മരട് അനീഷ്
കൊച്ചി: കേരളത്തിലും തമിഴ്‌നാട്ടിലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാനേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ. നെടുമ്പാശ്ശേരിക്കു സമീപം സ്പാ കേന്ദ്രത്തിൽ അതിക്രമിച്ചു കയറി ജീവനക്കാരെയും ഉടമയെയും ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
സ്പായിൽ എത്തി അതിക്രമം കാണിച്ച സംഭവത്തിന് ശേഷം കേരളത്തിൽ നിന്ന് മൈസൂരുവിലേക്ക് കാർ മാർഗം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസിന്റെ ആസൂത്രിത നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. കേരളത്തിൽ മാത്രം അമ്പതിലധികം വധശ്രമം, ഗുണ്ടാ പിരിവ്, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള കടുത്ത ക്രിമിനൽ കേസുകളിൽ പ്രതിയാണ് മരട് അനീഷ്. തമിഴ്‌നാട്ടിൽ അന്തർസംസ്ഥാന സ്വർണക്കവർച്ച ഉൾപ്പെടെയുള്ള ഒട്ടനവധി കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്.
പ്രതിയെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് നെടുമ്പാശ്ശേരി പൊലീസ് അറിയിച്ചു. ഇയാൾക്കൊപ്പം ഒളിവിൽ പോകാൻ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
ഈ വർഷം ആദ്യം, പൊലീസിനെ ഭീഷണിപ്പെടുത്തിയതിന് എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മരട് അനീഷിനെ പിടികൂടിയിരുന്നു. ഹണി ട്രാപ്പ് കേസിലെ പ്രതിയെ തേടിയെത്തിയപ്പോൾ മുളവുകാട് പൊലീസ് അനീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ തുടർച്ചയായി സമൻസ് അയച്ചിട്ടും പ്രതി കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പിടിയിലായത്. തുടർന്ന്, ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.
കഴിഞ്ഞ വർഷം വിയൂർ സെൻട്രൽ ജയിലിൽ കഴിയവെ അനീഷിനെ വധിക്കാൻ ശ്രമം നടന്നിരുന്നു. ഇതിൽ അമ്പായത്തോട് അഷ്റഫ്, ഹുസൈൻ കൊച്ചി എന്നിവർ പൊലീസിന്‍റെ പിടിയിലായി. അനീഷ് നടത്തിയ ക്വട്ടേഷനുമായി ബന്ധപ്പെട്ട കുടിപ്പകയുടെ ഭാഗമായാണ് ഈ വധശ്രമം ഉണ്ടായതെന്നും പൊലീസ് പറയുന്നു.
ഒളിവിലായിരുന്ന മരട് അനീഷിനെ അന്വേഷിച്ച് തമിഴ്നാട് പൊലീസ് കേരളത്തിലെത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.