തിരുവനന്തപുരം: നിയമസഭ മെമ്പേഴ്സ് ലോഞ്ചിന്റെ പരിപാലന ചുമതലയിൽനിന്ന് ഊരാളുങ്കൽ ലേബർ സൊസൈറ്റിയെ ഒഴിവാക്കുന്നു. പകരം നിയമസഭക്കുള്ളിലെ മരാമത്ത് വിഭാഗത്തിനാണ് ചുമതല. ഇടതുസർക്കാർ കാലത്ത് അനുവദിച്ച കരാറുകളിൽ നിന്നാണ് നിയമസഭ പിൻമാറിയത്. ഡാറ്റ സെന്ററിന്റെ വാർഷിക പരിപാലന ചുമതലയിൽനിന്നും ഊരാളുങ്കലിനെ ഒഴിവാക്കി. പകരം കെൽട്രോണിനാണണ് നൽകിയത്. ഇതോടൊപ്പം, കോടികൾ ചെലവഴിച്ചു നിയമസഭ മന്ദിര പരിസരം നവീകരിക്കാൻ വിവിധ കരാറുകാർക്കായി അനുവദിച്ച പദ്ധതി നിർത്തിവെക്കാൻ നിയമസഭ സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്.
മുൻ സ്പീക്കറുടെ കാലത്ത് 2025 ഏപ്രിൽ ഏഴിന് ചേർന്ന യോഗത്തിൽ മെമ്പേഴ്സ് ലോഞ്ചിന്റെ പൂർണമായ മേൽനോട്ടം നിയമസഭ സമുച്ചയത്തിലെ പൊതുമരാമത്ത് വിഭാഗം നിർവഹിക്കണമെന്ന് നിർദേശിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോഴത്തെ തീരുമാനം. തുടർന്നുള്ള യോഗങ്ങളിൽ ലോഞ്ചിലെ ഇലക്ട്രിക്കൽ, മെക്കാനിക്കൽ സംവിധാനങ്ങളുടെ തകരാറുകൾ പരിഹരിച്ച് പരിപാലന ചുമതല കൈമാറ്റം വേഗത്തിലാക്കാനും ആവശ്യപ്പെട്ടു. എന്നാൽ, തകരാറുകൾ പരിഹരിക്കാത്തതിനാൽ മെമ്പേഴ്സ് ലോഞ്ച് കൈമാറിയിരുന്നില്ല.
ലോഞ്ചിന്റെ പരിപാലനം മരാമത്ത് വകുപ്പ് ഏറ്റെടുക്കാതിരുന്നതിനാൽ ഇവിടെ സംഘടിപ്പിക്കുന്ന പരിപാടികളുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങളുടെ സാങ്കേതിക സഹായം മറ്റൊരു സർവിസ് പ്രൊവൈഡറാണ് നൽകിയത്. നിശ്ചയിച്ചിരുന്ന സർവിസ് കാലാവധി പൂർത്തിയായതിനെ തുടർന്ന് ഈ ഏജൻസി തുടർസേവനത്തിന് പ്രതിദിന പ്രതിഫലം ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ പുസ്തകോത്സവം, ലോക കേരളസഭ തുടങ്ങിയ പരിപാടികളുടെ സേവനങ്ങൾക്ക് 53,100 രൂപ ചെലവായി. നിലവിൽ ലോഞ്ചിലെ എൽ.ഇ.ഡി വാൾ, സ്റ്റേജ് മൂവിങ് ഹെഡ് ഷാർപ്പി ലൈറ്റ് എന്നിവയുടെ തകരാറുകളാണ് പരിഹരിക്കാനുള്ളത്. ഇത് പൂർത്തിയാക്കി മരാമത്ത് വിഭാഗത്തിന് കൈമാറാനാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.