വയറ്റിലെ ‘കത്രിക’യുടെ എക്സ്റേയുമായി ഉഷ ജോസഫ്
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിൽ അഞ്ചുവർഷം മുമ്പ് ശസ്ത്രക്രിയക്ക് വിധേയായ ഉഷ ജോസഫിന്റെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ ഡോക്ടർ ജെ ഷാഹിദയെ പ്രതി ചേർക്കും. ഡോ. ഷാഹിദയാണ് ശസ്ത്രക്രിയ നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ശേഖരിച്ച ഡോ ഉഷ ജോസഫിന്റെ ചികിത്സാരേഖകളിൽ നിന്ന് ശസ്ത്രക്രിയ നടത്തിയ സംഘത്തിൽ 9 പേർ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഇവരുടെ മൊഴി രേഖപ്പെടുത്തും. അന്വേഷണത്തിന് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ് ഡി.എം.ഒ.ക്ക് അപേക്ഷ നൽകും. ഡോ. ജെ. ഷാഹിദയെയും നഴ്സ് പി.എസ്. ധന്യയെയും ആരോഗ്യ വകുപ്പ് അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തിരുന്നു.
അതേസമയം, ഉഷയുടെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഏഴ് സെന്റിമീറ്റർ നീളമുള്ള കത്രിക ശാസ്ത്രീയ പരിശോധനക്ക് അയക്കും. കത്രികയുടെ കാലപ്പഴക്കം കണ്ടെത്തുക നിർണായകമാണ്. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ഐ.സി.യുവിൽ നിരീക്ഷണത്തിൽ തുടരുന്ന ഉഷയുടെ ആരോഗ്യ നില തൃപ്തികരമാണ്.
പുന്നപ്ര സ്വദേശിയായ ഉഷ അഞ്ച് വർഷം മുമ്പാണ് ഗർഭാശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് വിധേയയത്. ശസ്ത്രക്രിയക്കിടെ ഉഷയുടെ വയറ്റിൽ കത്രിക കുടുങ്ങുകയായിരുന്നു. കെ.സി. വേണുഗോപാൽ ഇടപെട്ടാണ് ഉഷയെ അമൃത ആശുപത്രിയിലേക്ക് മാറ്റിയത്.
കോവിഡ് കാലമായതിനാൽ ജീവനക്കാരുടെ എണ്ണം കുറവായിരുന്നുവെന്നും പി.പി.ഇ കിറ്റും ഷീൽഡും ധരിച്ചാണ് മെഡിക്കൽ സംഘം അന്ന് ശസ്ത്രക്രിയ നടത്തിയതെന്നും പരിമിതികളിൽ നിന്നും കാര്യങ്ങൾ നന്നായി ചെയ്തുവെന്നാണ് ഡോക്ടർമാരും നഴ്സുമാരും മുമ്പ് അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. എന്നാൽ, ടീം വർക്കിന്റെ കാര്യത്തിൽ വീഴ്ചയുണ്ടായെന്നും ഇത് സംഭവിക്കാൻ പാടില്ലാത്തതുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഡോ. ലളിതാംബികയുടെ യൂനിറ്റിന് കീഴിൽ അസിസ്റ്റന്റ് ഡോ. ഷാഹിദയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ ടീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.