തിരുവനന്തപുരം: പകർച്ചവ്യാധി നിയന്ത്രണത്തിൽ ശ്രദ്ധയൂന്നുന്ന ആരോഗ്യമേഖലക്ക് വെല്ലുവിളിയുയർത്തി വയറിളക്ക രോഗം. 2015 മുതൽ ഇതുവരെ 5.32 ലക്ഷത്തിലധികം പേർക്കാണ് സംസ്ഥാനത്ത് വയറിളക്കം ബാധിച്ചത്. കുഞ്ഞുങ്ങളടക്കം 80 പേർ മരിച്ചു. ഈ വർഷം ഇതുവരെ 3,36,341 പേർക്ക് വയറിളക്കം ബാധിച്ചു, ഏഴുപേർ മരിച്ചു. ദിവസം ശരാശരി 3000 ലധികംപേരെങ്കിലും വയറിളക്കം ബാധിച്ച് ചികിത്സതേടുന്നെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. വൃത്തിയുടെ കാര്യത്തിൽ ഒന്നാമതെന്ന് അവകാശപ്പെടുന്ന നാട്ടിലാണ് വൃത്തിഹീനമായ സാഹചര്യത്തിൽ ഉണ്ടാകുന്ന രോഗം പ്രായഭേദമന്യേ പിടിപെടുന്നത്.
പല സംസ്ഥാനങ്ങളിലും അഞ്ചുവയസിൽ താഴെയുള്ള കുട്ടികളുടെ മരണത്തിന് പ്രധാനകാരണങ്ങളിലൊന്ന് വയറിളക്കമാണ്. വേനൽക്കാലത്തും മഴക്കാലങ്ങളിലുമാണ് വയറിളക്കരോഗം കൂടുതലായി കണ്ടുവരുന്നത്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഇടപഴകുക, ഭക്ഷണം കഴിക്കുംമുമ്പ് കൈകൾ വൃത്തിയായി കഴുകാതിരിക്കുക, ഈച്ച മുതലായ പ്രാണികളുടെ സാന്നിധ്യമുള്ള ഇടങ്ങളിൽ ഭക്ഷണം തുറന്നുവെക്കുക തുടങ്ങിയവയാണ് രോഗത്തിന് പ്രധാനകാരണം. കൂടുതൽ തവണ മലവിസർജനം നടത്തുന്നതുവഴി സംഭവിക്കുന്ന നിർജലീകരണമാണ് അപകടാവസ്ഥയിലെത്തിക്കുന്നത്. ഒ.ആർ.എസ്, സിങ്ക് ഗുളികകൾ എന്നിവയുടെ ഉപയോഗത്തിലൂടെ അപകടാവസ്ഥ ഒഴിവാക്കാം. വയറിളക്കത്തിന് സമാനമായ രോഗാവസ്ഥയാണ് ഷിഗല്ലെ.
വയറിളക്കം വൈറസ് രോഗമാണെങ്കിൽ ഷിഗല്ലെ ബാക്ടീരിയ മൂലം ഉണ്ടാകുന്നതാണ്. മലിനമായ വെള്ളവും ഭഷണവുംതന്നെയാണ് ഇതിനും കാരണം. ജലജന്യരോഗങ്ങളുടെ പട്ടികയിൽനിന്ന് നിർമാർജനം ചെയ്യപ്പെട്ട രോഗങ്ങളാണ് പൂർവാധികം ശക്തിയോടെ ഇപ്പോൾ തിരിച്ചുവരുന്നത്. വയറിളക്കം നിർമാർജനം ചെയ്യാൻ 2025 ജൂൺ, ജൂലൈ മാസങ്ങളിൽ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി ‘സ്റ്റോപ്പ് ഡെയറിയ കാമ്പയിൻ’ സംഘടിപ്പിച്ചിരുന്നു. ഇതിൽ കാര്യമായ പുരോഗതിയുണ്ടായില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.