മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; മുൻസിഫ് കോടതി ഉത്തരവ് ഹൈകോടതി മരവിപ്പിച്ചു

കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പര്യത്തുകാവ് ഉന്നതിയിലെ കോളനി കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ മുൻസിഫ് കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നത് ഹൈകോടതി തടഞ്ഞു. പ്രശ്നപരിഹാരത്തിന്‍റെ ഭാഗമായി ഒരുവർഷത്തിനകം കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് വീട്വെച്ചു നൽകുന്നതടക്കം ഇതുസംബന്ധിച്ച കരാർ സർക്കാർ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്നാണ് ഒരുവർഷത്തേക്ക് മുൻസിഫ് കോടതി ഉത്തരവ് മരവിപ്പിച്ച് ജസ്റ്റിസ് ടി.ആർ. രവി ഉത്തരവിട്ടത്.

കുടിയൊഴിപ്പിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാനും ഒരുവർഷത്തിനകം ഇവർക്ക് സ്പോൺസർഷിപ്പിലൂടെ വീട് വെച്ചുനൽകാനും സർക്കാർ മുൻകൈയെടുത്ത് തയാറാക്കിയ കരാർ ഹൈകോടതിയിൽ സമർപ്പിച്ചിരുന്നു. പര്യത്തുകാവിലെ സ്വകാര്യഭൂമിയിൽ കാലങ്ങളായി താമസിക്കുന്ന ഏഴു പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനാണ് സുപ്രീംകോടതി ഉത്തരവുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിൽ എത്രയും വേഗം കുടിയൊഴിപ്പിക്കലിനുള്ള നടപടിക്ക് മുൻസിഫ് കോടതിയും നിർദേശിച്ചു.

ഇത് ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്ന് നടപടികൾക്ക് സാവകാശം തേടി തെരഞ്ഞെടുപ്പുകാലത്ത് എറണാകുളം റൂറൽ എസ്.പിയും എസ്.എച്ച്.ഒയും ഹൈകോടതിയെ സമീപിച്ചു. പിന്നീടാണ് പുതിയ സർക്കാർ ഇടപെട്ട് ഒത്തുതീർപ്പുണ്ടാക്കിയത്. ഇത് കണക്കിലെടുത്ത കോടതി ഹരജിയിലെ തുടർ നടപടികൾ അവസാനിപ്പിച്ചു. അതേസമയം, കരാർ ലംഘനമുണ്ടായാൽ സ്ഥലമുടമകൾക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.

Tags:    
News Summary - Malayidathuruthu eviction; High Court stays Munsiff Court order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.