ കാര്യത്തിൽ അഭിപ്രായമുണ്ട്. നമ്മൾ അത് പരസ്യമായിട്ട് വിഴുപ്പലക്കാൻ തയ്യാറല്ല. ഇത് മുന്നണിക്കകത്തും പാർട്ടിക്കകത്തും ചർച്ച ചെയ്യേണ്ട വിഷയങ്ങളാണ്. അതിന്റെ കുറവുണ്ടോ എന്ന് ഞങ്ങൾ സംശയിക്കുന്നുണ്ട്. ചില സന്ദർഭത്തിൽ ചില പ്രത്യേക സാഹചര്യം വെച്ച് കൂടിയാലോചന നടത്താതെ മുഖ്യമന്ത്രി ഒറ്റക്കൊരു തീരുമാനം എടുക്കുന്നുണ്ടാകാം. അതിന്റെ​ പേരിൽ ഞങ്ങൾ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ കയറ്റുന്നില്ല’ -അബ്ദുൽ ഹമീദ് പറഞ്ഞു.

Tags:    
News Summary - PM SHRI, liquor tax relief not discussed in front, says P Abdul Hameed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.