തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലി മുന്നണിയിലെ തർക്കത്തിൽ ഇനി മുട്ടുമടക്കേണ്ടെന്ന് സി.പി.ഐ. വിഷയം അനിശ്ചിതമായി തുടരുന്ന ഘട്ടത്തിൽ അനുനയവും ചർച്ചയുമാണ് പ്രതീക്ഷിച്ചതെങ്കിലും പ്രതിപക്ഷ നേതാവ് പിണറായി വിജയനിൽനിന്ന് പരിഹാസം ഏറ്റുവാങ്ങേണ്ടിവന്ന സാഹചര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് പാർട്ടിയിലെ പൊതുവികാരം. മുന്നണിയിലെ നിയമസഭ പ്രാതിനിധ്യമടക്കം പിടിവള്ളിയാക്കിയാണ് സി.പി.ഐ നീക്കങ്ങൾ. ഘടകകക്ഷികളായി പത്തോളം പേരുണ്ടെങ്കിലും ആർ.ജെ.ഡിയുടെ ഒരംഗത്തെ മാറ്റിനിർത്തിയാൽ സി.പി.എമ്മിനും സി.പി.ഐക്കും മാത്രമാണ് നിയമസഭ പ്രാതിനിധ്യമുള്ളത്. മറ്റുള്ളവരിൽ അധികം താരതമ്യേന ചെറുകക്ഷികളും.
ഈ ഘട്ടത്തിൽ സി.പി.ഐ ഉയർത്തുന്ന കലാപക്കൊടി സി.പി.എമ്മിന് മുമ്പത്തേതുപോലെ അവഗണിച്ച് തള്ളാനാവില്ല. 100 ലേറെ അംഗങ്ങളുള്ള യു.ഡി.എഫിനെ നേരിടാനുള്ള മുന്നണി സംവിധാനങ്ങൾ ട്രാക്കിലെത്താത്ത സാഹചര്യത്തിൽ വിശേഷിച്ചും. മറുഭാഗത്ത് സി.പി.ഐയാകട്ടെ, മുമ്പ് കേരള കോൺഗ്രസ് (മാണി) വിഭാഗത്തെ മുൻനിർത്തി തങ്ങളെ ഒതുക്കാനുള്ള സി.പി.എം നീക്കങ്ങൾക്കുള്ള പ്രതികാരം കൂടിയായാണ് പ്രതിപക്ഷ ഉപനേതൃപദവിയെ കാണുന്നത്.
ഇടതുമുന്നണിയിലെത്തിയ ശേഷം തങ്ങളാണ് എൽ.ഡി.എഫിലെ രണ്ടാം കക്ഷിയെന്ന കേരള കോൺഗ്രസിന്റെ അവകാശവാദങ്ങളെ സി.പി.എം നിശ്ശബ്ദമായി പ്രോത്സാഹിപ്പിച്ചതായി സി.പി.ഐ കരുതുന്നു. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പോടെ മാണി കോൺഗ്രസ് സംപൂജ്യരായി. പ്രതിപക്ഷത്താണെങ്കിലും തങ്ങളാണ് മുന്നണിയിൽ രണ്ടാം സ്ഥാനക്കാരെന്ന് ജനവിധിയിലൂടെ സാക്ഷ്യപ്പെടുത്തിയ സി.പി.ഐ, സീറ്റെണ്ണം കൂടി മുൻനിർത്തിയാണ് ഉപനേതൃസ്ഥാനത്തിന് നിലപാട് കടുപ്പിക്കുന്നത്.
പാർലമെന്ററി ജനാധിപത്യ സംവിധാനത്തിലെ പൊതുതത്ത്വമനുസരിച്ച്, ഒരു മുന്നണിയിൽ കൂടുതൽ സീറ്റുകളുള്ള രണ്ടാമത്തെ കക്ഷിക്ക് ഉപനേതൃസ്ഥാനത്തിന് സ്വാഭാവിക അർഹതയുണ്ടെന്നാണ് സി.പി.ഐ നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. യു.ഡി.എഫ് പ്രതിപക്ഷത്തിരുന്ന കാലങ്ങളിലെല്ലാം വലിയ കക്ഷിയായ കോൺഗ്രസ് പ്രതിപക്ഷ നേതൃസ്ഥാനം വഹിക്കുമ്പോൾ, രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗിന് ഉപനേതൃസ്ഥാനം നൽകാറുണ്ട്. മുന്നണി മര്യാദയുടെ ഈ മാതൃകയും കീഴ്വഴക്കവും എൽ.ഡി.എഫിലും നടപ്പാക്കണമെന്നാണ് സി.പി.ഐ ആവശ്യപ്പെടുന്നത്. ഉപനേതൃസ്ഥാനം ഔദ്യോഗികമായി നിയമസഭ ചട്ടങ്ങളിൽ കൃത്യമായി നിർവചിക്കപ്പെട്ട കാബിനറ്റ് പദവിയല്ല. പലപ്പോഴും മുന്നണിയിലെ രാഷ്ട്രീയ ധാരണകളുടെ അടിസ്ഥാനത്തിലാണ് ഇത് പ്രഖ്യാപിക്കാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.